ഇടക്കാല ബജറ്റ്: 2019-ല്‍ പ്രഖ്യാപനങ്ങള്‍ നിറഞ്ഞുതുളുമ്പി, 2024-ല്‍ പേരിനുമാത്രം

#ഷൈന്‍ മോഹന്‍
നിര്‍മല സീതാരാമന്‍ | Photo: PTI
നിര്‍മല സീതാരാമന്‍ | Photo: PTI

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തൊട്ടടുത്തുള്ളപ്പോള്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിറയ്ക്കില്ലെന്ന സങ്കല്‍പ്പം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാലിച്ചു. പുതിയ നികുതിയിളവുകളോ അക്കൗണ്ടിലേക്ക് പണമെത്തുന്ന ജനപ്രിയ പദ്ധതികളോ മന്ത്രി നിര്‍മലയുടെ ഇടക്കാല ബജറ്റില്‍ ഇടംപിടിച്ചില്ല. എന്നാല്‍, 2019-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിറഞ്ഞതായിരുന്നു.

പ്രതിവര്‍ഷം ആറായിരം രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കായി 75,000 കോടി രൂപ നീക്കിവെച്ചുകൊണ്ട് പിയൂഷ് ഗോയല്‍ ഞെട്ടിച്ചത് 2019-ലെ ഇടക്കാല ബജറ്റിലാണ്. ആകെ വരുമാനം അഞ്ചുലക്ഷം വരേയുള്ളവര്‍ക്ക് ആദായനികുതി ഒഴിവാക്കല്‍, ശമ്പളക്കാരുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കല്‍ എന്നിവയും 2019-ലെ ഇടക്കാല ബജറ്റിലുണ്ടായി.

ഫിഷറീസിനായി പ്രത്യേക വകുപ്പ്, കന്നുകാലിവളര്‍ത്തലും മത്സ്യകൃഷിയും ചെയ്യുന്ന കര്‍ഷകര്‍ക്ക് വായ്പയില്‍ രണ്ട് ശതമാനം പലിശയിളവ്, റെയില്‍വേയ്ക്ക് 1.58 ലക്ഷം കോടി, തൊഴിലുറപ്പിന് 60,000 കോടി തുടങ്ങിയവയും അന്ന് പിയൂഷ് ഗോയല്‍ വകയിരുത്തി. എന്നാല്‍, പിയൂഷ് ഗോയല്‍ തുടങ്ങിയ ചരിത്രം നിര്‍മലാ സീതാരാമനും ആവര്‍ത്തിച്ചേക്കുമെന്ന പ്രതീക്ഷയ്ക്കാണ് വ്യാഴാഴ്ച നിറം മങ്ങിയത്.

മോദി സര്‍ക്കാരിന്റെ രണ്ടാം ഇടക്കാല ബജറ്റില്‍ കൈയ്യടി നേടുന്ന ജനപ്രിയപ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പയ്ക്കായി 75,000 കോടി, റെയില്‍വേ വികസന പദ്ധതികള്‍ തുടങ്ങി പൊതുവായ പ്രഖ്യാപനങ്ങളല്ലാതെ ജനങ്ങള്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കുന്ന പ്രഖ്യാപനങ്ങള്‍ നിര്‍മലാ സീതാരാമന്‍ നടത്തിയില്ല. ഇടക്കാല ബജറ്റില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന് അവര്‍ നേരത്തേ തന്നെ പറഞ്ഞിരുന്നുവെന്നത് ശ്രദ്ധേയമാണ്.

പുതിയ സര്‍ക്കാര്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതുവരേ, ഏപ്രില്‍ ഒന്ന് മുതല്‍ ജൂലായ് വരേയുള്ള കാലയളവിലേക്കാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. അടുത്ത ജൂലായില്‍ തങ്ങളുടെ സര്‍ക്കാര്‍ തന്നെ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Content Highlights: nirmala sitharaman interim budget