ബ്ലാസ്റ്റേഴ്‌സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; സഹലിന് ഇരട്ട ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു

ഗുവാഹട്ടി: തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം വിജയത്തിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ബ്ലാസ്‌റ്റേഴ്‌സിനായി സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസും സഹല്‍ അബ്ദുള്‍ സമദുമാണ് ഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇരട്ട ഗോളുകള്‍ നേടി. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഇൗസ്റ്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്.
മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തു. സൂപ്പര്‍താരം ഇവാന്‍ കല്യൂഷ്‌നിയുടെ ക്രോസ്സ് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധിച്ചു. മിനിറ്റുകള്‍ക്കം ബ്ലാസ്‌റ്റേഴ്‌സും വിറച്ചു. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് നോര്‍ത്ത് ഈസ്റ്റ് മധ്യനിരതാരം റൊമയിന്‍ ഫിലിപ്പൊട്യാക്‌സ് തുടുത്ത ഉഗ്രന്‍ ഷോട്ട് ബാറില്‍ തട്ടി മടങ്ങി.
17-ാം മിനിറ്റില്‍ ഇടത് വിങ്ങില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റ് ഡിഫെന്‍ഡര്‍ തട്ടിയകറ്റി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും നോര്‍ത്ത് ഈസ്റ്റിന് ഗോള്‍ നേടാനായില്ല. കൂടുതല്‍ നേരം പന്ത് കൈവശം കളിച്ചത് ബ്ലാസ്റ്റേഴ്‌സായിരുന്നുവെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ഭേദിക്കാന്‍ കഴിയാതെ വന്നു. ഒടുവില്‍ ഗോള്‍ രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്.
ഗോള്‍ നേടാനായി രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങള്‍ തുടര്‍ന്നു. 48-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് പെനാല്‍റ്റി ബോക്‌സിനടുത്ത് വെച്ച് ഫ്രീകിക്ക് ലഭിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ഗോളാക്കിമാറ്റാനായില്ല. ഒടുവില്‍ 56-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധക്കോട്ട പിളര്‍ന്നു. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിനൊടുവില്‍ വലത് വിങ്ങില്‍ നിന്ന് മധ്യനിരതാരം സൗരവ് മണ്ഡല്‍ നല്‍കിയ പന്ത് പ്രതിരോധിക്കുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് ഡിഫെന്‍ഡര്‍മാര്‍ പരാജയപ്പെട്ടു. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് അനായാസം പന്ത് വലയിലെത്തിച്ചു.
ഗോളിന് ശേഷവും ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് ഗുവാഹട്ടിയില്‍ കാണാനായത്. ഇരുടീമുകളും പകരക്കാരെ കളത്തിലിറക്കി മത്സരം കടുപ്പിച്ചു. ഗോള്‍നേടിയ ഡയമന്റക്കോസിനേയും അസിസ്റ്റ് നല്‍കിയ സൗരവ് മണ്ഡലിനേയും പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് പിന്‍വലിച്ചു. ഡയമന്റക്കോസിന് പകരം അപോസ്തലസ് ജിയാന്നുവിനേയും സൗരവിന് പകരം മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനേയുമാണ് കളത്തിലിറക്കിയത്. സമനില ഗോള്‍ നേടാനുളള നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമങ്ങളെല്ലാം വിഫലമാക്കിയ ബ്ലാസ്റ്റേഴ്‌സ് കിട്ടിയ അവസരങ്ങളില്‍ മുന്നേറി.
ഒടുവില്‍ 85-ാം മിനിറ്റില്‍ ബ്ലസാ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോളുമെത്തി. പകരക്കാരനായിറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ഗോള്‍നേടിയത്.
നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിക്കാനുളള ശ്രമങ്ങള്‍ക്കിടയില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോളും നേടി. ഇത്തവണയും സഹലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. അതോടെ മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി.
ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഉജ്ജ്വല വിജയം നേടിയ മഞ്ഞപ്പട പിന്നീട് തകരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം മത്സരത്തില്‍ സ്വന്തം മൈതാനത്ത് മോഹന്‍ ബഗാനെതിരേ തകര്‍ന്നടിഞ്ഞു. പിന്നീട് ഒഡിഷയോടും മുംബൈ സിറ്റിയോടും തോറ്റു. ടീമിൽ ചെറിയ മാറ്റങ്ങൾ നടത്തിയിട്ടും വിജയം മാത്രം കൂടെനിന്നില്ല. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ് ബ്ലാസ്റ്റേഴ്‌സ്.
Content Highlights: NorthEast United FC vs Kerala Blasters