മുംബൈ എതിരില്ലാത്ത നാല് ഗോളിന് നാണംകെടുത്തി, ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിതക്കുതിപ്പിന് അവസാനം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. കരുത്തരായ മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയെ നാണംകെടുത്തിയത്. മുംബൈയ്ക്ക് വേണ്ടി ഓര്‍ഗെ പെരേര ഡയസ്സ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ട്, ബിപിന്‍ സിങ് എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു.
ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിതക്കുതിപ്പിന് വിരാമമായി. അവസാന എട്ട് മത്സരങ്ങളില്‍ തോല്‍ക്കാതെ മുംബൈ സിറ്റിയെ നേരിടാന്‍ വന്ന ബ്ലാസ്‌റ്റേഴ്‌സ് ഒന്നുപൊരുതുക പോലും ചെയ്യാതെ മുട്ടുമടക്കുകയായിരുന്നു. ഈ വിജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.
ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത മുംബൈ 13 മത്സരങ്ങളില് നിന്ന് 10 വിജയമടക്കം 33 പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. ഹൈദരാബാദാണ് രണ്ടാമത്. കൊച്ചിയില്‍ വെച്ച് ഏറ്റുമുട്ടിയപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുംബൈ ആക്രമിച്ച് കളിച്ചു. നാലാം മിനിറ്റില്‍ ടീം ഗോളടിക്കുകയും ചെയ്തു.ുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഓര്‍ഗെ പെരേര ഡയസ്സാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. പന്തുമായി മുന്നേറിയ ബിപിന്‍ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത് തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെയെത്തിയത് ഡയസ്സിന്റെ കാലിലേക്കാണ്. റീബൗണ്ടായി വന്ന പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിട്ടുകൊണ്ട് ഡയസ്സ് മുംബൈയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു.
എട്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുംബൈ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടെങ്കിലും ഡയമന്റക്കോസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ലാച്ചെന്‍പ കൈയ്യിലൊതുക്കി. 10-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് മുംബൈ വീണ്ടും ലീഡുയര്‍ത്തി. ഇത്തവണ ഗ്രെഗ് സ്റ്റിയുവര്‍ട്ടാണ് ടീമിനായി വലകുലുക്കിയത്. ചങ്‌തെയുടെ അളന്നുമുറിച്ച ക്രോസിന് തലവെച്ചുകൊണ്ട് താരം ടീമിന്റെ ലീഡ് രണ്ടായി ഉയര്‍ത്തി. സ്റ്റിയുവര്‍ട്ടിന്റെ ശക്തമായ ഹെഡ്ഡര്‍ കയറിത്തട്ടാന്‍ ഗോള്‍കീപ്പര്‍ ഗില്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആദ്യ പത്തുമിനിറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നിലായി.
12-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിന്റെ ഫലമായി മുംബൈയുടെ അഹമ്മദ് ജാഹുവിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. എന്നാല്‍ പിന്നാലെ ലഭിച്ച ഫ്രീകിക്ക് മുതലാക്കാന്‍ ലൂണയ്ക്ക് സാധിച്ചില്ല. 16-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും ഗോളടിച്ചു. ഇത്തവണ ബിപിന്‍ സിങ്ങാണ് ടീമിനായി വലകുലുക്കിയത്.
പെരേര ഡയസ് നല്‍കിയ പാസ് സ്വീകരിച്ച ബിപിന്‍ ഇടതുവിങ്ങില്‍ നിന്ന് തൊടുത്തുവിട്ട മനോഹരമായ ഷോട്ട് മഴവില്ലുപോലെ വളഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിന്റെ വലത്തേ മൂലയില്‍ ചെന്ന് പതിച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തകര്‍ന്നു. പക്ഷേ മുംബൈയുടെ ആക്രമണങ്ങള്‍ക്ക് ശക്തി കൂടിക്കൂടി വന്നു.
22-ാം മിനിറ്റില്‍ പെരേര ഡയസ്സ് വീണ്ടും വലകുലുക്കി. അഹമ്മദ് ജാഹുവിന്റെ ത്രൂ ബോള്‍ സ്വീകരിച്ച് മുന്നേറിയ ഡയസ്സ് ഗോള്‍കീപ്പര്‍ ഗില്ലിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ 22 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നാല് ഗോള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് തകര്‍ച്ചയിലേക്ക് വീണു. ഇതോടെ പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ മഞ്ഞപ്പട നിര്‍ബന്ധിതരായി.
40-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ആദ്യ കോര്‍ണര്‍ നേടിയെടുത്തത്. അതില്‍ നിന്ന് തന്നെ മഞ്ഞപ്പടയുടെ മുന്നേറ്റം എത്രത്തോളം ദുര്‍ബലമാണെന്ന് വായിച്ചെടുക്കാനാകും. 45-ാം മിനിറ്റില്‍ ഡയസ്സിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന്റെ കെ.പി.രാഹുലിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനായി ബ്ലാസ്‌റ്റേഴ്‌സ് പരമാവധി ശ്രമിച്ചു. 63-ാം മിനിറ്റില്‍ മുംബൈയുടെ ഡയസ്സിന്റെ ഷോട്ട് ഗോള്‍ലൈനില്‍ വെച്ച് രക്ഷപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വലിയ വെല്ലുവിളി തരണം ചെയ്തു. പകരക്കാരനായി വന്ന അപ്പോസ്തലസ് ജിയാനുവിന് 76-ാം മിനിറ്റില്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയാതെ വന്നു. ഇതോടെ ടീം ടൂര്‍ണമെന്റിലെ നാലാം തോല്‍വി ഏറ്റുവാങ്ങി.
Content Highlights: kerala blasters, mumbai city fc, isl 2023, indian super league, blasters match live, football news