എലി വാറ്റ് അടിക്കുന്ന സാഡിസ്റ്റ് പുരുഷുപ്പൂച്ച; നാടകവേദിയെ ഇളക്കിമറിച്ച് ഓസ്കാർ പുരുഷു

പുരുഷു പൂച്ച നാടകം അവതരിപ്പിച്ച വിദ്യാർത്ഥികൾ | Photo : Saran Bare
പുരുഷു പൂച്ച നാടകം അവതരിപ്പിച്ച വിദ്യാർത്ഥികൾ | Photo : Saran Bare

കൊല്ലം: തട്ടിൻപുറത്തെ എലികളെ മൃഗീയമായിക്കൊന്ന് അതിനെ വാറ്റാക്കി മാറ്റി അടിച്ചും കുടിച്ചും ജീവിതം ആസ്വദിക്കുന്ന സാഡിസ്റ്റ് ആയിരുന്നു പുരുഷു പൂച്ച. തന്റെ സാഡിസത്തിൽ എന്നെന്നും അഹങ്കരിക്കുന്ന പുരുഷു പൂച്ച ആൺ അധികാരത്തിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയായിരുന്നു. തന്റെ വെളുത്ത നിറവും ശക്തിയും എന്തിനെയും കാൽക്കീഴിൽ ആക്കുക എന്നത് അഭിമാനമായി കണ്ടിരുന്ന പുരുഷു പൂച്ചയെ  വാറ്റ് അടിപ്പിച്ച് ഓഫാക്കി കിടത്തി കഴുത്തിൽ മണികെട്ടുന്നിടത് തുടങ്ങുന്നു ഓസ്കാർ പുരുഷു എന്ന നാടകം. മണികെട്ടിയതിനു ശേഷമുള്ള പൂച്ചകളുടെയും എലികളുടെയും ജീവിതം എന്ന വീരാൻകുട്ടി മാഷിൻറെ കവിതയാണ് കോഴിക്കോട് തിരുവങ്ങൂര്‍ സ്കൂളിലെ കുട്ടികൾ ഓസ്കാർ പുരുഷുവാക്കി വേദിയിൽ എത്തിച്ചത്. മണികെട്ടിയതോടെ പൂച്ചയുടെയും എലികളുടെയും ജീവിതം മാറുന്നതാണ് കഥാസാരം.

പുരുഷു പൂച്ചയുടെ കഴുത്തിൽ മണികെട്ടിയത് തങ്ങളെ കൊന്ന് വാറ്റാക്കി അടിക്കുന്ന സാഡിസ്റ്റ് പുരുഷുവിന്റെ അഹങ്കാരം ശമിപ്പിക്കാം എന്നാണ് എലികൾ കരുതിയതെങ്കിൽ അത് എലികളുടെ ജീവിതം തന്നെ അസഹ്യമാക്കുകയായിരുന്നു. മണിയടിച്ചു മണിയടിച്ച് എലികളുടെ ഉറക്കം നഷ്ടപ്പെട്ടതോടെ ഒരു വേള എലികൾ തോറ്റു പോകുന്നിടത്ത് എത്തിയെങ്കിലും അവരുടെ സംഘബലത്തിനു മുന്നിൽ പുരുഷു പൂച്ചയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. കറുത്തവാവിന്റെ അന്ന് താൻ സമാധി ആകും എന്നും സ്വാമിയായി മാറിയ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അന്ന് തട്ടിൽ പുറത്ത് എത്തണമെന്നും പുരുഷു പൂച്ച ആവശ്യം ഉന്നയിച്ചതോടെ എലികൾ കൂട്ടമായി തട്ടിനു പുറത്തെത്തുകയായിരുന്നു. പക്ഷേ ഈ ട്രാപ്പ് തിരിച്ചറിഞ്ഞ എലികളും കറുത്ത നിറം കൊണ്ട് മാത്രം തങ്ങളെ മാറ്റി നിർത്തിയ കറുമ്പി പൂച്ചകളും യഥാർത്ഥത്തിൽ സാഡിസ്റ്റ് പുരുഷുനെ കുരുക്കാൻ ഒരുമിച്ച് കൈകോർക്കുകയും ചെയ്തു.

