ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചതോടെ പാലിയേറ്റീവ് നഴ്സായി മാറാൻ തീരുമാനിച്ച ശാന്തമ്മ

#ഡ‍ോ. ദീപ്തി ടി.ആർ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഈ നഴ്സസ് ഡേയിൽ ഓർമ വരുന്നത് ശാന്തമ്മ എന്ന നഴ്സിനെയാണ്. ഈയിടെ ഒരു കോഴ്‌സിന്റെ ഭാഗമായി മുംബൈയിലെ  ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ  പോയപ്പോഴാണ് പാലിയേറ്റീവ് യൂണിറ്റിലെ ശാന്തമ്മയെ പരിചയപ്പെടുന്നത്.  ശാന്തമ്മ കർണാടകയിൽ നിന്നാണ് മുംബൈയിലെത്തിയത്‌. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും  പ്രിയപ്പെട്ട ആളായി മാറും. അത്രക്കും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുന്ന ശാന്തമ്മയെക്കുറിച്ചാവട്ടെ ഈ നഴ്സസ് ഡേയിലെ കുറിപ്പ്.
 
ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ പാലിയേറ്റീവ് യൂണിറ്റിലാണ് ജോലി ശാന്തമ്മ ജോലി ചെയ്തിരുന്നത്. കാൻസർ വാർഡുകൾ കാണുന്ന  സാഹചര്യം എന്നെ സംബന്ധിച്ചു വളരെ കുറവാണ്. കാൻസർ വാർഡിലെ കാഴ്ചകൾ ആരെ സംബന്ധിച്ചും അത്ര സുഖകരമാവുന്ന ഒന്നല്ല.  ഒരു നേഴ്സിൽ നിന്നും പാലിയേറ്റിവ് നേഴ്സിലേക്കുള്ള ദൂരം കുറച്ചധികം തന്നെയാണ്. പക്ഷെ അവിടുത്തെ സ്ഥിതി കുറച്ചുകൂടെ ഭീകരമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഡോക്ടറോട് വിവരം പറയാനും മരുന്ന് വാങ്ങാനും ഉള്ള വരി  ഇതുവരെ തീർന്നിട്ടില്ല. രാവിലെ മുതൽ ഓരോരുത്തരുടെയും കേസ് റെക്കോർഡ് നോക്കി എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്ന ഏകദേശം 50 വയസു തോന്നിക്കുന്ന ആ സിസ്റ്ററുടെ മുഖത്തെ പുഞ്ചിരി മനസ്സിൽ നിന്ന് മായാത്ത പോലെയായിരുന്നു. ഇത്രയും തിരക്കുകൾക്കിടയിലും സമ്മർദങ്ങൾക്കിടയിലും സമാധാനമായി സംസാരിക്കാനും അനുകമ്പയോടെ കാര്യങ്ങൾ ചെയ്യാനും കാര്യങ്ങൾ ഒരെണ്ണം പോലും തെറ്റാതെ ചെയ്യാനുമൊക്കെ അസാധാരണമായ ഒരു കഴിവ് തന്നെ വേണം. അതായിരുന്നു ആ വാർഡിലെ ശാന്തമ്മ എന്ന നഴ്സ്.

രാവിലെ 8 30 മുതൽ തുടങ്ങിയ ക്ലാസ് 5 മണി വരെ നീണ്ടിരുന്നു. അതുകഴിഞ്ഞാണ് ഞങ്ങൾ പാലിയേറ്റീവ് കെയർ ഡിപ്പാർട്മെന്റിലെത്തുന്നത്. ഡിപ്പാർട്മെന്റ് മുഴുവനായി കാണിക്കാൻ വേണ്ടി സ്വപ്നിൽ സർ കൂട്ടിക്കൊണ്ടുപോയപ്പോഴാണ്  ശാന്തമ്മയെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ശാന്തമ്മ ഈ ജോലി തിരഞ്ഞെടുത്തതിനു പിന്നിൽ ഒരു വലിയ കഥ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. 2009 ഇൽ  ശാന്തമ്മയുടെ  ഭർത്താവുമായി ടാറ്റ മെമ്മോറിയലിൽ  ചികിത്സക്ക് വന്നതായിരുന്നു അവർ. ലിവർ കാൻസറായിരുന്നു. കർണാടകയിൽ ജനിച്ചു വളർന്ന  ശാന്തമ്മക്ക്  ഹിന്ദി വശമുണ്ടായിരുന്നില്ല. ഭർത്താവ് രണ്ടു വർഷമേ ജീവിച്ചുള്ളു. പിന്നീട് ശാന്തമ്മ വളണ്ടിയർ ആയി കാൻസർ രംഗത്ത് വർക്ക് ചെയ്യാൻ തീരുമാനിച്ചു. അന്ന്  ഹോം കെയറിനൊക്കെ പോകുമായിരുന്നു. 2014  ആയപ്പോഴേക്കും ശാന്തമ്മ  ഒരു പാലിയേറ്റീവ് നഴ്സ് ആവാൻ തീരുമാനിച്ചു.

