യോഗ അഭ്യസിക്കുന്നതിനുമുമ്പ് ശരീരവഴക്കത്തിന് ഇക്കാര്യങ്ങൾ ചെയ്യാം

Representative Image | Photo: Mathrubhumi
Representative Image | Photo: Mathrubhumi

ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സംഭാവനയാണ് യോഗ. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉണർത്തുന്ന ജീവിതശൈലി. യോഗയിലുടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രം പോലും അംഗീകരിച്ചു. എല്ലാവർഷവും ജൂൺ 21 ആണ് അന്താരാഷ്ട്രയോഗ ദിനം. ഐക്യരാഷ്ട്രസഭ 2014 ഡിസംബർ 11-നാണ് യോഗയ്ക്കായി പ്രത്യേകദിനം പ്രഖ്യാപിച്ചത്. 

യോഗ അഭ്യസിക്കുന്നതിനുമുമ്പ് ശരീരവഴക്കത്തിന് ശിഥിലീകരണ വ്യായാമങ്ങൾ ആവശ്യമാണ്.

പാദചലനം: ഇടതുകാലിൽനിന്ന് വലതുകാൽ അൽപം മുന്നോട്ടേക്കുവെച്ച് കാൽപ്പാദം അൽപം ഉയർത്തുക. കാൽവിരൽ കൊണ്ട് വായുവിൽ വട്ടംവരയ്ക്കുന്നതുപോലെ കറക്കുക.

കണ്ഠചലനം: കൈകൾ പിന്നിൽച്ചേർത്ത് നട്ടെല്ല് നിവർത്തിനില്ക്കുക. തല വലതുഭാഗത്തുകൂടി ചുഴറ്റുക. ഇതേ രീതിയിൽ ഇടത്തോട്ടം ചുഴറ്റുക. ആവർത്തിക്കുക. ശേഷം കൈകൾ അയച്ച് ഇരുവശത്തും തൂക്കിയിടുക.

ഹസ്ത ഉത്ഥാസനം: കാലുകൾ ഒന്നരയടിയോളം അകത്തി തല നേരെവെച്ച് കൈകൾ തൂക്കിയിടുക. ദീർഘമായും പതുക്കെയും ശ്വാസമെടുത്ത് കൈകൾ വശങ്ങളിലൂടെ തലയുടെ മുകൾഭാഗം വരെ ഉയർത്തുക. അല്പനേരം ഈ സ്ഥിതിയിൽ തുടർന്നശേഷം ശ്വാസംവിട്ട് കൈകൾ താഴ്ത്തുക.

സ്‌കന്ധചലനം: നിവർന്നുനിന്ന് കൈയുടെ തള്ളവിരലുകൾ തോളിൽ ചേർത്ത് വെക്കുക. കൈമുട്ട് മുന്നിൽനിന്ന് പിന്നോട്ട് 10 തവണ തിരിക്കുക. ശേഷം എതിർദിശയിലും 10 തവണ ചെയ്യുക.

വസ്തിചലനം: ഇരുകൈകളും അരക്കെട്ടിൽ ചേർത്തുവെക്കുക. കാൽമുട്ട് മടക്കാതെ അരക്കെട്ട് ആദ്യം വലതു വശത്തേക്ക് കൊണ്ടുപോകുക. 10 തവണ ചെയ്തശേഷം അരക്കെട്ട് മുന്നിലേക്കും പിന്നിലേക്കും ചലിപ്പിക്കുക.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ 

  • യോഗ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ധ്യാനം അല്ലെങ്കിൽ പ്രാർഥനയോടുകൂടി വേണം.
  • പന്ത്രണ്ട് വയസ്സ് കഴിഞ്ഞ ആർക്കും അഭ്യസിക്കാം
  • ആർത്തവദിനങ്ങളിലും ഗർഭാവസ്ഥയിലും യോഗ ചെയ്യരുത്.
  • വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളംകുടിച്ച് ആരംഭിക്കാം.
  • പ്രഭാതകൃത്യങ്ങൾക്കുശേഷം ആരംഭിക്കുക.
  • വായുസഞ്ചാരമുള്ള മുറിയിലോ ഹാളിലോ കട്ടിയുള്ള വിരിപ്പ് വിരിച്ച് വടക്കോകിഴക്കോ അഭിമുഖമായി യോഗ ആരംഭിക്കാം.

Content Highlights: things to do before yoga, international yoga day