രോഗിയുടെ സന്തോഷവും സംതൃപ്തിയുമാണ് ഒരു നഴ്സിനു ലഭിക്കുന്ന ഏറ്റവും വലിയ അവാർഡ്

Our nurses, our future, the economic power of care. 2024 ലെ നേഴ്സിങ് ദിന പ്രമേയമാണിത്.
"ആയുഷ്കാലം മുഴുവൻ ആളുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നഴ്‌സുമാർ വഹിക്കുന്ന പ്രധാന പങ്ക് കോവിഡെന്ന മഹാമാരിക്കാലത്ത് ലോകത്തിന് കൂടുതൽ ബോധ്യമായി,” എന്ന് ഇന്റർനാഷണൽ നേഴ്‌സസ് കൗൺസിൽ (International Council of Nurses) പ്രസിഡന്റ് ആനെറ്റ് കെന്നഡി (Annette Kennedy) പറഞ്ഞിരുന്നു. ആര്‍ദ്രമായ മനസ്സോടെ ഏറെ ശ്രദ്ധയോടെ രോഗിയെ പരിചരിക്കുന്ന നഴ്സിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ ഏതെങ്കിലും യന്ത്രത്തിനു കഴിയുമോ? ഒരിക്കലുമില്ല.
ഡോക്ടര്‍ രോഗം നിർണയിച്ച് ചികിത്സ നിർദ്ദേശിക്കുമ്പോൾ, നഴ്സ് രോഗിയെ ശുശ്രൂഷിക്കുകയാണുചെയ്യുന്നത്. ഇതില്‍ പലപ്പോഴും ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും മുറിവുണക്കുന്നത് ഉള്‍പ്പെടുന്നു. രോഗി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന നൊമ്പരങ്ങളും വിഷമങ്ങളും മനസ്സിലാക്കി ആത്മാര്‍ഥതയോടെ അവരെ സഹായിക്കാന്‍ ഒരു നേഴ്സിനു കഴിയണം. ഒപ്പം ദയയും ദീര്‍ഘക്ഷമയും ആവശ്യമാണ്. നഴ്സിങ്ങിനെയും വൈദ്യശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ അറിവ് വിശാലമാക്കാനുള്ള ആഗ്രഹവും ഒരു നഴ്സിന് എപ്പോഴും ഉണ്ടായിരിക്കണം.
ചെംസ്ഫോർഡിലെ ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ കീമോതെറാപ്പി നേഴ്സ് പ്രാക്റ്റിഷണർ ആയാണ് ഞാൻ ജോലി ചെയ്യുന്നത്. കാൻസർ, കീമോതെറാപ്പി, റേഡിയേഷൻ എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും ആളുകൾക്ക് ഭയമാണ്. കാൻസർ ബാധിച്ചവരെ ഒറ്റപ്പെടുത്തുന്ന ഈ അഭ്യസ്ത സമൂഹത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ജീവിതത്തിന്റെ നിറങ്ങൾ പൊലിയുമെന്ന തോന്നൽ മനസ്സിലുണ്ടാകുമ്പോൾ ചേർത്ത് പിടിക്കലാണ് വേണ്ടത്.
ഏകദേശം ഒരു വർഷം മുൻപാണ് ഞാൻ ജെനിയെ ( യഥാർഥ പേരല്ല ) കാണുന്നത്. രോഗത്തെക്കുറിച്ചും കീമോതെറാപ്പിയെക്കുറിച്ചുമൊക്കെ ഞാൻ പറയുന്നതിനൊന്നും ചെവി തരാതെ നിർത്താതെ അവൾ കരഞ്ഞു കൊണ്ടേയിരുന്നു. നാൽപ്പത്തിയെട്ടാം വയസ്സിൽ അവിചാരിതമായി വന്നു ചേർന്ന Multiple Myeloma ( A type of bone marrow cancer)എന്ന കാൻസറുമായി പൊരുത്തപ്പെടാനാകാതെ തകർന്നുടഞ്ഞ ഒരു ചില്ലുപാത്രം പോലെ എന്റെ മുന്നിലിരുന്ന ജെന്നിയെ എനിക്ക് നല്ല ഓർമയുണ്ട്. മറവിയുടെ തുരുത്തിൽപ്പെട്ടുപോയ പ്രായമായ ആളുകളെ നോക്കുന്ന കെയർ ഹോമിലെ നഴ്സ് ആയിരുന്നു ജെന്നി.
രോഗവിവരം അറിഞ്ഞപ്പോൾ തനിച്ചാക്കി കടന്നുപോയ കൂട്ടുകാരനോടും അസുഖത്തിന്റെ തിരിച്ചറിവിൽ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാൻ പാടുപെടുന്ന തന്നോടുതന്നെയും അവൾക്ക് അമർഷമായിരുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മകൾ മാത്രമായിരുന്നു ഏക ആശ്വാസം.
