ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്‌റ്റേഴ്‌സ്

Photo: twitter.com/IndSuperLeague
Photo: twitter.com/IndSuperLeague

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണില്‍ ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്‌റ്റേഴ്‌സ്. ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വിജയഗോള്‍ സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഹൈദരാബാദായിരുന്നു പന്തടക്കത്തില്‍ മുന്നില്‍. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി ബ്ലാസ്റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. അഡ്രിയാന്‍ ലൂണയുടെ ബ്രില്ല്യന്‍സാണ് ഗോളിന് വഴിയൊരുക്കിയത്. ലൂണ ബോക്‌സിന് പുറത്ത് നിന്ന് ചിപ് ചെയ്ത് അകത്തേക്ക് നല്‍കിയ പന്ത് ഹൈദരാബാദ് കീപ്പര്‍ അനുജ് കുമാര്‍ ക്ലിയര്‍ ചെയ്തത് നേരേ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ മുന്നിലേക്കായിരുന്നു. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലെത്തിച്ചു.

പിന്നാലെ 20-ാം മിനിറ്റില്‍ രാഹുലിന് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഇടംകാലന്‍ ഷോട്ട് അനുജ് കുമാര്‍ കൈപ്പിടിയിലാക്കി.

ഇതിനിടെ പേശീവലിവ് അനുഭവപ്പെട്ട ദിമിത്രിയോസ് ഡയമന്റക്കോസിന് 34-ാം മിനിറ്റില്‍ കളംവിടേണ്ടി വന്നു. അപ്പോസ്തലോസ് ജിയാനു പകരമിറങ്ങി. പിന്നാലെ 37-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സഹല്‍ നഷ്ടപ്പെടുത്തിയത് സ്റ്റേഡിയത്തെ ഞെട്ടിച്ചു. ലൂണ നല്‍കിയ ക്രോസില്‍ നിന്നുള്ള സഹലിന്റെ ഫ്രീ ഹെഡര്‍ പുറത്തേക്ക് പോകുകയായിരുന്നു.

പിന്നാലെ രണ്ടാം പകുതിയില്‍ ഹൈദരാബാദിന്റെ മുന്നേറ്റങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. ഈ മത്സരത്തിലും രാഹുല്‍ കെപിയുടെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എങ്കിലും രണ്ടാം പകുതിയില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ പലതും ഹൈദരാബാദ് താരങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നു.

ജയത്തോടെ 12 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 16 പോയന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2022-23 Hyderabad FC vs Kerala Blasters