ഒഡീഷയ്ക്ക് ജയം, നാലാം സ്ഥാനത്ത്; ജയത്തിനായി ഹൈദരാബാദ് ഇനിയും കാത്തിരിക്കണം

Photo | https://twitter.com/OdishaFC
Photo | https://twitter.com/OdishaFC

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരേ ഒഡീഷയ്ക്ക് ജയം. മൂന്ന് ഗോളിനാണ് ഹൈദരാബാദിനെ തകര്‍ത്തത്. ആദ്യ പകുതിയിലെ അഞ്ചു മിനിറ്റിന്റെ ഇടവേളയിലാണ് രണ്ട് ഗോളുകള്‍ പിറന്നത്. രണ്ടാം പകുതിയിലെ അധികസമയത്ത് മൂന്നാം ഗോളും വീണു. ഒഡീഷയുടെ മുന്നേറ്റ താരം റോയ് കൃഷ്ണയാണ് രണ്ട് ഗോളുകള്‍ നേടിയത്. 

35-ാം മിനിറ്റിലാണ് റോയ് കൃഷ്ണയുടെ ആദ്യ ഗോള്‍. 40-ാം മിനിറ്റില്‍ പ്രതിരോധ താരം മൊര്‍ത്താദ ഫാളും ഒഡീഷയ്ക്കുവേണ്ടി വലകുലുക്കി. രണ്ടാം പകുതിയിലെ അധിക സമയത്താണ് പിന്നീട് ഒരു ഗോള്‍ വരുന്നത്. റോയ് കൃഷ്ണയുടെ വകയായിരുന്നു ഇത്തവണയും ഗോള്‍. ഹൈദരാബാദിന് ഒറ്റ ഗോള്‍ പോലും മടക്കാനായില്ല. 

ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈയെ മറികടന്ന് ഒഡീഷ നാലാംസ്ഥാനത്തേക്ക് കടന്നു. ഒന്‍പത് കളികളില്‍നിന്ന് അഞ്ച് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് ഒഡീഷയുടെ സീസണിലെ ഇതുവരെയുള്ള പ്രകടനം. അതേസമയം ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി തന്നെ തുടരും. പത്ത് കളികളില്‍ ഒന്നുപോലും ഇതുവരെ ജയിക്കാനായിട്ടില്ല. നാല് സമനിലയും ആറ് തോല്‍വികളുമാണുള്ളത്. ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്, മോഹന്‍ ബഗാന്‍ എന്നീ ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 

Content Highlights: isl 2023 odisha fc wins against hyderabad fc