ഒരു ജോലിയില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നതുകൊണ്ട് ഉള്ള ജോലി ഉപേക്ഷിക്കാനും കഴിയില്ല. മറ്റുള്ളവരെ ഉപദേശിക്കാൻ വളരെ എളുപ്പമാണ്, പക്ഷേ ചില സമയത്ത് അതവരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം. കോവിഡ് വന്നതിനുശേഷം ലോങ്ങ് കോവിഡ് കൊണ്ട് പല രീതിയിൽ ഞാൻ ബുദ്ധിമുട്ടിയിരുന്നു.അപ്പോഴൊക്കെ എന്റെ കുടുംബത്തോടൊപ്പം എന്നെ ചേർത്ത് പിടിച്ചത് NHS ലെ സിക്ക്നെസ്സ് പോളിസിയും എന്റെ യൂണിറ്റ് മാനേജരും ആയിരുന്നു.
ജെന്നിയോട്, ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ ഒരു ജോലിക്കപേക്ഷിച്ചുകൂടെ എന്ന് ഞാൻ ചോദിച്ചു. കാൻസർ വന്നവരെ ആര് ജോലിക്കെടുക്കും രശ്മി? ഉള്ള ജോലി പോലും പോകുന്ന അവസ്ഥയിലാണ് ഞാൻ എന്നായി ജെന്നി.
ഒരിക്കലും പ്രതീക്ഷ കൈ വിടരുത്. എന്റെ എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണം എന്ന് പറഞ്ഞു, ജോലിക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് വിശദമായി പറഞ്ഞു കൊടുത്ത് ജെന്നിയെ യാത്രയാക്കുമ്പോൾ അവൾ ആകെ ആവശ്യപ്പെട്ടത് ഒന്ന് ഹഗ് ചെയ്തോട്ടെ എന്നാണ്.
ജീവിതത്തിൽ വല്ലാതെ പൊട്ടിപ്പിളർന്നു പോകുമ്പോൾ ഒരു ചേർത്തു പിടിക്കലിന് വല്ലാത്ത ഹീലിങ്ങ് പവർ ഉണ്ട്. അതിനുശേഷം പല തവണ ഞാൻ ജെന്നിയെ കണ്ടു. പതിയെ പതിയെ അവൾ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങി. രണ്ടാഴ്ച മുന്നേ പുഞ്ചിരിയോടെ കുറച്ച് പൂക്കളുമായാണ് അവൾ വന്നത്. എനിക്ക് ബ്രൂംഫീൽഡ് ഹോസ്പിറ്റലിൽ ജോലി കിട്ടി. രോഗവിവരമെല്ലാം ഞാൻ പറഞ്ഞു, എന്നിട്ടും ജോലി കിട്ടി. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. പുതിയൊരു പ്രതീക്ഷയുടെ പീതവർണ്ണങ്ങൾ ഞാൻ അതിൽ കണ്ടു.
സത്യം പറഞ്ഞാൽ ഇതിൽ എന്റെ റോൾ വളരെ ചെറുതാണ്. പോകേണ്ട വഴി കാണിച്ചു കൊടുക്കുകയും ജെന്നിക്ക് ആത്മവിശ്വാസം കൊടുത്ത് അവളെ ചേർത്ത് പിടിക്കുകയും മാത്രമാണ് ചെയ്തത്. ഇതെല്ലാം നിന്റെ കഴിവ് കൊണ്ടാണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോൾ ജെന്നി സ്നേഹത്തോടെ എന്നെ തിരുത്തി. രശ്മി, നീയാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം തന്നത്. അതിന്റെ വലിപ്പം പറഞ്ഞു തരാൻ എനിക്കറിയില്ല. എന്റെയും മകളുടെയും ജീവിതം ഇപ്പോൾ സുരക്ഷിതമാണ്. എന്റെ അസുഖവും ഇപ്പോൾ നിയന്ത്രണത്തിലാണ്. തന്റെ രോഗിയുടെ സന്തോഷവും സംതൃപ്തിയുമാണ് ഒരു നഴ്സിന്റെ ഏറ്റവും വലിയ അവാർഡ്. എത്രയോ രോഗികളെ ഒരു ദിവസം കാണുന്നു. അതിൽ ചിലർ ഇതുപോലെ നമ്മളെ വല്ലാതെ തൊട്ട് കടന്ന് പോകും. തന്റെ രോഗിയുടെ സംതൃപ്തി നിറഞ്ഞ മുഖം ഓരോ നേഴ്സിനും ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനമാണ്.
Content Highlights: reshmi prakash nurses day experience