ബ്ലാസ്റ്റേഴ്‌സിന്റെ 'ഡയമണ്ട്'

കേരളാ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമെന്റാകോസ്, ക്രിസ്മസിനെ സ്വാഗതം ചെയ്തു കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ കമാനത്തിനു മുന്നിൽ | ഫോട്ടോ ടി.കെ.പ്രദീപ് കുമാർ
കേരളാ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമെന്റാകോസ്, ക്രിസ്മസിനെ സ്വാഗതം ചെയ്തു കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ കമാനത്തിനു മുന്നിൽ | ഫോട്ടോ ടി.കെ.പ്രദീപ് കുമാർ

കൊച്ചി: ക്രിസ്മസ് ട്രീയും സാന്റാക്ലോസുമൊക്കെനിറഞ്ഞ ഫ്രെയിമില്‍ ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ഡബിള്‍ ഹാപ്പിയിലായിരുന്നു ദിമിത്രിയോസ് ഡയമാന്റകോസ്. ക്രിസ്മസ് അടുത്തെത്തുന്നതിന്റെയും ബ്ലാസ്റ്റേഴ്‌സ് മികച്ചഫോമില്‍ തുടരുന്നതിന്റെയും ത്രില്‍നിറഞ്ഞ സന്തോഷം.

വിജയവഴികളിലേക്ക് ടീമിനെ നയിക്കുന്ന ഗോളുകളുടെ ഉടമയാകുമ്പോള്‍ ഡയമാന്റകോസ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും വിലയേറിയ 'ഡയമണ്ട്' തന്നെയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോററായി നില്‍ക്കുന്ന ഗ്രീക്ക് താരം ഡയമാന്റകോസ് 'മാതൃഭൂമി'യുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

മികച്ച ഫോം

ഗോളടിക്കുമ്പോഴാണ് ആരാധകര്‍ ഒരു കളിക്കാരനെ വിജയിയായി അംഗീകരിക്കുന്നത്. എന്നാല്‍, ഗോളിലൂടെ മാത്രമല്ല ഫുട്‌ബോളില്‍ ഒരു താരത്തിന് ടീമിന് നല്ലത് സമ്മാനിക്കാന്‍ സാധിക്കുന്നത്. പരിക്കുമൂലം പ്രീ സീസണില്‍ എനിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ഐ.എസ്.എലില്‍ ഫോമിലേക്ക് തിരിച്ചെത്താനും ഗോളടിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. കോച്ചും ടീമും എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഗോളിലൂടെതന്നെ അവര്‍ക്ക് തിരിച്ചുനല്‍കാനാണ് ശ്രമിക്കുന്നത്.

ചെന്നൈയിനെതിരായ ഗോള്‍

ഐ.എസ്.എലില്‍ ഇതുവരെനേടിയ ഗോളുകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ചെന്നൈയിനെതിരായ ഗോളായിരുന്നു. ഡാനിഷ് ഫാറൂഖ് സമര്‍ഥമായിനല്‍കിയ പാസില്‍നിന്നുള്ള ആ ഷോട്ടിന്റെ പൂര്‍ണതയും ടീമിനെ സമനിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതും എന്നെ ഒരുപോലെ സന്തോഷിപ്പിച്ച കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ആ ഗോളടിച്ചശേഷം ഞാന്‍ മസില്‍ പെരുപ്പിച്ചുകാട്ടി വലിയ ആഹ്ലാദപ്രകടനംതന്നെ നടത്തിയത്.

നീന്തലും ബാസ്‌കറ്റ്‌ബോളും

നീന്തലായിരുന്നു കുട്ടിക്കാലത്ത് എന്നെ ത്രില്ലടിപ്പിച്ച വിനോദം. പന്ത്രണ്ടാം വയസ്സുവരെ നീന്തല്‍മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, പിന്നീട് നീന്തലോ ഫുട്‌ബോളോ എന്ന ചിന്തവന്നപ്പോള്‍ ഫുട്‌ബോളില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കുറച്ചുകാലം ബാസ്‌കറ്റ്‌ബോളും കളിച്ചിരുന്നു.

ഗ്രീസും യൂറോകപ്പും

11 വയസ്സുള്ളപ്പോഴാണ് ഗ്രീസ് യൂറോകപ്പ് നേടുന്നത്. 2004-ലെ ഗ്രീക്ക് ഫുട്‌ബോള്‍ വിപ്ലവം ഞാനടക്കമുള്ള കുട്ടികളെയെല്ലാം ഒരുപാട് സ്വാധീനിച്ചിരുന്നു. രാജ്യത്തിനുവേണ്ടി കളിക്കണമെന്ന ആ ചിന്തയാണ് എന്നെ അഞ്ചുവര്‍ഷത്തിനകം ഗ്രീസിന്റെ അണ്ടര്‍-17 ടീമിലെത്തിച്ചത്. പീന്നീട് ദേശീയടീമിനായും കളിക്കാന്‍ സാധിച്ചു.

റയലും ഇബ്രാഹിമോവിച്ചും

റയല്‍ മാഡ്രിഡാണ് എന്റെ ഇഷ്ടക്ലബ്ബ്. സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചായിരുന്നു ഇഷ്ടതാരം. ഇബ്രാഹിമോവിച്ച് കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടാണ്.

മുത്തച്ഛനും ക്രിസ്മസും

അച്ഛന്റെയോ മുത്തച്ഛന്റെയോ പേരുചേര്‍ത്താണ് സാധാരണ ഞങ്ങളുടെ നാട്ടില്‍ കുട്ടികള്‍ക്ക് പേരിടാറുള്ളത്. എനിക്ക് മുത്തച്ഛന്റെ പേരായ ദിമിത്രിയോസ് ചേര്‍ത്താണ് പേരിട്ടത്. ക്രിസ്മസ് അടുത്തുവരുമ്പോള്‍ ഞാന്‍ വലിയ ആഹ്ലാദത്തിലും അതേസമയം ഓര്‍മകളിലുമാണ്. നാട്ടില്‍ ക്രിസ്മസിന് എല്ലാവരും ഒത്തുകൂടി തകര്‍പ്പന്‍ ആഘോഷങ്ങള്‍ പതിവാണ്. ഇത്തവണ അതൊക്കെ മിസ് ചെയ്യും. പക്ഷേ, ക്രിസ്മസ് രാവില്‍ മുംബൈക്കെതിരായ കളിയില്‍ വിജയിച്ചാല്‍ അതിനേക്കാള്‍ മധുരമായൊരു ക്രിസ്മസ് സമ്മാനം വേറെയില്ല.

Content Highlights: dimitrios diamantakos interview