ആശിച്ചപോലെ ആശാന്‍

Photo: twitter.com/IndSuperLeague
Photo: twitter.com/IndSuperLeague

കോഴിക്കോട്: സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച് മുഖ്യപരിശീലകനായ വിവരം കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ലോകത്തിനുമുന്നില്‍ പ്രഖ്യാപിക്കുന്നത് 2021 ജൂണ്‍ 21-നാണ്. ക്ലബ്ബിന്റെ കടുത്ത ആരാധകരെപ്പോലും അമ്പരപ്പിച്ചാണ് സ്പോര്‍ട്ടിങ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസ് 60-ഓളം അപേക്ഷകരില്‍നിന്ന് വുകോമാനോവിച്ചിനെ തിരഞ്ഞെടുത്തത്. പരിശീലകര്‍ വാഴാത്ത ക്ലബ്ബെന്ന ദുഷ്പേരുണ്ടായിരുന്ന ക്ലബ്ബിനെ തുടര്‍ച്ചയായി മൂന്നുസീസണുകളിലായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ പ്ലേ ഓഫിന് യോഗ്യത നേടിക്കൊടുത്ത്, ചരിത്രം സൃഷ്ടിച്ച് തലയുയര്‍ത്തിനില്‍ക്കുകയാണ് വുകോമാനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാന്‍.

ആദ്യസീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച വുകോമാനോവിച്ച് രണ്ടാം സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചു. സുനില്‍ ഛേത്രിയുടെ വിവാദഗോളിനെ തുടര്‍ന്ന് ബെംഗളൂരു എഫ്.സി.ക്കെതിരായ പ്ലേ ഓഫ് മത്സരം പാതിവഴിയില്‍ ടീം ബഹിഷ്‌കരിച്ചു. ഇത്തവണ മൂന്നാം സീസണില്‍ അഞ്ചാംസ്ഥാനക്കാരായി ടീം പ്ലേ ഓഫിലെത്തി. ഒരേ ടീമിനെ മൂന്നുതവണ തുടര്‍ച്ചയായ പ്ലേ ഓഫിലെത്തിച്ച മറ്റ് പരിശീലകര്‍ ഐ.എസ്.എല്‍. ചരിത്രത്തിലില്ല.

ബ്ലാസ്റ്റേഴ്സ് 2014-നുശേഷം ആദ്യമായി കരാര്‍ പുതുക്കിനല്‍കിയ ഏക പരിശീലകനാണ് വുകോമാനോവിച്ച്. അതിനുമുമ്പ് ഓരോ സീസണിലും ഓരോ പരിശീലകന്‍ എന്നതായിരുന്നു അവസ്ഥ. സ്ഥിരതയുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതാണ് സെര്‍ബിയന്‍ പരിശീലകന്റെ വിജയം. മൂന്നു സീസണുകളിലായി 58 കളിക്കാരെ പരീക്ഷിച്ച വുകോമാനോവിച്ച് 72 മത്സരങ്ങളില്‍ ടീമിനെ ഒരുക്കി. 32 ജയവും 14 സമനിലയും നേടി. 26 കളിയില്‍ തോറ്റു. തന്റെ ആദ്യസീസണിലും ഇത്തവണയും ലീഗ് പകുതി പിന്നിട്ടപ്പോള്‍ ടീമിനെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിക്കാനുമായി.

Content Highlights: coach ivan vukomanovic guides kerala blasters another isl playoffs