നാലുമണിക്കൂര്‍ മേക്കപ്പ്, സീതയായി സ്റ്റേജിലെത്തി രാഖിന്‍ മനം കവര്‍ന്നു

#ജോർജ് സക്കറിയ
സീതാവേഷത്തിൽ തനിക്കുതന്നെ കത്തയയ്ക്കുന്ന മുട്ടറ എച്ച്.എസ്.എസിലെ രാഖിൻ രവീന്ദ്രൻ
സീതാവേഷത്തിൽ തനിക്കുതന്നെ കത്തയയ്ക്കുന്ന മുട്ടറ എച്ച്.എസ്.എസിലെ രാഖിൻ രവീന്ദ്രൻ

‘പ്രിയ രാഖിൻ, ഞാൻ ഇപ്പോൾ സീതാവതാര രൂപത്തിലാണ്. ശരിയായ എന്നെ കാണാൻ നീ മായക്കണ്ണാടിയിൽ നോക്കുക...' എന്ന്, രാഖിൻ (ഒപ്പ്)

കുച്ചിപ്പുഡി വേദിയെ വിസ്മയംകൊള്ളിച്ച പ്രകടനത്തിനുശേഷം കൊല്ലം മുട്ടറ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ രാഖിൻ രവീന്ദ്രൻ തനിക്കുതന്നെ അയച്ച കത്തിലെ വരികളാണിവ. 50 പൈസ വിലയുള്ള ഈ പോസ്റ്റ് കാർഡ് രാഖിന്റെ കൊട്ടാരക്കര കുടവട്ടൂരിലെ വീട്ടിൽ എത്തുമ്പോൾ അതു വായിക്കുക പുരുഷരൂപത്തിലുള്ള രാഖിൻ ആയിരിക്കും.

ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുഡി മത്സരത്തിൽ സീതയുടെ വേഷം കെട്ടിയാടിയശേഷം, ആ 'കൂടുവിട്ടു കൂടുമാറ്റം' എക്കാലവും ഓർത്തിരിക്കാനാണ് രാഖിൻ ഇത്തരമൊരു കത്തെഴുതിയത്.

14 പേർ പങ്കെടുത്ത മത്സരത്തിൽ രാഖിൻമാത്രമാണ് സ്ത്രീവേഷം കെട്ടി വേദിയിൽ എത്തിയത്. കാണികൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും കുച്ചിപ്പുഡി മത്സരത്തിൽ ഇത്‌ അനുവദനീയമാണെന്ന് അറിഞ്ഞതോടെ സംശയം വിസ്മയത്തിനു വഴിമാറി. മികച്ച പ്രകടനത്തിനുശേഷം വേദിവിട്ടിറങ്ങിയ രാഖിനൊപ്പം സെൽഫിയെടുക്കാൻ സഹമത്സരാർഥികളും കാണികളും മത്സരിച്ചു.

കിഷൻ സഞ്ജീവ്കുമാർ ഉണ്ണിയാണ് രാഖിന്റെ ഗുരു. ആദ്യമായാണ് രാഖിൻ സ്ത്രീവേഷത്തിൽ നൃത്തം അവതരിപ്പിക്കുന്നത്. സൂരജ് കോട്ടയം, ജനീഷ് എന്നീ ചമയക്കാർ ചേർന്നു നാലുമണിക്കൂറോളം എടുത്താണ് രാഖിനെ സീതയായി മാറ്റിയത്.

Content Highlights: Ragin kuchipudi competitior school kalolsavam 2024