പറയാനുള്ളത് മുഖത്ത് നോക്കിപറയും, അതാണ് കൊല്ലംകാരുടെ ശീലം: നടന്‍ ഇ.എ രാജേന്ദ്രൻ

ഇ എ രാജേന്ദ്രനും സന്ധ്യരാജേന്ദ്രനും
ഇ എ രാജേന്ദ്രനും സന്ധ്യരാജേന്ദ്രനും

കൊല്ലം: ജനിച്ചത് തൃശൂരാണെങ്കിലും കര്‍മപരമായി താനിപ്പോള്‍ കൊല്ലംകാരനാണെന്ന്‌ ചലച്ചിത്രതാരം ഇ എ രാജേന്ദ്രന്‍. കേരളത്തെ ആദ്യ എയര്‍പോട്ടായി മാറിയ ആശ്രമത്താണ് കലോത്സവം നടക്കുന്നത്. ശരിക്കും കലോത്സവങ്ങളുടെ സ്ഥിരം വേദിയായി കൊല്ലത്തെ മാറ്റാവുന്നതാണ്. 40 വര്‍ഷമായി താനിവിടെ ജീവിക്കുന്ന വ്യക്തിയാണ്. വൈകാരികമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല മനുഷ്യരാണ് കൊല്ലത്തുള്ളത്. പുറത്ത് ഒന്നു പറഞ്ഞിട്ട് മനസ്സില്‍ ഒന്നുവെക്കുന്ന സ്വഭാവം അവര്‍ക്കില്ല. പറയാനുള്ളത് മുഖത്ത് നോക്കിപറയുമെന്നും അദ്ദേഹം പറയുന്നു.

കൊല്ലവും കൊടുങ്ങല്ലൂരുമാണ് കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളായിരുന്നത്. പിന്നീടാണ് മറ്റ് ജില്ലകള്‍ ആ പ്രധാന്യം ഏറ്റെടുത്ത് തുടങ്ങിയത്. അഷ്ടമുടിക്കായല്‍ പോലെ മനോഹരമായ കാഴ്ച ലോകത്തൊരിടത്തും കാണാന്‍ സാധിക്കില്ല. വിശ്വാസികള്‍ അഷ്ടമുടികായലിനെ ശിവന്റെ ജടകളെന്നാണ് പറയുന്നത്. ടൂറിസത്തിന് മേഖലയില്‍ വലിയ സംഭാവനകള്‍ കൊടുത്തിട്ടുണ്ടെങ്കിലും അത് പ്രോത്സാഹിപ്പിക്കുന്നണ്ടോയെന്ന് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഇത്ര വിപുലമായ രീതിയില്‍ കലോത്സവമുണ്ടായിരുന്നില്ലെന്ന്‌ നടിയും ഇ എ രാജേന്ദ്രന്റെ ഭാര്യയുമായ സാന്ധ്യ രാജേന്ദ്രന്‍ ഓര്‍മകള്‍ പങ്കുവെച്ചു.

'എനിക്ക് നാടോടി നൃത്തത്തിനാണ് ആദ്യമായി സെലക്ഷന്‍ ലഭിച്ചത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ ഉടനാണ് കലോത്സവം വരുന്നത്‌. പരീക്ഷ എഴുതികൊണ്ടിരിക്കുന്ന എന്നെ ഹെഡ്മിസ്ട്രസ്സ് വിളിച്ചു കലോത്സവത്തിനെ കുറിച്ച് സംസാരിക്കും. അപ്പോള്‍ പിന്നെ ശ്രദ്ധ മുഴുവനും ഡാന്‍സിന്റെ സ്റ്റെപ്പുകള്‍ ഓര്‍ത്തെടുക്കുന്നതിലാവും. അതുകൊണ്ട് മിക്കപ്പോഴും ഹെഡ്മിസ്ട്രസ്സ് നടന്നു പോകുമ്പോള്‍ ശ്രദ്ധിക്കാത്തത് പോലെ തല തിരിച്ച് പിടിച്ചിരിക്കും. പക്ഷേ അന്ന് എന്തോ കാര്യത്താല്‍ എനിക്ക് മത്സരിക്കാന്‍ സാധിച്ചില്ല. പിന്നീട് എട്ടാം ക്ലാസ്സ് പഠിക്കുമ്പോഴാണ് നാടകം അവതരിപ്പിച്ചത്. സമ്മാനം കിട്ടിയില്ലെങ്കിലും ദുഖമില്ലായിരുന്നു. കാരണം അത്രയും പരിമിതിയില്‍ നിന്നിട്ട് ഞങ്ങളുടെ ഹാര്‍ഡ് വര്‍ക്ക് അതിലുണ്ടായിരുന്നു', സന്ധ്യ പറഞ്ഞു. 

Content Highlights: E A Rajendran and Sandhya rajendran shares kalolsavam memories