ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയ്‌ക്കെതിരേ; ജയിച്ചാല്‍ സെമിയില്‍

ഭുവനേശ്വര്‍: കരുത്തരായ എതിരാളി, സീസണ്‍ മുഴുവന്‍ വലച്ച പരിക്കിന്റെ തുടര്‍ച്ച. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പ്ലേ ഓഫിന് ഇറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികള്‍ രണ്ടാണ്. എത്ര പ്രതിസന്ധിയുണ്ടായാലും പോരാട്ടവീര്യം കൈവിടാത്ത ആശാനും സംഘവും കലിംഗയുടെ മണ്ണില്‍ വിജയക്കൊടി നാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യമാണോ ഒഡിഷയുടെ താരസമ്പന്നതയാണോ വിജയിക്കുകയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജയിക്കുന്ന ടീം സെമിഫൈനലിന് യോഗ്യതനേടും. വെള്ളിയാഴ്ച രാത്രി 7.30-ന് കലിംഗ സ്റ്റേഡിയത്തിലാണ് കളി.
ബ്ലാസ്റ്റിനായി ബ്ലാസ്റ്റേഴ്സ്
പരിക്കില്‍നിന്ന് മുക്തനായ നായകന്‍ അഡ്രിയന്‍ ലൂണ ടീമിനൊപ്പം ചേര്‍ന്നത് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷനല്‍കുന്നു. എന്നാല്‍, മുഴുവന്‍സമയം കളിക്കാനുള്ള ശാരീരികക്ഷമത താരത്തിനില്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയില്‍ ലൂണയെ പരീക്ഷിക്കാനാണ് സാധ്യത. പരിക്ക് മാറിയെങ്കിലും സ്ട്രൈക്കര്‍ ദിമിത്രി ഡയമെന്റാകോസ് കളിക്കാനിടയില്ല. വിങ് ബാക്ക് പ്രബീര്‍ ദാസും ടീമിലുണ്ടാകില്ല.
മുന്നേറ്റത്തില്‍ ഫെഡോര്‍ ചെര്‍ച്ചിനൊപ്പം മുഹമ്മദ് അയ്മനെ ഇറക്കിയേക്കും. കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റനിരയില്‍ അയ്മന്‍ നന്നായി കളിച്ചിരുന്നു. മധ്യനിരയില്‍ വിബിന്‍ മോഹന്‍, ജീക്സന്‍ സിങ്, ഡെയ്സുക്ക സക്കായ്, സൗരവ് മണ്ഡല്‍ എന്നിവര്‍ കളിച്ചേക്കും. സെന്‍ട്രല്‍ ഡിഫന്‍സില്‍ മാര്‍ക്കോ ലെസ്‌ക്കോവിച്ചും മിലോസ് ഡ്രിന്‍സിച്ചുമാകും. വിങ്ബാക്കുകളായ മുഹമ്മദ് അസ്ഹറും ഹോര്‍മിപാമും തുടരും. ഗോള്‍കീപ്പറായി ലാറ ശര്‍മയെ നിലനിര്‍ത്താനും സാധ്യതയുണ്ട്.
ലൊബേറയുടെ ഒഡിഷ
ഇത്തവണ മികച്ച കളിക്കാരെ ടീമിലെത്തിച്ച ക്ലബ്ബാണ് ഒഡിഷ. സെര്‍ജി ലൊബേറ എന്ന തന്ത്രശാലിയായ പരിശീലകനും അവര്‍ക്കുണ്ട്. സീസണിലെ അവരുടെ കുതിപ്പിന്റെ അടിസ്ഥാനം ഇതുരണ്ടുമാണ്.
ഡീഗോ മൗറീഷ്യോയും റോയ് കൃഷ്ണയും കളിക്കുന്ന മുന്നേറ്റനിര അതിശക്തമാണ്. മധ്യനിരയില്‍ അഹമ്മദ് ജാഹുവെന്ന ബോക്സ് ടു ബോക്സ് കളിക്കാന്‍ കഴിയുന്ന താരമുണ്ട്. പ്രതിരോധത്തില്‍ കാര്‍ലോസ് സെല്‍ഗാഡോയും മൗര്‍റ്റാഡെ ഫാളും കരുത്തരാണ്. ഗോള്‍കീപ്പറായി അമരീന്ദര്‍ സിങ്ങും. കടലാസില്‍ കരുത്തരാണ് ടീം. സ്വന്തം മണ്ണില്‍ കരുത്തിനൊത്ത പ്രകടനം പുറത്തെടുത്താല്‍ സെമിയിലേക്ക് ചീട്ടെടുക്കാനാകും.
Content Highlights: isl 2023-24 semi final spot at stake as odisha fc and kerala blasters clash in playoffs