'നിസ്സാരകാര്യങ്ങൾക്കുപോലും പ്രശ്നമുണ്ടാക്കുന്നയിടം'; മുൻവിധികളെ തകർത്ത് കൊല്ലം

നിസ്സാരകാര്യങ്ങൾക്കുപോലും പ്രശ്നമുണ്ടാക്കുന്നയിടം എന്നൊരു പൊതുബോധം കൊല്ലത്തിനെതിരായി ഉയർന്നുവരുന്ന സമയത്താണ് കേരള സ്കൂൾ കലോത്സവം ഇവിടേക്കെത്തുന്നത്. എന്നാൽ മുൻവിധികളെയെല്ലാം തകർത്ത് ഗൗരവമായ ഒരു പരാതിപോലും അവശേഷിപ്പിക്കാതെ കലോത്സവത്തിന് കൊല്ലം ആതിഥേയത്വം വഹിച്ചു.
ഭക്ഷണം, താമസം, ഗതാഗതം തുടങ്ങി സബ്കമ്മിറ്റികളെല്ലാം ഒന്നിനൊന്ന് മികച്ച സംഘാടനം കാഴ്ചവെച്ചു. വലിയ ജനപങ്കാളിത്തവുമുണ്ടായി. അധ്യാപകസംഘടനകൾ നേതൃത്വം വഹിച്ച വിവിധ കമ്മിറ്റികളുടെ കൈ മെയ് മറന്നുള്ള പ്രയത്നം കൊല്ലത്തിനു സമ്മാനിച്ചത് എന്നും അഭിമാനിക്കാനൊരു കലോത്സവമാണ്.
വേദികൾ തമ്മിലുള്ള ദൂരം പ്രശ്നം സൃഷ്ടിക്കുമെന്നു കരുതിയിരുന്നെങ്കിലും ഒഴിവില്ലാതെ ഓടിയ കലോത്സവ വണ്ടികളും സൗജന്യ ഓട്ടോ സർവീസുമൊക്കെ ആശങ്കകൾ അസ്ഥാനത്താക്കി. വിവാദങ്ങളിൽനിന്നു മാറിനടന്ന കലോത്സവംകൂടിയായി കൊല്ലത്തേത്. കഴിഞ്ഞതവണ ഏറെ വിവാദമായ ഭക്ഷണക്കലവറയിൽനിന്ന് ഇത്തവണ അപശബ്ദങ്ങളൊന്നുമുണ്ടായില്ല.
കലോത്സവത്തിനു വേദിയായി തീരുമാനിച്ച സമയത്ത് ജില്ലയ്ക്ക് സ്ഥിരം വിദ്യാഭ്യാസ ഓഫീസർപോലുമുണ്ടായിരുന്നില്ല. പിന്നീടാണ് പരീക്ഷാഭവൻ മുൻ സെക്രട്ടറി കെ.ഐ.ലാലിനെ വിദ്യാഭ്യാസ ഓഫീസറായി നിയമിച്ചത്. തൊട്ടുപിന്നാലെ ജില്ലാ സ്കൂൾ ശാസ്ത്രമേളയും സ്കൂൾ കലോത്സവവും നടത്തി.
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നതിനാൽ വളരെ നേരത്തേതന്നെ ജില്ലാ കലാമേള നടത്താൻ കഴിഞ്ഞത് നേട്ടമായി. ജില്ലാ മേളയുടെ സമയത്ത് അഭിപ്രായഭിന്നതയിലായിരുന്ന അധ്യാപകസംഘടനകളെ സംസ്ഥാനമേളയിൽ ഒരു ചരടിൽ കോർത്തുനിർത്താൻ സാധിച്ചെന്നതും എടുത്തുപറയേണ്ട നേട്ടമാണ്. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സംഘാടനമികവ് പ്രകടമായ കലോത്സവമാണ് കൊടിയിറങ്ങിയത്. മുൻ കലോത്സവങ്ങളിൽനിന്നു വ്യത്യസ്തമായി വളരെ നേരത്തേ സമയക്രമവും വേദികളും നിശ്ചയിച്ചു.
അവസാനനിമിഷം കൊല്ലം എസ്.എൻ.കോളേജിലെ വേദി മാറ്റേണ്ടിവന്നിട്ടും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ഡിസംബർ അവസാനദിവസങ്ങൾമുതൽ മന്ത്രി ബാലഗോപാൽ കൊല്ലത്തുതന്നെ തങ്ങി ഏകോപനച്ചുമതല ഏറ്റെടുത്തു. വിദ്യാഭ്യാസവകുപ്പിനു പുറമേ മറ്റ് സർക്കാർ വകുപ്പുകളുടെ ഏകോപനവും അദ്ദേഹം നിർവഹിച്ചു.
Content Highlights: kerala school kalolsavam kollam