20 മിനിറ്റിനുള്ളിൽ സ്റ്റേഡിയം ഒഴിപ്പിച്ചു, 50-ഓളം വാഹനങ്ങളിൽ മടക്കം; പോലീസ് ഒരുക്കിയത് കനത്ത സുരക്ഷ

ധരംശാല സ്റ്റേഡിയം | AP
ധരംശാല സ്റ്റേഡിയം | AP

ധരംശാല: ഐപിഎല്ലിൽ ‌വ്യാഴാഴ്ച നടന്ന പഞ്ചാബ് കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ താരങ്ങൾ മടങ്ങിയത് കനത്ത സുരക്ഷയിൽ. മത്സരം നിർത്തിവെച്ചതിന് പിന്നാലെ 20 മിനിറ്റിനുള്ളിൽ തന്നെ സ്റ്റേഡിയം ഒഴിപ്പിച്ചു. പിന്നാലെ ഇരുടീമുകളിലെയും താരങ്ങളെയും മറ്റു സ്റ്റാഫുകളെയും വൻ പോലീസ് അകമ്പടിയോടെയാണ് താമസിക്കുന്ന ഹോട്ടലിലേക്ക് മാറ്റിയത്. താരങ്ങളുടെ സുരക്ഷയ്ക്കാണ് മുൻ​ഗണന നൽകിയതെന്ന് കം​ഗ്ര എസ്പി ശാലിനി അ​ഗ്നിഹോത്രി എൻഡിടിവിയോട് പറഞ്ഞു. 

പാതിവഴിയില്‍ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ കാണികളോട് സ്റ്റേഡിയം വിടാന്‍ ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ അടക്കമുള്ളവര്‍ നിര്‍ദേശിച്ചിരുന്നു. പിന്നാലെ താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുകളടക്കമുള്ളവരെയും സുരക്ഷിതമായി മാറ്റാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിച്ചത്. കനത്ത സുരക്ഷയിലാണ് ഇവരെ റെയില്‍വേസ്റ്റേഷനിലെത്തിച്ചത്. 

'20 മിനിറ്റിനുള്ളിൽ സ്റ്റേഡിയം ഒഴിപ്പിച്ചു. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷയായിരുന്നു ഞങ്ങളുടെ ആദ്യത്തെ മുൻഗണന. ഇരു ടീമുകളിലെയും കളിക്കാരെ ഉടൻതന്നെ ഗ്രൗണ്ടിൽ നിന്ന് തിരികെ വിളിപ്പിച്ച് കർശന സുരക്ഷയിൽ അവരവരുടെ ഹോട്ടലുകളിലേക്ക് മാറ്റി.'- കം​ഗ്ര എസ്പി ശാലിനി അ​ഗ്നിഹോത്രി പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെയാണ് ഇരുടീമുകളിലുമുള്ള താരങ്ങളെയും കോച്ചിങ് സ്റ്റാഫുകളെയും സംപ്രേക്ഷണ ഉദ്യോഗസ്ഥരെയും ധർമ്മശാലയിൽ നിന്ന് പഞ്ചാബ് അതിർത്തിയിലുള്ള ഹോഷിയാർപൂരിലേക്ക് കൊണ്ടുപോയത്. ഏകദേശം 40 മുതൽ 50-ഓളം വാഹനങ്ങളിലായാണിത്. പഞ്ചാബ് പോലീസും കം​ഗ്രാ പോലീസും ഇവർക്ക് സുരക്ഷയൊരുക്കി. പിന്നീട് ജലന്ധർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക ട്രെയിനിലാണ് ഇവർ മടങ്ങിയത്.

അതേസമയം ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഒരാഴ്ചത്തേക്ക് മാറ്റിവെക്കാനാണ് ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നത്. 
ഒരാഴ്ചയ്ക്ക് ശേഷം മത്സരങ്ങളുടെ പുതിയ സമയക്രമങ്ങളും വേദികളും സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. താരങ്ങളുടെ സുരക്ഷയെ കരുതിയാണ് തീരുമാനം.

Content Highlights: ipl teams left dharamsala stadium police security measures