ഇരട്ട ഗോളുകളുമായി സില്‍വയും നന്ദകുമാറും; അഞ്ചടിച്ച് ഈസ്റ്റ് ബംഗാള്‍

Photo: twitter.com/IndSuperLeague
Photo: twitter.com/IndSuperLeague

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍. ക്ലെയ്റ്റണ്‍ സില്‍വയുടെയും നന്ദകുമാറിന്റെയും ഇരട്ട ഗോളുകളാണ് സ്വന്തം മൈതാനത്ത് ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

കളിയിലുടനീളം നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ പുറത്തെടുത്തത്. 14-ാം മിനിറ്റില്‍ തന്നെ ബോര്‍ഹ ഹെരേരയിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. പിന്നാലെ 24-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വ അവരുടെ ലീഡുയര്‍ത്തി.

ആദ്യ പകുതി രണ്ട് ഗോളിന് മുന്നിലായ ശേഷം രണ്ടാം പകുതിയിലും ഈസ്റ്റ് ബംഗാള്‍ ഗോളടി തുടര്‍ന്നു. പകരക്കാരനായെത്തിയ നന്ദകുമാര്‍ 62-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി മൂന്നാം ഗോള്‍ നേടി. 66-ാം മിനിറ്റില്‍ സില്‍വ തന്റെ ഗോള്‍ നേട്ടം രണ്ടാക്കി. ഇന്‍ജുറി ടൈമില്‍ ലഭിച്ച ഒരു പെനാല്‍റ്റിയിലൂടെ ആശ്വാസ ഗോള്‍ കണ്ടെത്താനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ അവസരം നെസ്റ്റര്‍ ആല്‍ബിയാക് നഷ്ടപ്പെടുത്തുകയും ചെയ്തു. താരത്തിന്റെ കിക്ക് ബാറില്‍ തട്ടി മടങ്ങി.

81-ാം മിനിറ്റില്‍ നന്ദകുമാര്‍ ഈസ്റ്റ് ബംഗാളിന്റെ ഗോള്‍പട്ടിക തികച്ചു. ജയിച്ചെങ്കിലും ഏഴ് കളികളില്‍ നിന്ന് എട്ട് പോയന്റുമായി ഈസ്റ്റ് ബംഗാള്‍ ഏഴാം സ്ഥാനത്താണ്. ഒമ്പത് പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആറാമതും.

Content Highlights: ISL 2023-24 East Bengal FC beat NorthEast United FC 5-0