ടാറ്റയിൽ നിന്ന് തന്നെ  ട്രെയിനിങ്  എടുത്തു. പിന്നീട് സ്വന്തം പരിശ്രമം കൊണ്ട് പാലിയേറ്റീവ് നഴ്സിങ് തിരഞ്ഞെടുത്ത് പഠിച്ചു. കഴിഞ്ഞ  10 വർഷമായി പാലിയേറ്റിവ് കെയറിന്റെ  എല്ലാമെല്ലാമായി ശാന്തമ്മയുണ്ട് എല്ലാവരും ശാന്തമ്മയുടെ കൂടപ്പിറപ്പുകൾ ആണ്. പാലിയേറ്റീവ് കെയർ ശരിക്കും വേറെ ഒരു കുടുംബം തന്നെയാണ്. ഓരോ രോഗിക്കും കൊടുക്കുന്ന സമയമാണ് അവരുടെ പ്രധാന ആശ്വാസം. ബന്ധുക്കളോട് പറയുന്നതിനേക്കൾ കൂടുതൽ ഒരുപക്ഷേ കാര്യങ്ങൾ തുറന്നു പറയാൻ രോഗികൾക്ക് സാധിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ഓരോ പാലിയേറ്റിവ് സെൻ്ററിൻ്റെയും വിജയം. പോഷകാഹാരം ട്യൂബ് വഴി ഉള്ളിലെത്തിക്കുക, തൊണ്ടയിൽ കെട്ടുന്ന കഫവും സ്രവങ്ങളും അപ്പപ്പോൾ വലിച്ചെടുക്കുക തുടങ്ങിയ തീവ്രപരിചരണം തന്നെയാണ് ഓരോ ദിവസവും നൽകി വരുന്നത്.. കെട്ടിക്കിടക്കുന്ന മൂത്രം catheter വെച്ച് മാറ്റി കൊടുക്കുമ്പോഴും, വേദന കൊണ്ട് പുളയുന്ന സമയങ്ങളിൽ ഇഞ്ചക്ഷൻ വെച്ച് വേദന മാറ്റി ശാന്തമ്മ കുറഞ്ഞ സമയം കൊണ്ടുതന്നെ  ആ നാടിൻ്റെ ദൈവതുല്യയായിരിക്കുന്നു.

പറയുമ്പോൾ 8 മണിക്കൂർ ജോലിയാണെങ്കിലും അത് 24 മണിക്കൂർ പോലെ തന്നെ ഈ രോഗികളിൽ നിന്ന് ഒരു വിളി വന്നാൽ ഒരു മായാജാലക്കാരിയെ പോലെ അവർ അവിടെ എത്തും. ചികിത്സയിലെ മാനവികതയെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമമായിട്ടാണ് ഓരോ പാലിയേറ്റിവ് വിസിറ്റും എനിക്കു അനുഭവപ്പെടാറ്.  ഇതുപോലെ കുറെയേറെ ശാന്തമ്മമാർ  നമുക്ക് ചുറ്റുമുണ്ട്.. ലോകത്തെ ഏത് പ്രകൃതി ദുരന്തമോ പകർച്ച വ്യാധിയോ വന്നാലും അതിനെതിരെ  മുൻപന്തിയിൽ കൈത്താങ്ങായി നിൽക്കുന്നത്  ഈ മാലാഖമാർ തന്നെയാണ്. കോവിഡ് കാലം അതിലെ ഏറ്റവുമടുത്ത  ഒരു ഉദാഹരണം മാത്രമാണ്.

ഈ വർഷത്തെ നഴ്സസ് ദിന പ്രമേയം നമ്മുടെ നഴ്സുകൾ നമ്മുടെ ഭാവി പരിചരണത്തിൻ്റെ സാമ്പത്തിക ശക്തി (Our nurses our future the economic power of care) എന്നതാണ്. ഓരോ രോഗിയോടും പുലർത്തുന്ന നിസ്വാർത്ഥ സേവനവും സ്നേഹസമ്പന്നമായ പരിചരണവും ഓരോ നഴ്സിനെയും വേറിട്ട് നിർത്തുന്നു. ഏറെ സ്നേഹത്തോടെ ഈ ദിവസം അവരെ നമുക്ക് ഓർമിക്കാം.

കണ്ണൂരിൽ ഓൺക്യൂർ പ്രിവന്റീവ് ആന്റ് ഹെൽത്ത് കെയറിൽ ഏളി കാൻസർ ഡിറ്റക്ഷൻ& പ്രിവൻഷൻ സ്പെഷലിസ്റ്റ് ആണ് ലേഖിക.

Content Highlights: dr deepthi on international nurses day