കഥകളിയോട് പുതുതലമുറ അകന്നുനിൽക്കുകയാണോ? ന്യൂജൻ ആകണോ കഥകളി...?

കേരളത്തിന്റെ തനതു കലയായ കഥകളിയോട് പുതുതലമുറ അകന്നു നിൽക്കുന്നു എന്ന പ്രചാരണം ഏറെക്കാലമായുണ്ട്. കലോത്സവ നഗരിയിൽ കഥകളി വേദിയിൽ ആസ്വാദകരുടെ കൂട്ടം എന്നൊന്നു പറയാൻ തന്നെയില്ല. പുതിയ ആട്ടക്കഥകളും പുതിയ പഠിതാക്കളും പുതിയ ഗുരുക്കന്മാരും ഉണ്ടാകുമ്പോൾ കഥകളി ഇല്ലാതാകുന്നുവെന്ന് എങ്ങനെ പറയുമെന്ന് മറുചോദ്യവും ഉയരുന്നു. കഥകളിയെ ന്യൂജൻ ആക്കാൻ എന്തു മാർഗ്ഗമെന്ന ചോദ്യത്തോട് കഥകളി കലാകാരൻമാരുടെയും വിദ്യാർഥികളുടെയും പ്രതികരണം ഇങ്ങനെ
ന്യൂജൻസ് കഥകളി പഠിക്കട്ടെ
കഥകളി ന്യൂജൻ ആവുകയല്ല വേണ്ടത്, ന്യൂജൻസിനെ കഥകളി പഠിപ്പിക്കുകയാണ് വേണ്ടത്. എല്ലാവരെയും കഥകളി പഠിപ്പിക്കാൻ കഴിയില്ല. എന്നാൽ കഥകളി ആസ്വദിക്കേണ്ടതെങ്ങനെ എന്നു സ്‌കൂളുകളിൽ പഠിപ്പിക്കണം. മുദ്രകളും രസങ്ങളും ഭാവങ്ങളുമെല്ലാം ചെറുക്ലാസ്സുകളിൽ തന്നെ അറിയണം. ഇതിനായിൽ കഥകളി കലാകാരന്മാരുടെ സേവനം സ്‌കൂളുകളിൽ ലഭ്യമാക്കണം. കലാ അധ്യാപകർ കഥകളി ഉൾപ്പടെയുള്ള കലകളുടെ ആസ്വാദകരെങ്കിലും ആയിരിക്കണം. കഥകളി സമ്പ്രദായമാണ് അതിന്റെ സൗന്ദര്യം. അതു മനസ്സിലാക്കി പുതുതലമുറ കഥകളിയിലേക്കെത്തുക തന്നെ ചെയ്യും.
(കലാമണ്ഡലം പ്രേകുമാർ, ചേലിയം കഥകളി വിദ്യാലയം. കോഴിക്കോട്)
സ്വത്വം നഷ്ടപ്പെടുത്തിയുള്ള കളി വേണ്ട
കഥകളി ന്യൂജൻ ആക്കിയാൽ സ്വത്വം നഷ്ടപ്പെട്ടു പോകും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇപ്പോൾ തന്നെ കഥകളിയിൽ ഉണ്ടായിട്ടുണ്ട്. ചുട്ടികുത്തിലും ഉടുത്തു കെട്ടിലും മുമ്പുണ്ടായിരുന്ന സമയത്തിന്റെ പകുതി മതി ഇപ്പോൾ. കഥ മൊത്തമായി പഠിക്കുന്നതിൽ നിന്നും പ്രധാന ഭാഗങ്ങൾ മാത്രം പഠിക്കുന്നതിലേക്കെത്തി. ന്യുജൻ ആക്കാൻ വേണ്ടി കഥകളി ചിട്ടകളിൽ വെള്ളം ചേർക്കാൻ കഴിയില്ല. അങ്ങനെ ആയാൽ കഥകളി മറ്റെന്തോ ആയി പോകും.
