90 മിനിറ്റുവരെ 2 ഗോള്‍ മുന്നില്‍; ഒടുക്കം തോല്‍വി; സ്വന്തം സ്‌റ്റേഡിയത്തില്‍ നാണംകെട്ട് ഗോവ

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഗോവയ്ക്കുമേല്‍ അവിശ്വനീയ ജയവുമായി മുംബൈ സിറ്റി. 90-ാം മിനിറ്റുവരെ രണ്ട് ഗോള്‍ പിറകിലായിരുന്ന മുംബൈ, അവസാന മിനിറ്റുകളില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് ജയം നേടുകയായിരുന്നു. ഇതോടെ സ്വന്തം തട്ടകത്തില്‍ ഗോവയ്ക്ക് കണ്ണീരോടെ മടങ്ങേണ്ടിവന്നു. ലാലിന്‍സുവാല ഛാങ്‌തെയുടെ അവസാന മിനിറ്റുകളിലെ ഇരട്ട ഗോളുകളാണ് ഗോവയെ തകര്‍ത്തത്.
16-ാം മിനിറ്റില്‍ത്തന്നെ ഗോവ ആദ്യ ഗോള്‍ നേടി മുന്നിലെത്തി. ബോറിസ് സിങ് തങ്ജാമിന്റെ വകയായിരുന്നു ഗോള്‍. ഇടതുവിങ്ങില്‍ യാസിറില്‍നിന്ന് ലഭിച്ച മികച്ച ഒരു പാസ് ബോറിസ് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ ഗോവന്‍ ആരാധകരുടെ ആവേശം തിരതല്ലി. ആദ്യ പകുതി ആ നിലയില്‍ത്തന്നെ അവസാനിച്ചു (1-0).
രണ്ടാം പകുതിയിലെ 56-ാം മിനിറ്റില്‍ ഗോവ ഒരിക്കല്‍ക്കൂടി ആധിപത്യമുറപ്പിച്ചു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് വകയായിരുന്നു ഗോള്‍. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ഉതിര്‍ത്ത ഒരു ഷോട്ട് ഗോള്‍ക്കീപ്പറെ മറികടന്ന് വലയുടെ വലതുവശത്ത് ചെന്നു പതിച്ചു. ഇതോടെ ആരാധകരുടെ ആവേശം പെരുത്തു. 90 മിനിറ്റുവരെ ആ ആര്‍പ്പുവിളികള്‍ നീണ്ടു.
പക്ഷേ, ഞൊടിയിടയിലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. 90-ാം മിനിറ്റില്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കുവേണ്ടി ലാലിന്‍സുവാല ഛാങ്‌തെ ആദ്യ ഗോള്‍ നേടി. മൈതാനമധ്യത്തുനിന്ന് സ്വീകരിച്ച പന്ത് ജയേഷ് റാണെ ഛാങ്‌തെയ്ക്ക് കൈമാറി. ഛാങ്‌തെ അത് ആദ്യ ടച്ചില്‍ത്തന്നെ വലയിലെത്തിച്ചു. ആ ഞെട്ടലില്‍നിന്ന് മുക്തരാവും മുന്നേ മുംബൈ അടുത്ത ഗോളും നേടി. ഇന്‍ജുറി ടൈമിലെ ആദ്യ മിനിറ്റിലായിരുന്നു അത്.
വിക്രം പ്രതാപ് സിങ്ങായിരുന്നു ഇത്തവണ മുംബൈക്ക് ജീവശ്വാസമായത്. പകരക്കാരനായിറങ്ങിയ ഗുര്‍കിറത് ബോക്‌സിനു പുറത്തുനിന്ന് ഗോള്‍വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചെങ്കിലും ഗോവയുടെ ഗോള്‍ക്കീപ്പര്‍ ധീരജ് തടുത്തിട്ടു. പക്ഷേ, പന്ത് ചെന്നു പതിച്ചത് വിക്രം പ്രതാപിന്‍െയടുക്കല്‍. ഒരു പിഴവും വരുത്താതെ വിക്രം അത് വലയിലേക്ക് ഫിനിഷ് ചെയ്തു. ഇതോടെ സ്‌കോര്‍ 2-2.
ഇതോടെ ഗാലറി നിശ്ശബ്ദമായി. ആര്‍പ്പുവിളികളെല്ലാം നിലച്ചു. ജയിച്ചെന്നുറച്ച മത്സരം സമനിലയിലേക്ക് പോയതുതന്നെ കാണികള്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല. ആ മാനസികാവസ്ഥയിലേക്കുകൂടിയാണ് മുംബൈയുടെ മൂന്നാം ഗോള്‍ വന്നത്. ഇന്‍ജുറി ടൈമിലെ ആറാം മിനിറ്റില്‍ ഛാങ്‌തെ തന്നെയായിരുന്നു ഗോള്‍ നേടിയത്. ജയേഷ് റാണെ തന്നെയാണ് ഇത്തവണയും അസിസ്റ്റ്. റാണെയില്‍നിന്ന് ലഭിച്ച പാസ് ഇടതുകാല്‍കൊണ്ട് ഛാങ്‌തെ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ഗോവയ്ക്ക് അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.
Content Highlights: isl semi final goa fc vs mumbai city fc