ദക്ഷിണേന്ത്യന്‍ ഡര്‍ബിയിലും ദയനീയം ! ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

ചെന്നൈ: ദക്ഷിണേന്ത്യന്‍ ഡര്‍ബിയിലും ദയനീയമായി പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ഇതോടെ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ടീം പരാജയപ്പെടുന്നത്. ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണിത്. അവസാന നിമിഷം ചെന്നൈയിന്‍ പത്തുപേരായി ചുരുങ്ങിയിട്ടും ഗോള്‍ നേടാനാവാതെ വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് നിരാശയോടെ മടങ്ങി. പോയന്റ് പട്ടികയില്‍ നിലവില്‍ നാലാമതാണ് ടീം.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. വിങ്ങുകളിലൂടേയും ഹൈബോളുകളിലൂടേയും ബ്ലാസ്‌റ്റേഴ്‌സ് കോട്ട പൊളിക്കാനാണ് ചെന്നൈ ശ്രമിച്ചത്. അത് തടയാന്‍ ലെസ്‌കോവിച്ചും ഡ്രിസന്‍സിച്ചുമടങ്ങിയ പ്രതിരോധം നന്നായി പണിപ്പെട്ടു. മറുവശത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബ്ലാസ്റ്റേഴ്‌സും മുന്നേറി. മുന്നേറ്റ താരം ഫെഡറിക് ചെര്‍നിച്ചിന് മികച്ച അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനായില്ല. 38-ാം മിനിറ്റില്‍ പരിക്കേറ്റ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് പകരം കരണ്‍ജിത് സിങ്ങ് കളത്തിലിറങ്ങി. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയില്‍ വിജയഗോളിനായി തന്ത്രങ്ങള്‍ മെനഞ്ഞാണ് ഇരുടീമുകളുമിറങ്ങിത്. 60-ാം മിനിറ്റില്‍ ആ പദ്ധതി വിജയകരമായി ചെന്നൈ നടപ്പിലാക്കി. ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് ചെന്നൈ ഗോള്‍ വലകുലുക്കി. ആകാശ് സാങ്‌വാനാണ് ടീമിന് ലീഡ് സമ്മാനിച്ചത്. ഒരു ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നുകളിച്ചു. വിങ്ങുകളിലൂടെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ചെന്നൈ പ്രതിരോധം മറികടക്കാനായില്ല. 81-ാം മിനിറ്റില്‍ ചെന്നൈ പ്രതിരോധതാരം അങ്കിത് മുഖര്‍ജി ചുവപ്പ് കണ്ട് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കി. തുടരെത്തുടരെ മുന്നേറ്റങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഗോള്‍ വല കുലുക്കാനായില്ല. അതോടെ വുകുമനോവിച്ചും സംഘവും നിരാശയോടെ മടങ്ങി.
15-മത്സരങ്ങളില്‍ നിന്ന് 26 പോയന്റുമായി പട്ടികയില്‍ നാലാമതാണ് ബ്ലാസ്റ്റേഴ്‌സ്. 14 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുള്ള ചെന്നൈ എട്ടാമതാണ്. ഇടവേള കഴിഞ്ഞെത്തിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മൂന്ന് മത്സരത്തിലും പരാജയപ്പെട്ടു. നേരത്തേ ഒഡിഷയോടും പഞ്ചാബ് എഫ്‌സിയോടുമാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.
Content Highlights: isl kerala blasters vs chennaiyin fc