ഐ.പി.എല്‍.; പുതിയ സീസണില്‍ രണ്ട് മാറ്റങ്ങള്‍, ക്രിക്കറ്റിനെ കുറ്റമറ്റതാക്കുക ലക്ഷ്യം

ഐ.പി.എല്‍. പതിനേഴാം സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ടീം നായകര്‍ ട്രോഫിക്കൊപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നു | ANI
ഐ.പി.എല്‍. പതിനേഴാം സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ടീം നായകര്‍ ട്രോഫിക്കൊപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നു | ANI

ചെന്നൈ: ക്രിക്കറ്റ് നിയമത്തിലെ രണ്ടു മാറ്റങ്ങൾ പുതിയ ഐ.പി.എല്‍. സീസണോടെ പ്രാബല്യത്തിൽവരും. ഒരു ഓവറിൽ രണ്ട് ബൗൺസർ എറിയാമെന്നതാണ് ആദ്യം. ഒപ്പം അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള ഡി.ആർ.എസ്. സംവിധാനം കുറ്റമറ്റതാക്കാൻ സ്മാർട്ട് റിപ്ലേ സംവിധാനവും തുടങ്ങും. സ്റ്റേഡിയത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് ഹൈ സ്പീഡ് ക്യാമറകളിലൂടെ, പുനഃപരിശോധനാ തീരുമാനം കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. തീരുമാനമെടുക്കുന്നതിന്റെ വേഗം കൂടും. കഴിഞ്ഞവർഷം തുടങ്ങിയ ഇംപാക്റ്റ് പ്ലെയർ സംവിധാനം തുടരും.

ഐ.പി.എലിൽ 10 ടീമുകളുടെ പോരാട്ടം വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗ്രൗണ്ടിലിറങ്ങുന്നതോടെ ഈ ബാറ്റുയുദ്ധത്തിന്റെ വേദി തുറക്കും.

തുടർന്ന് രണ്ടുമാസം കൊണ്ടുപിടിച്ച മത്സരങ്ങൾ, ആരാധകരുടെ ആർപ്പുവിളികൾ, ആഘോഷം... മേയ് ഒടുവിൽ നടക്കുന്ന ഫൈനലിൽ പത്തിലൊരു ടീം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പോരിൽ വിജയികളാകും. വരുന്ന ഒരുവർഷം അവരായിരിക്കും ഐ.പി.എലിന്റെ അധികാരത്തിൽ.

Content Highlights: ipl 2024 drs smart replay and bouncer new changes in cricket