സഹലും ബ്ലാസ്റ്റേഴ്സും അടിപൊളി; അഭിനന്ദനവുമായി ഇന്ത്യന്‍ പരിശീലകന്

മുംബൈ: ഐഎസ്എല്‍ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ പുകഴ്ത്തി ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച്. എതിരാളികളെ ഭയക്കാതെ ഊര്‍ജസ്വലരായി കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ് എന്ന് സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ പ്രകടനത്തേയും ഇന്ത്യന്‍ കോച്ച് പുകഴ്ത്തി.
ഇതിന്റെ എല്ലാ ക്രെഡിറ്റും സ്റ്റിമാച്ച് നല്‍കിയത് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുക്കൊമനോവിച്ചിനാണ്. ബഹ്റൈന്‍, ബലാറസ് ടീമുകള്‍ക്കെതിരേ ഇന്ത്യയുടെ സൗഹൃദ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്റ്റിമാച്ച്. മാര്‍ച്ച 23നും മാര്‍ച്ച് 26-നുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
'എനിക്കേറ്റവും പ്രിയപ്പെട്ട താരങ്ങളുടെ പേരു പറഞ്ഞാല്‍ സഹല്‍ തീര്‍ച്ചയായും അക്കൂട്ടത്തിലുണ്ടാകും. ആരും കാണാനാഗ്രഹിക്കുന്ന കളിയാണ് സഹലിന്റേത്. ഒടുവില്‍ സഹലിന് മികച്ചൊരു സീസണ് ലഭിച്ചതില്‍ സന്തോഷം. വിദേശ താരങ്ങളുമായുള്ള സഹലിന്റെ മനപ്പൊരുത്തം എടുത്തുപറയേണ്ടതാണ്. സഹല്‍ ഗോളടിച്ചും ഗോളടിപ്പിച്ചും തിങ്ങളുന്നത് കാണുന്നത് സന്തോഷമുള്ള കാര്യമാണ്. ദേശീയ ടീമിനെ സംബന്ധിച്ചും സഹലിന്റെ പ്രകടനം വളരെ നല്ല വാര്‍ത്തയാണ്.' സ്റ്റിമാച്ച് വ്യക്തമാക്കി.
ടീമിന്റെ പ്രകടനത്തേയും പരിശീലകന് വുക്കമനോവിച്ചിനേയും കുറിച്ചും സ്റ്റിമാച്ച് വാചാലനായി. 'ബ്ലാസ്റ്റേഴ്സിനൊപ്പം ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന പരിശീലകന് ഇവാന് പ്രത്യേകം നന്ദി. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. മധ്യനിരയിലെ ഊര്‍ജസ്വലത എടുത്തുപറയണം. നിര്‍ഭയമായി കളിക്കുന്നു എന്നത് പ്രധാന കാര്യമാണ്. കടുത്ത സമ്മര്‍ദ്ദത്തിലൂടെ എതിരാളികളെ വെള്ളംകുടിപ്പിക്കുന്ന കളിയും കൊള്ളാം.' ഇന്ത്യന്‍ കോച്ച് ചൂണ്ടിക്കാട്ടി.
ബ്ലാസ്റ്റേഴ്സിനായി യുവ ഗോള്‍കീപ്പര്‍ പ്രഭ്സുഖന്‍ സിങ് പുറത്തെടുത്ത മികച്ച പ്രകടനവും സ്റ്റിമാച്ച് പരാമര്‍ശിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മികച്ച പ്രകടനം പുറത്തെടുത്ത വിപി സുഹൈറിനേയും സ്റ്റിമാച്ച് അഭിനന്ദിച്ചു.
Content Highlights: Igor Stimac Calls Kerala Blasters' Sahal Abdul Samad One of His Favourites