എലികളെ വാറ്റാക്കി മാറ്റാനുള്ള പുരുഷു പൂച്ചയുടെ പദ്ധതിയെ ഇവർ സംഘബലത്താൽ തോൽപ്പിക്കുന്നു. ഒടുവിൽ പെൺപടയ്ക്കു മുന്നിൽ പുരുഷു പൂച്ചയ്ക്ക് പരാജയം സമ്മതിക്കേണ്ടി വരുന്നു. എന്നും കറുപ്പിനെയും പെൺ വർഗ്ഗത്തെയും അടിമകളായി കാണുന്ന ആൺ അധികാരത്തിനെതിരെ സ്കൂൾ കുട്ടികൾ എയ്തുവിടുന്ന പരിഹാസ ശരങ്ങൾ ആകുന്നു ഓസ്കാർ പുരുഷു എന്ന നാടകം.

മണികെട്ടിയതിനുശേഷം മറ്റൊരു ശത്രുവിന്റെ തങ്ങളുടെ വർഗ്ഗത്തെ തന്നെ ഇല്ലാതാക്കുന്ന പുതിയ ശത്രുവായി പുരുഷു പൂച്ച മാറിയതോടെ തോറ്റോടിയാൽ ഈ ലോകം മുഴുവൻ നമ്മൾ ഓടേണ്ടി വരും എന്നും പ്രതിരോധിക്കാൻ ഒന്നിക്കണമെന്നും ഉള്ള എലികളുടെ സംഘടിത ശക്തിയാണ് ഓസ്കാർ പുരുഷുവിന്റെ ഹൈലൈറ്റ്സ്. ആണ്‍ അധികാരത്തിനെതിരെ പെൺപടയുടെ ശക്തിയെ ഈ നാടകം കൃത്യമായി ഓർമ്മിപ്പിക്കുന്നു. കോഴിക്കോട് സ്കൂളിലെ ഒരുകൂട്ടം പെൺകുട്ടികൾ മാത്രം അടങ്ങിയ സംഘമാണ് ഓസ്കാർ പുരുഷുവില്‍ വേഷമിട്ടിരിക്കുന്നത്. കവി വീരാൻ കുട്ടിയുടെ കവിതയ്ക്ക് ശിവദാസ് കാവിൽ ആണ് സംവിധാനം നിർവഹിച്ചത്. ശിവദാസ് കാവിന്റെ മകൾ  ദലയാണ് നാടകത്തിൽ ഓസ്കാർ പുരുഷുമായി വേഷമിട്ടത്. 

അഭിനേതാക്കൾ:
ദല ആർ.എസ്
കീർത്തന.എസ്.ലാൽ 
ആയിഷ ഹെബാൻ ടി.വി 
ലക്ഷ്മിപ്രിയ
ശ്രീപാർവതി
ലിയാന ബീവി 
ശിവാനി ശിവപ്രകാശ് 

പിന്നണിയിൽ 
ദൃഷാസായി 
വിശാല്‍. വി 
അർജുൻ ബാബു

പിന്നണി ഗാനം 
നിവേദ്യ സുരേഷ്
ഋതുനന്ദ എസ് ബി
വൈഗ സിദ്ധാർത്ഥ്.എ. എം
ലക്ഷ്മി പ്രിയ
സഹസംവിധാനം:സനിലേഷ് ശിവൻ
രംഗകല,വേഷം:നിധീഷ് പൂക്കാട്, ഹാറൂൺ അൽ ഉസ്മാൻ 
ക്രിയേറ്റീവ് സപ്പോർട്ട്:
അനീഷ് അഞ്ജലി

Content Highlights: purushu poocha drama school kalolsavam 2024