അഞ്ചുനാൾ മാത്രം നീണ്ട പരിശീലനം, പിന്നീടെല്ലാം ഒറ്റയ്ക്ക്; കലോത്സവത്തിലേക്ക്‌ എത്തിയ മിടുക്കന്‍മാര്‍

#സായുജ് സഞ്ജീവന്‍
എസ്.ബി. ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശ്ശേരിയിലെ കോൽക്കളി സംഘം
എസ്.ബി. ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശ്ശേരിയിലെ കോൽക്കളി സംഘം

കൊല്ലം: ആളും ആരവവും നിറഞ്ഞ കോൽക്കളി വേദി. എല്ലാ സംഘങ്ങൾക്കും ഒപ്പം പ്രോത്സാഹനത്തിന് നിരവധിപ്പേർ. ഇതിനിടയിൽ രണ്ട് അധ്യാപകർക്കും പരിശീലകനുമൊപ്പം ഒരു ടീം. ചങ്ങനാശ്ശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. അവരുടെ സംസ്ഥാനതലത്തിലേക്കുള്ള യാത്ര 'ഒറ്റയ്ക്കായിരുന്നു'.

ചങ്ങനാശ്ശേരി ഉപജില്ലാ മത്സരത്തിനും കോട്ടയം ജില്ലാ കലോത്സവത്തിനും എതിരാളികൾ ആരുമില്ലാതെ അവർ കൊല്ലത്തെത്തി. അതുവരെയുള്ള പരിശീലനം തീർത്തും ഒറ്റയ്ക്കെന്ന് പറയാം. ഉപജില്ലയ്ക്കും ജില്ലയ്ക്കും സ്കൂളിലെ അധ്യാപികയുടെ പരിചയത്തിലുള്ള ആദിത്യൻ ബിനു എന്നയാൾ കോൽക്കളിയുടെ ബാലപാഠങ്ങൾ അവരെ പഠിപ്പിച്ചു. ജില്ലയിൽ രണ്ട് ടീം മത്സരത്തിന് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവർ മാത്രമേ മത്സരത്തിനെത്തിയുള്ളു.

സംസ്ഥാനതലത്തിലേക്ക് യോഗ്യത കിട്ടിയതോടെ കോഴിക്കോടുള്ള കോൽക്കളി കലാകാരൻ ഹനീഫയെ പരിശീലനത്തിനായി എത്തിച്ചു. വെറും അഞ്ചുനാൾ മാത്രം നീണ്ട പരിശീലനം. പിന്നീടെല്ലാം കുട്ടികൾ ഒറ്റയ്ക്ക്. 

കൊല്ലത്തേക്കുള്ള യാത്ര ഇവർക്ക് സ്വപ്നതുല്യമായിരുന്നു. ഗ്രേഡ് നേടിയാൽ ഇരട്ടി മധുരം. എസ്.ആർ. കാർത്തിക്ക്, ആൽബിൻ ആൽബർട്ട്, ആഷ്റോൺ സജി, ആൽബിൻ ജോസഫ്, വിക്ടർ സാബു, അലൻ ജോസ് ബാബു, മിക്കി ദേശ്മുഖ്, ക്രിസ് ബാബു എബ്രഹാം സന്തോഷ്‌, ജെസ് വി. മാർട്ടിൻ, ആൽഫിൻ അനീഫ്‌, ക്രിസ്റ്റി ജോസഫ്, ഹരികൃഷ്ണൻ ബി. നായർ എന്നിവരാണ് സംഘത്തിലുള്ളത്. അധ്യാപികമാരായ സിസ്റ്റർ ബ്ലെസി, കെ.ജി. ബിനു എന്നിവർക്കൊപ്പമാണ് ഇവർ കൊല്ലത്തെത്തിയത്. 

Content Highlights: kolkali team from changanassery school kalolsavam kollam