ക്ലാ ക്ലാ ക്ലീ ക്ലീ... അതാ മുറ്റത്തൊരു മൈന; ദക്ഷ അങ്ങനെ സുരേഷായി

#പി. അഭിലാഷ്‌
തിരുവനന്തപുരം കാർമൽ സ്കൂളിലെ നാടകസംഘം
തിരുവനന്തപുരം കാർമൽ സ്കൂളിലെ നാടകസംഘം

ക്ലാ ക്ലാ ക്ലീ ക്ലീ... സുരേഷ് തിരിഞ്ഞുനോക്കി അതാ മുറ്റത്തൊരു മൈന... സുരേഷ് എന്നു പേരുള്ളവരെ എല്ലാം പതിറ്റാണ്ടുകളായി വിഷമിപ്പിക്കുന്നതാണ് ഈ വരികൾ. എൺപതുകളിലെ പ്രൈമറി പാഠപുസ്തകത്തിലെ രണ്ടാംപാഠം തുടങ്ങുന്ന വരികൾക്കു പക്ഷേ, ജീവിതത്തിലേക്കും പ്രകൃതിയിലേക്കും ഒരു തിരിഞ്ഞുനോട്ടമെന്ന അർഥംകൂടിയുണ്ടെന്ന് ആരും മനസ്സിലാക്കിയില്ല.

സുരേഷ് എന്നു പേരുള്ളവരെയെല്ലാം തിരിഞ്ഞുനോക്കാൻ മടിക്കുന്ന ഒന്നായി വിളിതുടർന്നു. സാമൂഹികമാധ്യമങ്ങളുടെ കാലത്ത് സുരേഷും മൈനയും കൂടുതൽ പ്രചാരത്തിലായി. എന്നാൽ സംസ്ഥാന കലോത്സവത്തിൽ തിരുവനന്തപുരം വഴുതക്കാട് കാർമൽ ജി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ സുരേഷിനും മൈനയ്ക്കും ഒരു പൊളിച്ചെഴുത്തു നടത്തി. മലയാളം പാഠങ്ങളിലൂടെ വിദ്യാർഥികളുടെ മനസ്സിലേറിയ കുഞ്ചിയമ്മയും മക്കളും, ജരിതയും മക്കളും, പൂതവും കുഞ്ഞുമെല്ലാം കടന്നുവന്ന നാടകത്തിൽ തിരിഞ്ഞുനോട്ടത്തിലൂടെ പ്രകൃതി നമ്മെ പഠിപ്പിക്കുന്നതെന്തെല്ലാം എന്നു കാട്ടിത്തന്നു.

കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കിവിളിയിൽ മടുത്തു പള്ളിക്കൂടത്തിൽപോക്ക്‌ ഉപേക്ഷിച്ച സുരേഷിനെ തിരികെ സ്കൂളിലെത്തിക്കുന്ന നാടകം നിറകൈയടികളോടെ സദസ്സ് സ്വീകരിച്ചപ്പോൾ എല്ലാവരിലും നിറഞ്ഞത് രണ്ടാംക്ലാസിലെ ആ ഗൃഹാതുരത്വം. സജീവൻ മുരളിയാട് രചിച്ച നാടകം സംവിധാനം ചെയ്തത് ജിനേഷ് ആമ്പല്ലൂരായിരുന്നു.

ദക്ഷ അങ്ങനെ സുരേഷായി

നാടകത്തിലൂടെ സുരേഷിന്റെ നാണക്കേടു മാറ്റിയെങ്കിലും കാര്‍മല്‍ സ്‌കൂളില്‍ ദക്ഷയ്ക്ക് സുരേഷ് വിനയായി. നാടകത്തില്‍ സുരേഷ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പത്താ ക്ലാസ് വിദ്യാര്‍ത്ഥിനി ദക്ഷയായിരുന്നു. വേഷത്തിലും അഭിനയത്തിലും സുരേഷ് കലക്കിയപ്പോള്‍ കുട്ടുകാരും നാട്ടുകാരും ദക്ഷയെന്ന പേരുമറന്നു. ഇപ്പോള്‍ എവിടെപ്പോയാലും സുരേഷ് എന്ന വിളിമാത്രമേയുള്ളു. വീട്ടുകാര്‍ പോലും സുരേഷ് എന്ന് വിളിക്കാന്‍ തുടങ്ങി. താന്‍ സുരേഷ് ആയാലെന്താ മൈനയും യഥാര്‍ത്ഥ സുരേഷും രക്ഷപ്പെട്ടല്ലോ എന്ന സന്തോഷത്തിലാണ് ദക്ഷ
 

Content Highlights: drama competition kerala school kalolsavam 2024