കളത്തിനുപുറത്ത് വിജയിക്കുന്ന ബ്ലാസ്റ്റേഴ്സ്

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും കളിക്കളത്തിനു പുറത്ത് മികച്ച പ്രകടനത്തോടെ കേരള ബ്ലാസ്റ്റേഴ്സ്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലും കാണികളുടെ എണ്ണത്തിലും മേല്‍ക്കൈയുള്ള ടീം വിപണിമൂല്യത്തില്‍ വന്‍കുതിപ്പുനടത്തി.
ലീഗിലെ 12 ക്ലബ്ബുകളില്‍ വിപണിമൂല്യത്തിന്റെ വര്‍ധനയില്‍ ഒന്നാം സ്ഥാനവും മൊത്തം മൂല്യത്തില്‍ രണ്ടാമതുമാണ് കേരള ക്ലബ്ബ്. ഏപ്രില്‍ 15 വരെയുള്ള കണക്കില്‍ 53.2 കോടിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിപണിമൂല്യം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 42.4 കോടി രൂപയായിരുന്നു. 25.5 ശതമാനമാണ് വളര്‍ച്ച. 60.2 കോടി രൂപയുടെ മൂല്യവുമായി കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ബഗാനാണ് ഒന്നാമത്. മുന്‍വര്‍ഷമിത് 52.2 കോടി രൂപയായിരുന്നു.
ലീഗിലെ ക്ലബ്ബുകളില്‍ ചെന്നൈയിന്‍ എഫ്.സിക്കും ഹൈദരാബാദ് എഫ്.സി.ക്കുമാണ് മൂല്യത്തില്‍ ഇടിവുണ്ടായത്. 32.2 കോടിയുണ്ടായിരുന്ന ചെന്നൈയുടേത് 29.4 കോടിയായി. സീസണില്‍ തകര്‍ന്നുപോയ ഹൈദരാബാദ് എഫ്.സി.ക്ക് കളത്തിനുപുറത്തും കനത്തനഷ്ടമാണ്. 32.4 കോടി മൂല്യമുണ്ടായിരുന്നത് കൂപ്പുകുത്തി 8.8 കോടിയായിമാറി. 72.8 ശതമാനമാണ് കുറവ്.
വിപണിമൂല്യം
ടീമിലെ കളിക്കാരുടെ വിപണിമൂല്യം, കരാര്‍ത്തുക, ക്ലബ്ബുമായുള്ള കാലാവധി, സീസണിലെ പ്രകടനം, യുവകളിക്കാരുമായുള്ള കരാര്‍ കാലാവധി, സ്പോണ്‍സര്‍ഷിപ്പുകള്‍, മാച്ച് ഡേ വരുമാനം എന്നിവയാണ് ക്ലബ്ബിന്റെ വിപണിമൂല്യം കണക്കുകൂട്ടാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതില്‍ ഓരോ കാര്യവും വിശദമായി വിശലകനംചെയ്യും.
മികച്ച യുവകളിക്കാരുടെ സാന്നിധ്യവും വിദേശതാരങ്ങളുടെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ ഗ്രാഫുയര്‍ത്തി. ഹോം ഗ്രൗണ്ടിലെ കാണികളുടെ എണ്ണവും അനുകൂലമായി. ലീഗില്‍ ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പുകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്
ട്രാന്‍സ്ഫര്‍ വിപണിയിലെ ലാഭം
നടപ്പുസീസണിലെ കളിക്കാരുടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ലാഭമുണ്ടാക്കിയ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. കളിക്കാരെ വാങ്ങിയതും വിറ്റതുമായ കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ക്ലബ്ബിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭമാണ്. 1.77 കോടി രൂപയാണ് ക്ലബ്ബിന് ലഭിച്ചത്.
കളിക്കാരെ വാങ്ങാന്‍ 1.4 കോടിയാണ് ഫീയായി ക്ലബ്ബ് ചെലവിട്ടത്. വിറ്റവകയില്‍ 3.17 കോടിയും ലഭിച്ചു. സീസണില്‍ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച കളിക്കാരില്‍ ഭൂരിഭാഗവും മറ്റ് ക്ലബ്ബുകളുമായുള്ള കരാര്‍ കഴിഞ്ഞവരായിരുന്നു. ഇതാണ് ട്രാന്‍സ്ഫര്‍ ഫീ കുറയാന്‍ കാരണം. പ്രഭ്സുഖന്‍ സിങ് ഗില്‍, സഹല്‍ അബ്ദുസമദ്, ആയുഷ് അധികാരി എന്നിവരെ കൈമാറിയതിലൂടെയും ജസ്റ്റിന്‍ ഇമ്മാനുവലിനെ വായ്പയായി നല്‍കിയതിലൂടെയുമാണ് ക്ലബ്ബിന് വലിയതുക സമാഹരിക്കാന്‍ കഴിഞ്ഞത്.
കൊച്ചിയിലെ കാണികള്‍
ഹോം ഗ്രൗണ്ടിലെ കാണികളുടെ എണ്ണത്തില്‍ ലീഗില്‍ രണ്ടാംസ്ഥാനത്താണ് ടീം. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിക്കുറവാണ് ടീമിന് ഒന്നാംസ്ഥാനം നഷ്ടമാക്കിയത്. 11 കളിയിലായി 3.02 ലക്ഷം കാണികള്‍ കൊച്ചിയിലെത്തി. 3.82 ലക്ഷം കാണികളുമായി ബഗാനാണ് ഒന്നാമത്. മൂന്നാംസ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 1.79 ലക്ഷം കാണികളേയുള്ളൂ.
Content Highlights: kerala blasters transfermarkt