ഖബ്ര, കരണ്‍, നിഷു, ചെഞ്ചോ; ഇനി ബ്ലാസ്റ്റേഴ്സ്

#മഡ്ഗാവില്‍ നിന്ന് അനീഷ് പി. നായര്‍
നിഷു കുമാര്‍, കരണ്‍ജിത്ത് സിങ്, ഹര്‍മന്‍ജ്യോത് ഖബ്ര | Photo: twitter.com/KeralaBlasters, twitter.com/IndSuperLeague
നിഷു കുമാര്‍, കരണ്‍ജിത്ത് സിങ്, ഹര്‍മന്‍ജ്യോത് ഖബ്ര | Photo: twitter.com/KeralaBlasters, twitter.com/IndSuperLeague

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഫൈനലിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കരുത്താകുന്നത് കിരീടപോരാട്ടങ്ങളുടെ അനുഭവസമ്പത്തുള്ള കളിക്കാരുടെ സാന്നിധ്യം. സൂപ്പര്‍ ലീഗ് ഇതിനുമുമ്പ് നേടിയ നാലുതാരങ്ങള്‍ ടീമിലുണ്ട്. ഇതിനുപുറമേ വിവിധ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ മൊത്തം പത്തിലധികം താരങ്ങളും ടീമിലുണ്ട്. ഞായറാഴ്ച ഹൈദരാബാദിനെതിരേ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കളിക്കാനിറങ്ങുമ്പോള്‍ ഈ താരങ്ങളുടെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകും.

ഹാട്രിക് മോഹിച്ച്

ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ കരണ്‍ജിത്ത് മൂന്നാം ഐ.എസ്.എല്‍. കിരീടമാണ് ലക്ഷ്യമിടുന്നത്. 2015, 2017-18 സീസണുകളില്‍ ചെന്നൈയിന്‍ എഫ്.സി.ക്കൊപ്പമാണ് കരണ്‍ജിത്ത് കപ്പുയര്‍ത്തിയത്. 2019-20ല്‍ റണ്ണറപ്പുമായി. ഗോള്‍ കീപ്പര്‍ക്ക് നാലാം ഫൈനലാണ്. ഇത്തവണ പ്രഭ്സുഖന്‍ ഗില്‍ മികച്ച ഫോമിലായതിനാല്‍ കരണ്‍ജിത്തിന് ഇതുവരെ ഇറങ്ങാന്‍ പറ്റിയിട്ടില്ല.

പ്രതിരോധനിരതാരം ഹര്‍മന്‍ജ്യോത് ഖബ്ര 2015-ല്‍ ചെന്നൈയിനൊപ്പവും 2018-19ല്‍ ബെംഗളൂരു എഫ്.സി.ക്കൊപ്പവും സൂപ്പര്‍ ലീഗ് നേടി. മൂന്നാം കിരീടമാണ് താരവും മോഹിക്കുന്നത്. പ്രതിരോധനിരതാരം നിഷുകുമാര്‍ 2018-19ല്‍ ബെംഗളൂരു എഫ്.സി.ക്കൊപ്പമാണ് കിരീടം നേടിയത്. 2017-18 ടീം റണ്ണറപ്പാകുമ്പോഴും അംഗമായിരുന്നു. ഭൂട്ടാന്‍ താരം ചെഞ്ചോ 2018-19ല്‍ ബെംഗളൂരു എഫ്.സി.ക്കൊപ്പമാണ് സൂപ്പര്‍ ലീഗ് നേടിയത്.

വിജയമധുരമുള്ള വിദേശതാരങ്ങള്‍

ബ്ലാസ്റ്റേഴ്സ് നായകനും യുറഗ്വായ് താരവുമായ അഡ്രിയന്‍ ലൂണ ഓസ്ട്രേലിയന്‍ ലീഗ് 2020-21ല്‍ നേടിയ മെല്‍ബണ്‍ സിറ്റിയില്‍ അംഗമായിരുന്നു. ബോസ്നിയന്‍ താരം എനെസ് സിപോവിച്ച് 2010-11ല്‍ റുമാനിയന്‍ ലീഗ് ജയിച്ച ഒറ്റെലുല്‍ ഗലാറ്റിയില്‍ അംഗമായിരുന്നു.

അര്‍ജന്റീനാ താരം യോര്‍ഗെ ഡയസ് ജോഹര്‍ ദാറുള്‍ തസിമിനൊപ്പം രണ്ടുതവണ മലേഷ്യന്‍ സൂപ്പര്‍ ലീഗ് നേടിയിട്ടുണ്ട്. സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വസിന് ലീഗ് കിരീടങ്ങളില്ല. എന്നാല്‍, 2013-ല്‍ അണ്ടര്‍-21 യൂറോകപ്പ് നേടിയ സ്പാനിഷ് ടീമില്‍ കളിച്ചിട്ടുണ്ട്.

കിരീടത്തിലെ യുവശക്തി

വിങ്ങര്‍ വിന്‍സി ബാരറ്റോ കഴിഞ്ഞ സീസണില്‍ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി.യില്‍ അംഗമായിരുന്നു. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന് ഐസോള്‍ എഫ്.സി.ക്കൊപ്പം ഐ ലീഗ് നേടിയ ചരിത്രമുണ്ട്. സഹല്‍ അബ്ദുസമദ്, ജീക്സന്‍ സിങ് എന്നിവര്‍ സാഫ് കപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമാണ്. ഹോര്‍മിപാം അണ്ടര്‍-18 സാഫ് കപ്പ് 2019-ല്‍ നേടിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു.

ഇവാന്റെ കപ്പുകള്‍

കളിക്കാരനായ ഇവാന്‍ വുകോമാനോവിച്ച് റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനൊപ്പം യൂഗോസ്ലാവിയ ഫസ്റ്റ് ലീഗ് രണ്ടുതവണ നേടി. ഒബിലിച്ചിനൊപ്പം ഒരുതവണയും. ഫ്രഞ്ച് ക്ലബ്ബ് ബോര്‍ഡോക്കൊപ്പം ഫ്രഞ്ച് ഡിവിഷന്‍ വണ്ണും നേടി. പരിശീലകനായി സ്ലോവന്‍ ബ്രാറ്റിസ്ലാവയ്‌ക്കൊപ്പം സ്ലോവാക് കപ്പ് 2017-18 സ്വന്തമാക്കി.

Content Highlights: isl 2021-22 kerala blasters have four players who have previously won the Super League