'ഈ വര്‍ഷം 25 ചലച്ചിത്രമേളകളില്‍ പങ്കെടുത്തു, ലോകം കേരളത്തെ കണ്ട് പഠിക്കട്ടെ' -മൈക്കല്‍ ടെയ്‌ലര്‍

മൈക്കല്‍ ടെയ്‌ലര്‍ ജാക്‌സണ്‍
മൈക്കല്‍ ടെയ്‌ലര്‍ ജാക്‌സണ്‍

'ഈ വര്‍ഷം ഞാന്‍ 25 ചലച്ചിത്രമേളകളില്‍ പങ്കെടുത്തു. എന്നാല്‍, ഐ.എഫ്.എഫ്.കെ. പോലൊരു മേള കണ്ടിട്ടില്ല. സിനിമയ്ക്കായി ആയിരത്തിലേറെ പ്രേക്ഷകരെത്തുന്ന ചലച്ചിത്രമേളകള്‍ ലോകത്തില്‍ തന്നെ വിരളമാകും. വര്‍ണാഭമായാണ് ഇവിടെ മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരളം സിനിമയ്ക്കായി ചെയ്യുന്നത് ലോകം കണ്ടുപഠിക്കണം.'

പറയുന്നത് അര്‍ജന്റീനിയന്‍ സംവിധായകനായ മൈക്കല്‍ ടെയ്‌ലര്‍ ജാക്‌സണാണ്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ?മൈക്കലിന്റെ 'അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച്' എന്ന ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളവും ചലച്ചിത്രമേളയും തന്നെ അതിശയിപ്പിച്ചെന്ന് മൈക്കല്‍ പറയുന്നു. കേരളത്തോടുള്ള ഇഷ്ടം മൂലം മുണ്ടുടുത്താണ് തന്റെ ചിത്രത്തിന്റെ പ്രദര്‍ശനങ്ങളിലൊന്നില്‍ മൈക്കല്‍ എത്തിയത്.

പ്രേക്ഷകപങ്കാളിത്തമാണ് കേരളത്തിലെ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'കലയും വിദ്യാഭ്യാസവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണ് ഇവിടെ കാണുന്നത്. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന രീതിയിലാണ് പാസിനുള്ള തുക. അതേസമയം ബൗദ്ധികമായി ഉയര്‍ന്നുനില്‍ക്കുന്നതുമാണ് മേള',മൈക്കല്‍ പറഞ്ഞു.

യു.എസിലെ കാലിഫോര്‍ണിയയാണ് മൈക്കലിന്റെ ജന്മനാട്. ഇപ്പോള്‍ അര്‍ജന്റീനയിലാണ് സ്ഥിരതാമസം. അര്‍ജന്റീനയ്ക്കുമേല്‍ യു.എസ്. ഉയര്‍ത്തുന്ന സാമ്പത്തിക സമ്മര്‍ദങ്ങളെ കുറിച്ചാണ് മൈക്കലിന്റെ ചിത്രം 'അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച്'. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അര്‍ജന്റീനയിലെത്തുന്ന അമേരിക്കന്‍ സഞ്ചാരിയെ അവതരിപ്പിച്ചിരിക്കുന്നതും മൈക്കല്‍ തന്നെയാണ്.

Content Highlights: Underground Orange director Michael Taylor Jackson interview iffk 2024