(കലാമണ്ഡലം വെങ്കിട്ട രമണൻ, കല്ലേകുളങ്ങര പാലക്കാട്)
കാലത്തിന്റേതായ മാറ്റങ്ങളുണ്ട്
ഒരു തലമുറ ചിട്ടപ്പെട്ടുത്തിയതാണ് കഥകളിയിലെ സമ്പ്രദായങ്ങൾ, അത് എങ്ങനെ ന്യൂജൻ ആക്കാൻ കഴിയുമെന്നറിയില്ല. കഥകളിയോട് താത്പര്യക്കുറവുണ്ടാകുന്നില്ല. ആൺകുട്ടികൾ കുറവാണെങ്കിലും പെൺകുട്ടികൾ ഈ രംഗത്തേക്കു ധാരാളമായി കടന്നു വരുന്നു. മൊബൈൽ ഫോണിന്റെ ഈ യുഗത്തിൽ ജീവിതരീതിയും ഇഷ്ടങ്ങളും മാറി. അതിനൊത്തു മാറാൻ കഥകളിക്കു കഴിയില്ല. എങ്കിലും കാലഘട്ടത്തിന്റേതായ ചില മാറ്റങ്ങൾ കഥകളിയിലും കണ്ടു തുടങ്ങിയിട്ടുണ്ട്.
(മിഥുൻ മുരളി, കഥകളി കലാകാരൻ, എറണാകുളം)
പഠിതാക്കൾക്കനുസരിച്ചു രീതികൾ മാറണം
കാലത്തിനനുസരിച്ച് കഥകളി മാറില്ല, എന്നാൽ പഠിതാക്കൾക്കനുസരിച്ചു രീതികൾ മാറണം. പഴയതു പോലെ ഗുരുകുല സമ്പ്രദായത്തിൽ കഥകളി പഠനം സാധ്യമല്ല. വിദ്യാർഥികളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ചു കഥകളി പഠിക്കാൻ കഴിയണം. പുതിയ തലമുറയുടെ ഇഷ്ടങ്ങളിൽ കഥകളിയും ഉൾപ്പെടണമെങ്കിൽ അവരുടെ സൗകര്യങ്ങളും കണക്കിലെടുക്കണം. വലിയ മാറ്റമാണ് കഥകളിയോടുള്ള സമീപനത്തിൽ പുതുതലമുറയിൽ ഉണ്ടാകുന്നത്. കഥകളി പഠിക്കാൻ തയ്യാറായി ധാരാളം പെൺകുട്ടികൾ എത്തുന്നത് സാമൂഹിക മാറ്റത്തിന്റെ സൂചന കൂടിയാണ്.
(കലാമണ്ഡലം അതുൽ, മാർഗ്ഗി കഥകളി വിദ്യാലയം, തിരുവനന്തപുരം)
കഥകളി സമ്പൂർണ്ണ കല, മാറ്റം സാധ്യമല്ല
കഥകളിയിലെ പ്രധാന ആകർഷണം വേഷമാണ്. വേഷം കാണുന്നതിലുള്ള കൗതുകമാണ് കഥകളി കാണാൻ എത്തുന്നവരിൽ ഭൂരിഭാഗത്തിനുമുള്ളത്. വേഷത്തിനും അപ്പുറം കഥകളി ആസ്വദിക്കണമെങ്കിൽ മുദ്രകളും കഥയും അറിയണം. ആസ്വാദകർക്കനുസരിച്ചു മാറാൻ കഥകളിക്കു കഴിയില്ല. പൂർണ്ണമായും ക്ലാസിക് കലയാണ് കഥകളി. കഥകളിയുടെ രീതികൾക്കു മാറ്റം സാധ്യമല്ല. ചിട്ടവട്ടങ്ങളിലുള്ള പൂർണതയാണ് കഥകളിയുടെ സൗന്ദര്യം. ന്യൂജൻ വത്കരിക്കാനുള്ള ഒരു സാധ്യതയും കഥകളിയില്ല. സ്ഥാനം കൊണ്ടും മുദ്ര കൊണ്ടും ഭാവം കൊണ്ടും മനസ്സിലാക്കാൻ കഴിയാത്ത ഒരു മുദ്രകളും കഥകളിയിൽ ഇല്ല. ഇതു മനസ്സിലാക്കി തന്നെ കഥകളി പഠിക്കാൻ പുതിയ തലമുറ തയ്യാറാകുന്നുണ്ട്.
