പിറന്നാളിന് വിജയമധുരം മോഹിച്ച് രാഹുല്‍

മഡ്ഗാവ്: ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനത്തിന് കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് വിങ്ങര്‍ കെ.പി. രാഹുല്‍. സ്വന്തം ടീമിന്റെ ഫൈനല്‍ ബര്‍ത്താണ് യുവതാരം ആഗ്രഹിക്കുന്ന സമ്മാനം. ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തിയാല്‍ മലയാളിതാരത്തിന്റെ 22-ാം ജന്മദിനാഘോഷം തകര്‍ക്കും.
മാര്‍ച്ച് 16-ന് ആണ് രാഹുലിന്റെ പിറന്നാള്‍. സീസണില്‍ പരിക്കുമൂലം ഭൂരിഭാഗം കളികളും നഷ്ടപ്പെട്ട തൃശ്ശൂര്‍ സ്വദേശി മടങ്ങിവരവിന്റെ പാതയിലാണ്. പിറന്നാള്‍ ആഘോഷം ഗംഭീരമാകണമെങ്കില്‍ ടീം ഫൈനലില്‍ കടക്കണമെന്ന് രാഹുലിന്റെ പിതാവ് പ്രവീണ്‍ പറഞ്ഞു.
രാഹുലിനൊപ്പം നായകന്‍ അഡ്രിയന്‍ ലൂണയ്ക്കും പ്രതിരോധനിരതാരം ബിജോയ് വര്‍ഗീസിനും ഫൈനല്‍ ബര്‍ത്ത് പിറന്നാള്‍ സമ്മാനമായി മാറും. തിങ്കളാഴ്ചയായിരുന്നു ബിജോയിയുടെ 21-ാം പിറന്നാള്‍ദിനം. 12-നാണ് ലൂണയ്ക്ക് 30 വയസ്സ് തികഞ്ഞത്.