സ്ഥിരതയുള്ള സർക്കാർ ഇന്ത്യയുടെ ശക്തി -ദ്രൗപദി മുർമു

ന്യൂഡല്‍ഹി: ലോക്‌സഭാതിരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ മോദിസര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.
സ്ഥിരതയുള്ള സര്‍ക്കാരാണ് ഇന്ത്യയുടെ ശക്തിയെന്ന് ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു, 10 വര്‍ഷത്തെ ഭരണത്തിൽ ഇന്ത്യ വിശ്വമിത്രമായി മാറിയെന്നും അഭിപ്രായപ്പെട്ടു. 140 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന ഗ്യാരണ്ടിയോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ബുധനാഴ്ച 11-നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാഹാളിൽ 17-ാം ലോക്‌സഭയുടെ അവസാനസമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തിയത്. പ്രസംഗം ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്റെ കന്നിപ്രസംഗമാണെന്ന് ആമുഖമായി പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം തുടങ്ങിയത്. വനിതാസംവരണനിയമം, മുത്തലാഖ് നിരോധന നിയമം, പൗരത്വനിയമം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കല്‍, ജി 20 ഉച്ചകോടി തുടങ്ങിയവ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാമക്ഷേത്രത്തെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ആഗോള സംഘടനകള്‍ക്കിടയില്‍ ഇന്ത്യ ആദരിക്കപ്പെടുന്ന രാജ്യമാണ്. ഭീകരവാദത്തിനെതരേയുള്ള ലോകത്തിന്റെ ശബ്ദത്തെ ഇന്ത്യയാണ് നയിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
10 വര്‍ഷത്തിനിടയില്‍ ഇന്ത്യ ദുര്‍ബലമായ അഞ്ചില്‍നിന്ന് സാമ്പത്തിക ഉന്നമനംനേടിയ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലെത്തി. സ്വകാര്യമേഖലയുടെ ശേഷിയില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകം രണ്ട് പ്രധാന യുദ്ധങ്ങളും കോവിഡ് വ്യാപനവും കണ്ടു. ഇതിനിടയിലും ഇന്ത്യ വളര്‍ച്ചനിരക്ക് ഏഴരശതമാനമായി നിലനിര്‍ത്തി. പണപ്പെരുപ്പം നിയന്ത്രിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
Content Highlights: budget session 2024 president draupadi murmu