പ്രതിസന്ധികളില്‍ തളരാതെ കലോത്സവ വേദിയില്‍ അമേഘ്; നഷ്ടപ്പെട്ട അവസരം നേടിയെടുത്ത സന്തോഷത്തില്‍ മനുദേവ്

അമേഘ് ദേവും മനുദേവും
അമേഘ് ദേവും മനുദേവും

മൂന്നര വയസിൽ ഇരട്ട സഹോദരി ആർദ്രിക ദേവിനൊപ്പം ചെറുചുവടുകൾ വച്ച് അമേഘ് ദേവ് ചിലങ്ക നാദത്തിന്റെ ലോകത്തേക്ക് കടന്നുവന്ന അന്നുമുതൽ ആ ചുവടുകൾക്ക് ഉറപ്പ് നൽകിയത് ഗുരു മനു ദേവാണ്. അമ്മയുടെ സഹോദരൻ കൂടിയായ മനുവിന് തനിക്ക് എപ്പോഴോ നഷ്ടപ്പെട്ട അവസരം സഹോദരിയുടെ മക്കളിലൂടെ നേടിയെടുക്കുന്നതിന്റെ സന്തോഷവും ചാരിതാർഥ്യവുമായിരുന്നു. 62-മത് സംസ്ഥാന കലോത്സവ വേദിയിൽ അമേഘ് ചിലങ്കയണിഞ്ഞപ്പോൾ മനു ഇമവെട്ടാതെ നോക്കിയിരുന്നു. അർജുനനെ പരീക്ഷിക്കാൻ കാട്ടാള വേഷത്തിൽ വരുന്ന ശിവന്റെ കഥയാണ് അമേഘ് അവതരിപ്പിച്ചത്. 

കോഴിക്കോട് താമരശ്ശേരി ജി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമേഘ് ദേവിന് ഇത് ആദ്യ സംസ്ഥാനതല കലോത്സവ വേദിയായിരുന്നു. ഭരതനാട്യവും കുച്ചിപ്പുടിയുമായിരുന്നു അമേഘ് ചെറുപ്പം മുതൽ പരിശീലിക്കുന്നതെങ്കിലും വ്യക്തിഗത നൃത്തയിനത്തിൽ സബ് ജില്ലാ തലത്തിൽ ഒരു സ്‌കൂളിൽ നിന്നും അഞ്ച് പേർക്ക് മാത്രമാണ് മത്സരിക്കാൻ കഴിയുകയെന്നതിനാൽ മുതിർന്ന ക്ലാസിലെ വിദ്യാർഥികൾക്ക് കൂടി അവസരം ലഭിക്കുന്നതിനായി മാറിക്കൊടുക്കേണ്ടി വന്നുവെന്ന് അമേഘ് പറഞ്ഞു. പരാതിയോ പരിഭവമോയില്ലാതെ മാറിക്കൊടുക്കുമ്പോൾ കലയോടും നൃത്തത്തോടുമുള്ള സ്‌നേഹവും അഭിനിവേശവും അവനിൽ കൂടുകമാത്രമാണ് ചെയ്തത്. ചുരുങ്ങിയ നാളുകൾ കൊണ്ടാണ് കേരളനടനം പരിശീലിച്ചത്. ജില്ലാ തലത്തിൽ മികവു തെളിയിച്ച് സംസ്ഥാന തലത്തിലേക്ക് പോരുമ്പോൾ മനുവിനും അമേഘിന്റെ കുടുംബത്തിനും അതിയായ സന്തോഷം തോന്നിയെങ്കിലും സാമ്പത്തിക പരാധീനതകൾ തളർത്തി. 

അച്ഛൻ ഭാസ്‌കരനും അമ്മ അനുവിനും മക്കളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ  ആഗ്രഹമുണ്ടെങ്കിലും കൂലിപണി ഉപജീവനമാർഗമായിട്ടുള്ള ഇവർക്ക് മുന്നിൽ വെല്ലുവിളികൾ അനവധിയായിരുന്നു. അച്ഛൻ കുടലിൽ ദ്വാരം വീണതിനെ തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുന്നതിനാൽ കുടുംബത്തിന്റെ ദൈനംദിന ചിലവുകൾ പോലും പ്രതിസന്ധിയിലാണ്. 20 വർഷമായി നൃത്തം പരിശീലിപ്പിക്കുന്ന മനു വളരെ ചെറിയ തുക മാത്രമാണ് ഫീസായി ഈടാക്കുന്നത്. കുറച്ചു വിദ്യാർഥികൾ നൽകിയ ഫീസ് ഉപയോഗിച്ചാണ് സംസ്ഥാനതല കലോത്സവ വേദിയിലെത്തിയത്.
 
ചുമയും കഫക്കെട്ടും മൂലം ആരോഗ്യസ്ഥിതി പ്രതികൂലമായെങ്കിലും കലോത്സവവേദിയിൽ എത്തണമെന്ന ആഗ്രഹത്തിന് മുന്നിൽ അതൊന്നും വിലങ്ങുതടിയായില്ല. കലോത്സവ നഗരിയിൽ നിന്നും വീണ്ടും മടങ്ങിവരണമെന്ന ആഗ്രഹത്തോടെയാണ് അമേഘ് മടങ്ങുന്നത്.

Content Highlights: amogh dev keralanadanam competitior state school kalolsavam