ആദ്യ വരവ് അതിഗംഭീരം; മൂന്നിനങ്ങളിൽ വിജയനൃത്തം ചവിട്ടി ജ്യോതിക

കൊല്ലം: ആദ്യമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയ ജ്യോതികയ്ക്ക് നൃത്തയിനങ്ങളില്‍ മൂന്ന് എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പിടി, കേരള നടനം, ഭരതനാട്യം എന്നിവയിലാണ് കണ്ണൂര്‍ ചെമ്പിലോട് എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയായ ജ്യോതിക പ്രകാശ് സി.ആര്‍. 'എ' ഗ്രേഡ് നേടി തിളക്കമേറിയ പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞവര്‍ഷവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇതേയിനങ്ങളില്‍ യോഗ്യത നേടിയിരുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനായി ന്യൂ ഡല്‍ഹിയില്‍ പോയതിനാല്‍ കലോത്സവത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍ ഇക്കൊല്ലം കലോത്സവത്തിലെ പ്രധാന മൂന്നിനങ്ങളിലും എ ഗ്രേഡ് നേടി 'വിജയനൃത്തം നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോതിക.
കുച്ചുപ്പിടിയില്‍ ഡോ.സജേഷ് എസ്. നായര്‍, കേരള നടനത്തില്‍ ആശിഷ് പി.വി,ഭരതനാട്യത്തില്‍ ഡോ.ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണി എന്നിവരാണ് ഗുരുക്കള്‍.ചെമ്പിലോട് എച്ച്.എസ്.എസ്. സ്‌കൂളിലെ തന്നെ പ്രധാനാധ്യാപകനായ കെ.പ്രകാശന്‍ മാസ്റ്ററാണ് അച്ഛന്‍. അമ്മ സി.ആര്‍. വിനീത തളാപ്പ് എസ്.എന്‍.വിദ്യാമന്ദിറിലെ അധ്യാപികയാണ്. സഹോദരി ഗോപിക പ്രകാശും ജില്ലാതല കലോത്സവങ്ങളില്‍ പ്രസംഗം, മോണോ ആക്ട്, കവിതാരചന എന്നിവയില്‍ വിജയിയായിട്ടുണ്ട്. അമ്മ വിനീതയുടെ അനുജത്തിയും ചെമ്പിലോട് സ്‌കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപികയുമായ സംഗീത നിശാന്തും ജ്യോതികക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു.
Content Highlights: school kalolsavam 2024 jyothika kuchipudi bharatanatyam kerala nadanam