മന്ത്രിമാര്‍ ആതിഥേയരാകാന്‍ അവസരംചോദിച്ചു വിളിക്കുന്നുവെന്ന്‌ മന്ത്രി; അടുത്ത കലോത്സവം തലസ്ഥാനത്ത്?

മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ:മാതൃഭൂമി
മന്ത്രി വി.ശിവൻകുട്ടി | ഫോട്ടോ:മാതൃഭൂമി

കൊല്ലം: അടുത്ത കൊല്ലം സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരം ജില്ലയില്‍ നടത്താന്‍ സാധ്യത. ഞായറാഴ്ച രാത്രി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അടുത്ത കലോത്സവം സംബന്ധിച്ച് മന്ത്രി വി.ശിവന്‍കുട്ടി സസ്‌പെന്‍സ് നിലനിര്‍ത്തി. എല്ലാ ജില്ലക്കാരും മന്ത്രിമാരും അടുത്ത കലോത്സവത്തിന് ആതിഥേയരാകാന്‍ അവസരംചോദിച്ചു വിളിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ തിരുവനന്തപുരത്ത് കലോത്സവം നടത്താനാണ് സാധ്യതയെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ പറയുന്നു. പാലക്കാട്, കോട്ടയം, എറണാകുളം ജില്ലകളും സജീവ പരിഗണനയിലുണ്ട്.

എറണാകുളത്ത് 2006ലാണ് അവസാനം കലോത്സവം നടന്നത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലേക്ക് അടുത്ത കലോത്സവം കൊണ്ടുപോകാന്‍ അധ്യാപകസംഘടനാതലത്തില്‍ സമ്മര്‍ദമുണ്ടെന്നാണ് വിവരം. 2014ലാണ് പാലക്കാട്ട് അവസാനം സംസ്ഥാന കലോത്സവം നടത്തിയത്. 2017ലെ കലോത്സവം കണ്ണൂരില്‍ നടന്നതിനാല്‍ ഇക്കൊല്ലം പരിഗണിക്കാന്‍ സാധ്യത കുറവാണ്. അവസാനനിമിഷം ആതിഥേയ ജില്ലയുടെ കാര്യത്തില്‍ മാറ്റമുണ്ടാകാമെന്നും വിദ്യാഭ്യാസവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: 2025 State school kalolsavam likely to be held in Thiruvananthapuram