അവസരങ്ങള്‍ മുതലാക്കാനായില്ല; ഹൈദരാബാദ്-എടികെ ആദ്യപാദ സെമി ഗോള്‍രഹിതം

photo: twitter/Indian Super League
photo: twitter/Indian Super League

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍  നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയും എടികെ മോഹന്‍ ബഗാനും തമ്മിലുള്ള ആദ്യപാദ സെമിഫൈനല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന കരുത്തരുടെപോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലാക്കാനാവാത്തത് നിലവിലെ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയാണ്. 

സ്വന്തം മൈതാനത്ത് എടികെ മോഹന്‍ ബഗാനെ വിറപ്പിച്ചാണ് ഹൈദരാബാദ് തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എടികെ യുടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഹൈദരാബാദ് മുന്നേറ്റനിരക്കാര്‍ പലതവണ കയറിയിറങ്ങി. ഹൈദരാബാദിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ എടികെ പ്രതിരോധം നന്നായി ബുദ്ധിമുട്ടി. ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ തകര്‍പ്പന്‍ സേവുകളാണ് പലപ്പോഴും മോഹന്‍ ബഗാന്റെ രക്ഷക്കെത്തിയത്. 

എന്നാല്‍ 38-ാം മിനിറ്റില്‍ മോഹന്‍ ബഗാന് മുന്നിലെത്താനുള്ള സുവര്‍ണാവസരം ലഭിച്ചു. മൈതാനമധ്യത്തുനിന്ന് ദിമിത്രി പെട്രറ്റോസെടുത്ത ഫ്രീകിക്ക് ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് സുഭാശിഷ് ബോസ് ഹെഡ് ചെയ്ത് പോസ്റ്റിലേക്ക് നീട്ടി. പന്ത് ഗോള്‍കീപ്പറെ മറികടന്നെങ്കിലും പ്രീതം കോട്ടാലിന് വലയിലെത്തിക്കാനായില്ല. ഷോട്ട് ബാറില്‍ തട്ടി മടങ്ങി. ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. 

രണ്ടാം പകുതിയില്‍ എടികെയും ആക്രമിച്ച് കളിച്ചു. 52-ാം മിനിറ്റില്‍ ഹൈദരാബാദ് വിങ്ങര്‍ നര്‍സാരിയുടെ പിഴവില്‍ നിന്ന് കിട്ടിയ മികച്ച അവസരം ആശിഷ് റായിക്ക് മുതലാക്കാനായില്ല. 55-ാം മിനിറ്റില്‍ ഹൈദരാബാദ് വിങ്ങര്‍ മുഹമ്മദ് യാസിറിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. 60-ാം മിനിറ്റില്‍ സൂപ്പര്‍താരം ബര്‍തലോമ്യു ഒഗ്ബച്ചയെ ഹൈദരാബാദ് കളത്തിലിറക്കി.

ഹൈദരാബാദ് തിരിച്ചടിക്കാനായി മുന്നേറ്റങ്ങള്‍ ശക്തമാക്കിയെങ്കിലും എടികെ പ്രതിരോധം മറികടക്കാനായില്ല. ഇതോടെ ആദ്യപാദ സെമി ഗോള്‍രഹിതമായി അവസാനിച്ചു. തിങ്കളാഴ്ച മോഹന്‍ ബഗാന്റെ തട്ടകമായ സാള്‍ട്ട്‌ലേക്കിലാണ് രണ്ടാംപാദ സെമി ഫൈനല്‍ മത്സരം. 

Content Highlights: Hyderabad FC vs ATK Mohun Bagan