ആശാന്‍ തിരിച്ചെത്തി, രക്ഷകനായി സച്ചിന്‍; ഒഡിഷയെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്

photo:x.com/ kerala blasters fc
photo:x.com/ kerala blasters fc

കൊച്ചി: 10 മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മടങ്ങിയെത്തിയ ഐഎസ്എല്‍ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടുഗോളടിച്ച് ജയം സ്വന്തമാക്കിയത്. ദിമിത്രി ഡയമന്റക്കോസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയപ്പോള്‍ ഡീഗോ മൗറിഷ്യോ ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു. 

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒഡിഷയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ പന്ത് കൈവശം വെച്ചുകളിച്ച ഒഡിഷ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയുയര്‍ത്തി. എന്നാല്‍ പതിയെ ബ്ലാസ്റ്റേഴ്‌സും കളി കടുപ്പിച്ചു. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലെത്താന്‍ കിട്ടിയ സുവര്‍ണാവസരം രാഹുല്‍ കളഞ്ഞുകുളിച്ചു. പിന്നാലെ മഞ്ഞപ്പടയെ ഞെട്ടിച്ച് ഒഡിഷയുടെ ഗോളുമെത്തി. വിങര്‍ ഗൊഡ്ഡാര്‍ഡിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഡീഗോ മൗറീഷ്യോ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് വലകുലുക്കി.

ഗോള്‍ വീണതിന് പിന്നാലെ ഒഡിഷ വീണ്ടും ആക്രമണങ്ങള്‍ തുടര്‍ന്നു. 21-ാം മിനിറ്റില്‍ ഒഡിഷയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ബാറില്‍ തട്ടി. പിന്നാലെ റീബൗണ്ട് ഹെഡര്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് തട്ടിയകറ്റുകയും ചെയ്തു. അടുത്ത മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും സേവ് ചെയ്ത് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനെ വീണ്ടും രക്ഷിച്ചു. മൗറീഷ്യോയുടെ പെനാല്‍റ്റി തടഞ്ഞ സച്ചിന്‍ റീബൗണ്ട് ഷോട്ട് കൈയ്യിലൊതുക്കുകയും ചെയ്തു. ഇരുടീമുകളും മുന്നേറ്റം തുടര്‍ന്നെങ്കിലും ആദ്യ പകുതി 1-0 ന് ഒഡിഷ മുന്നിട്ടുനിന്നു. 

തിരിച്ചടി ലക്ഷ്യമിട്ടിറിങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നിരവധി ഷോട്ടുകളുതിര്‍ത്തു. ക്വാമെ പെപ്ര, ഡാനിഷ് ഫറൂഖ് എന്നിവരുടെ ഷോട്ടുകള്‍ ബാറിന് പുറത്തേക്ക് പോയി. ആക്രമണം കടുപ്പിക്കാന്‍ സ്‌ട്രൈക്കര്‍ ദിമിത്രി ഡയമന്റക്കോസിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. പിന്നാലെ താരം ഗോളുമടിച്ചു. 66-ാം മിനിറ്റില്‍ ഡൈസുകെ സകായിയുടെ പാസ് സ്വീകരിച്ച ഡയമന്റക്കോസ് ഒഡിഷ ഗോളിയെ അനായാസം മറികടന്ന് വലകുലുക്കി. 

മത്സരം സമനിലയിലായതോടെ വിജയഗോളിനായി ഇരുടീമുകളും മുന്നേറി. ഒടുക്കം കൊച്ചിയെ ആരവങ്ങളില്‍ മുക്കി ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. നായകന്‍ അഡ്രിയാന്‍ ലൂണയാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്. ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതിലുള്ള ഒഡിഷ പ്രതിരോധനിരക്കാരന്റെ പിഴവ് മുതലെടുത്ത ലൂണ വലതുമൂലയില്‍ നിന്ന് ചിപ്പിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ കൊച്ചിയില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് വിജയവുമായി മടങ്ങി.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയന്റോടെ നിലവില്‍ പട്ടികയില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ മൂന്നാം ജയമാണ് ഒഡിഷയ്‌ക്കെതിരേ സ്വന്തമാക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ഏഴാം സ്ഥാനത്താണ് ഒഡിഷ. 

Content Highlights: kerala blasters beat odisha fc