കലോത്സവ വിജയം; മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സംഘാടന മികവിൽ കൊല്ലം

കലോത്സവത്തിന്റെ വിജയത്തിൽ പ്രകടമായത് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സംഘാടന മികവ്. മുൻ കലോത്സവങ്ങളിൽനിന്ന് വ്യത്യസ്തമായി വളരെ നേരത്തേ സമയക്രമവും വേദികളും നിശ്ചയിക്കുന്നത് അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമായിരുന്നു. പരീക്ഷ നടക്കുന്നതിനാൽ, അവസാനനിമിഷം കൊല്ലം എസ്.എൻ.കോളേജിലെ വേദി മാറ്റേണ്ടിവന്നു. മണിക്കൂറുകൾക്കകം ടൗൺഹാൾ ലഭ്യമാക്കിയത് മന്ത്രി നേരിട്ട് ഇടപെട്ടാണ്.
ഒന്നു രണ്ടു വേദികളിൽ അസൗകര്യത്തെപ്പറ്റി പരാതിവന്ന ഉടനെ വേദികൾ പുനഃക്രമീകരിച്ചു. ഡിസംബർ അവസാനം ബാലഗോപാൽ കൊല്ലത്തുതന്നെ തങ്ങി ഏകോപനച്ചുമതല ഏറ്റെടുത്തു. വിദ്യാഭ്യാസവകുപ്പിനു പുറമേ മറ്റു സർക്കാർ വകുപ്പുകളുടെ ഏകോപനവും അദ്ദേഹം നിർവഹിച്ചു. നവകേരള സദസ്സിന്റെയും ബജറ്റ് തയ്യാറാക്കലിന്റെയും തിരക്കിനിടയിലും പരമാവധി സമയം കൊല്ലത്തുതന്നെ തങ്ങി.
നവകേരള സദസ്സ് സമാപിച്ചതിന്റെ തൊട്ടടുത്ത ദിവസം കൊല്ലത്തെത്തി കലോത്സവത്തിന്റെ ഏകോപനച്ചുമതല ഏറ്റെടുത്തു. പ്രോഗ്രാം കമ്മിറ്റിയുടെയും വിവിധ കമ്മിറ്റികളുടെയും അവലോകന യോഗങ്ങളിൽ നേരിട്ടുതന്നെ പങ്കെടുത്തു.
കലോത്സവത്തിന് എത്തുന്ന വിശിഷ്ടാതിഥികൾക്ക് നൽകാനുള്ള പുസ്തകങ്ങൾ സാംസ്കാരിക നായകന്മാരുടെ വീടുകളിൽനിന്നാണ് ശേഖരിച്ചത്. ഇതിന്റെ ഉദ്ഘാടനം കുടവട്ടൂരിൽ നടൻ മുരളിയുടെ വീട്ടിൽ നിർവ്വഹിച്ചതും ബാലഗോപാലാണ്.
Content Highlights: finance minister kn balagopal school kalolsavam