2024-ലെ ആദ്യ ഹോം മത്സരത്തിന് ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന് പഞ്ചാബ് എഫ്.സി.ക്കെതിരെ

കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമൊനാവിച്ചും പഞ്ചാബ് കോച്ച് സ്‌റ്റൈക്കോസ് വെര്‍ജെറ്റിസും കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ | PTI
കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമൊനാവിച്ചും പഞ്ചാബ് കോച്ച് സ്‌റ്റൈക്കോസ് വെര്‍ജെറ്റിസും കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ | PTI

കൊച്ചി: ആശാന്റെ മുഖത്ത് ഏതൊക്കെയോ അഭ്യാസങ്ങൾ പയറ്റാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. അതറിയാനുള്ള കാഴ്ചകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഇടവേളകഴിഞ്ഞ് പുനരാരംഭിച്ച ഐ.എസ്.എൽ. ഫുട്ബോളിലെ ആദ്യ ഹോം മാച്ചിൽ തിങ്കളാഴ്ച കേരള ബ്ലാസ്‌റ്റേഴ്‌സ് പഞ്ചാബ് എഫ്.സി.യെ നേരിടും.

അഡ്രിയാൻ ലൂണയും ക്വാമി പെപ്രെയും അടക്കമുള്ള വിദേശതാരങ്ങൾ ഇല്ലാതെ ഇറങ്ങേണ്ടതിന്റെ ആശങ്കയിലാണ് ബ്ലാസ്റ്റേഴ്‌സ്. യുവതാരങ്ങൾ അവസരത്തിനൊത്തുയരുമെന്ന് കോച്ച് പറയുന്നു. 13 കളിയിൽ എട്ടു ജയമടക്കം 26 പോയിന്റുമായി പട്ടികയിൽ മൂന്നാമതാണ് ബ്ലാസ്റ്റേഴ്‌സ്. ഇത്രയും കളിയിൽ 11 പോയിന്റുള്ള പഞ്ചാബ് 11-ാം സ്ഥാനത്താണ്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് കിക്കോഫ്.

ലൂണയും പെപ്രെയുമില്ലാതെ

സൂപ്പർ കപ്പിൽ ജംഷേദ്പുരിനോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും തോൽവി. ഇടവേള കഴിഞ്ഞ് ഐ.എസ്.എലിലെ ആദ്യമത്സരത്തിൽ ഒഡിഷയോട് തോൽവി. തുടർത്തോൽവികളിൽനിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ, നട്ടെല്ലായ താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുന്നു. അഡ്രിയാൻ ലൂണ എന്ന പ്ലേമേക്കറുടെ ചിറകിൽ പ്ലാൻ എ-യുമായി കുതിച്ച ബ്ലാസ്റ്റേഴ്‌സിന് ആദ്യതിരിച്ചടി അദ്ദേഹത്തിന്റെ പരിക്കായിരുന്നു. ലൂണ പോയതോടെ പ്ലാൻ എ പൊളിഞ്ഞ ബ്ലാസ്റ്റേഴ്‌സ് പിന്നെ ഡയമാന്റകോസും ക്വാമി പെപ്രെയും ഉൾപ്പെട്ട പ്ലാൻ ബി-യിലാണ് വിശ്വാസമർപ്പിച്ചിരുന്നത്. പെപ്രെയും പരിക്കേറ്റ് പുറത്തായതോടെ മറ്റൊരു പദ്ധതി വേണ്ടിവന്നു. ലൂണയുടെ പകരക്കാരനായെത്തിയ ലിത്വാനിയൻ താരം ഫെദോർ ചെർനിച്ചും പെപ്രെക്ക് പകരക്കാരനായെത്തിയ നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലും വിടവുനികത്തുമോയെന്നാണ് അറിയേണ്ടത്.

യുവനിര തിളങ്ങട്ടെ

ഞായറാഴ്ച പത്രസമ്മേളനത്തിന് കോച്ച് ഇവാൻ വുകോമാനോവിച്ച് എത്തിയത് മലയാളി യുവതാരം നിഹാൽ സുധീഷിനെയും കൂട്ടിയാണ്. ഒഡിഷയ്ക്കെതിരായ മത്സരത്തിൽ മുന്നേറ്റനിരയിൽ അവസരംകിട്ടിയ നിഹാലാണ് ഡയമാന്റകോസിന്റെ ഗോളിന് അസിസ്റ്റ് ചെയ്തത്. നിഹാൽ അടക്കമുള്ള യുവതാരങ്ങളെ ഇനി കോച്ചിന് ഏറെ ആശ്രയിക്കേണ്ടിവരും. മധ്യനിരയിൽ, യുവതാരങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസറും നന്നായി കളിക്കുന്നത് ഇവാന് പ്രതീക്ഷനൽകുന്നു. പ്രതിരോധത്തിൽ, വിദേശതാരങ്ങളായ ലെസ്‌കോവിച്ചും ഡ്രിൻസിച്ചും ഒരുമിച്ചിറങ്ങിയാൽ മധ്യനിരയിൽ ജപ്പാൻ താരം ഡെയ്‌സുക് സകായിയും മുന്നേറ്റത്തിൽ ഗ്രീക്ക് താരം ഡയമാന്റകോസുമാകും വിദേശതാരങ്ങൾ.

പുതിയ പഞ്ച്

ഇൗയിടെ ചെന്നൈയിനെയും ബെംഗളൂരുവിനെയും തോൽപ്പിച്ച പഞ്ചാബ് തിരിച്ചുവരവിന്റെ പാതയിലാണ്. നാലുഗോളടിച്ച സ്ലൊവേനിയൻ സ്‌ട്രൈക്കർ ലൂക്ക മാജ്‌സെനും കൊളംബിയൻ സ്‌ട്രൈക്കർ വിൽമർ ജോർഡാനും അടങ്ങിയ ആക്രമണനിരയാണ് ടീമിന്റെ കരുത്ത്. രണ്ടു ഗോളും മൂന്ന് അസിസ്റ്റുമായി മധ്യനിരയിൽ ഫ്രഞ്ച് താരം മാദിഹ് തലാൽ മെനയുന്ന കളിയും നിർണായകമാണ്.

Content Highlights: kerala blasters punjab fc isl