കലാമണ്ഡലം ഹരിനാരായണൻ
(കഥകളി കലാകാരൻ, തൃശൂർ)
നിർബന്ധത്താൽ പഠിക്കാവുന്നതല്ല
ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി പഠിക്കാവുന്ന ഒന്നല്ല കഥകളി. അങ്ങനെ പഠിക്കാനും കഴിയില്ല. മത്സരത്തിനു വേണ്ടിയാണ് കഥകളി പഠിച്ചതെങ്കിലും ഇപ്പോൾ ഭയങ്കര ഇഷ്ടമാണ്. ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് കഥകളി പഠനത്തിൽ കൂടുതൽ. ചിട്ടവട്ടങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. അറിഞ്ഞു പഠിക്കുമ്പോഴാണ് കഥകളിയുടെ സൗന്ദര്യം ഉൾക്കൊള്ളാൻ കഴിയുന്നത്.
(ആദിത്യ വിനോദ്, കഥകളി വിദ്യാർഥി. സെന്റ് മേരീസ് എച്ച്.എസ്.എസ്. എറണാകുളം)
അത്ര ന്യൂജൻ ആകേണ്ട
കഥകളി പഠിച്ചത് സ്വന്തം ഇഷ്ട പ്രകാരം തന്നെയാണ്. നിലവിലുള്ള ചിട്ടകളിലും രീതികളിലും മാറ്റം വരുത്തേണ്ടതില്ല. കലയെ സ്‌നേഹിക്കുന്നവർക്ക് അതിന്റെ സമ്പ്രദായങ്ങളും സ്വീകരിക്കാൻ കഴിയണം. ന്യൂജൻ ആക്കാൻ വേണ്ടി കഥകളിയിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ല.
(ലക്ഷ്മി നിരഞ്ജന, കഥകളി വിദ്യാർഥി, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്. കണ്ണൂർ)
കഥകളിയോട് ഇഷ്ടക്കേടില്ല
ഗുരു ചേമഞ്ചേരിയോടുള്ള ആരാധനയാൽ കഥകളി പഠിക്കാൻ തുടങ്ങിയതാണ്. കൂട്ടുകാർക്കെല്ലാം കഥകളി ഇഷ്ടമാണ്. വലുതായി ആസ്വദിക്കാൻ അറിയില്ലെങ്കിലും പറഞ്ഞു നൽകിയാൽ അവർ ഉൾക്കൊള്ളും. കഥകളിയോട് ആർക്കും ഇഷ്ടക്കേടില്ല. കഥകളി എന്താണെന്നും മനസ്സിലാക്കിയാൽ തന്നെ കൂടുതൽ വിദ്യാർഥികൾ കഥകളി പഠിക്കാനെത്തും
ഋതുനന്ദ (കഥകളി വിദ്യാർഥിതിരുവങ്ങൂർ എച്ച്.എസ്.എസ്. കോഴിക്കോട്)
വിദ്യാർഥികളിൽ അവബോധം ഉണ്ടാകണം
കഥകളി പഠിക്കാൻ താത്പര്യം ഉണ്ടാകണമെങ്കിൽ കഥകളി എന്താണെന്ന അവബോധം ഉണ്ടാക്കണം. എല്ലാവർക്കും കഥകളി ഇഷ്ടമാണെങ്കിലും ആസ്വദിക്കാൻ കഴിയാത്തത് മനസ്സിലാക്കാനുള്ള ക്ഷമയില്ലാത്തതിനാലാണ്. കഥകളിയുടെ മഹത്വം കലാമേന്മയും മനസ്സിലാക്കാൻ പുതു തലമുറയ്ക്കും കഴിയും അതിനുള്ള അവബോധം അവരിൽ ഉണ്ടാക്കണമെന്നും മാത്രം.
ലക്ഷ്മിഭദ്ര കെ.ബി(കഥകളി വിദ്യാർഥി, സി.എം.എസ്.എച്ച്.എസ്.എസ്., തൃശൂർ)
Content Highlights: new generation kathakali, kerala school kalolsavam