ആശാന്‍ പടിയിറങ്ങി; ബ്ലാസ്‌റ്റേഴ്‌സും വുകോമനോവിച്ചും വഴിപിരിഞ്ഞു

കൊച്ചി: ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകോമനോവിച്ച്. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച് നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്‌റ്റേഴ്‌സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.
ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെര്‍ബിയയുടെ മുന്‍ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനങ്ങള്‍ നടത്തി. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു. ഇവാന്‍ സ്ഥാനമേറ്റെടുത്ത ആദ്യ വര്‍ഷം റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു.
ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്‌കോറുകളുടെ കണക്കിലും ബ്ലാസ്‌റ്റേഴ്‌സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.
Content Highlights: blasters parted ways with head coach ivan vukomanovic