മുട്ടുകുത്തിനിന്ന് സാക്കിര്‍ ഹുസൈന്‍ തിരിതെളിച്ച IFFK; മലയാളത്തില്‍ ആ ചോദ്യം, 'സുഖമാണോ'

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മുട്ടുകുത്തി നിന്ന് തിരിതെളിക്കുന്ന സാക്കിര്‍ ഹുസൈന്‍(ഇടത്ത്) 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാംദിനത്തില്‍ സിനിമാപ്രദര്‍ശനത്തിനു മുന്‍പ് തബലമാന്ത്രികന്‍ സാക്കിര്‍ ഹുസൈന് ആദരാഞ്ജലിയര്‍പ്പിച്ചപ്പോള്‍(വലത്ത്)
ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മുട്ടുകുത്തി നിന്ന് തിരിതെളിക്കുന്ന സാക്കിര്‍ ഹുസൈന്‍(ഇടത്ത്) 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാംദിനത്തില്‍ സിനിമാപ്രദര്‍ശനത്തിനു മുന്‍പ് തബലമാന്ത്രികന്‍ സാക്കിര്‍ ഹുസൈന് ആദരാഞ്ജലിയര്‍പ്പിച്ചപ്പോള്‍(വലത്ത്)

തിരുവനന്തപുരം: ലോകം മുഴുവന്‍ ആരാധിക്കുന്ന ആ മാന്ത്രികവിരലുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരികൊളുത്തി. 2015-ലെ ഇരുപതാമത് ഐ.എഫ്.എഫ്.കെ.യുടെ ഉദ്ഘാടനച്ചടങ്ങില്‍ ഉസ്താദ് സാക്കിര്‍ ഹുസൈനായിരുന്നു മുഖ്യാതിഥി. ലോകമറിയുന്ന ആ കലാകാരന്‍ മുട്ടുകുത്തി നിന്ന് എളിമയോടെ തിരിതെളിച്ചു. നിശാഗന്ധിയില്‍ തനിക്കായി കാതോര്‍ത്ത ആസ്വാദകരോട് അദ്ദേഹം മലയാളത്തില്‍ ചോദിച്ചു, 'സുഖമാണോ'.

വിരലുകളാല്‍ അദ്ദേഹം തബലയില്‍ കോര്‍ത്തെടുത്ത താളത്തിലലിഞ്ഞും നിറഞ്ഞും ആ കാഴ്ചകാണാനെത്തിയവര്‍ ആവേശഭരിതരായി. ഉസ്താദിന്റെ വിയോഗവാര്‍ത്തയെത്തുടര്‍ന്ന് തിങ്കളാഴ്ച ചലച്ചിത്രമേളയുടെ ഓരോ പ്രദര്‍ശനത്തിനു മുന്‍പും അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു. തിങ്കളാഴ്ച പ്രദര്‍ശിപ്പിച്ച  67 ചിത്രങ്ങള്‍ക്ക് മുന്‍പും സാക്കിര്‍ ഹുസൈന് ആദരാഞ്ജലിയര്‍പ്പിക്കുന്ന വിഡിയോ പ്രദര്‍ശിപ്പിച്ചു. തബലവാദനത്തിന്റെ അകമ്പടിയില്‍ 'WAH USTAD! Thy rhythm will echo in our hearts' എന്ന സന്ദേശമെഴുതിയ വിഡിയോ സ്‌ക്രീനില്‍ തെളിഞ്ഞു. തുടര്‍ന്ന് വിവിധ വേദികളിലായി നടന്ന സാംസ്‌കാരിക പരിപാടികളിലും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

സാക്കിര്‍ ഹുസൈനും ശോഭനയും വേദിയില്‍; സൂര്യയ്ക്കു നടക്കാതെപോയ സ്വപ്‌നം

തിരുവനന്തപുരം: 'വലിയൊരു സ്വപ്നമുണ്ടായിരുന്നെനിക്ക്. വേദിയുടെ പകുതിയില്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍. മറുപകുതിയില്‍ സാക്കിറിന്റെ തബലയുടെ താളത്തിനൊപ്പം ശോഭനയുടെ നൃത്തം. എല്ലാം മനസ്സിലുറപ്പിച്ച് അദ്ദേഹത്തെ അറിയിച്ചു. എന്നിട്ടുമത് നടന്നില്ല; എനിക്കും ശോഭനയ്ക്കും സൂര്യയ്ക്കും നടക്കാതെപോയ സ്വപ്നവും വലിയ നഷ്ടവും'- സൂര്യയുടെ ശില്പി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകളിങ്ങനെ. രണ്ടുപതിറ്റാണ്ടു മുന്‍പ് രണ്ടുതവണ സാക്കിര്‍ ഹുസൈന്‍ സൂര്യയുടെ അരങ്ങിലെത്തിയിരുന്നു. ആദ്യം വന്നത് പിതാവ് അള്ളാരഖയുമായി. തബലയുടെ മാന്ത്രികസ്വരം മലയാളിയെ നേരിട്ടു കേള്‍പ്പിക്കാന്‍ വീണ്ടും ആഗ്രഹിച്ചു. മൂന്നുവര്‍ഷമായി അതിനു ശ്രമിക്കുന്നു. 'തബലയില്‍ സോളോയുടെ കാലമൊക്കെ കഴിഞ്ഞില്ലേ, പുതിയതെന്തെങ്കിലും പരീക്ഷിക്കാം' എന്നായിരുന്നു സാക്കിര്‍ ഹുസൈന്റെ മറുപടി.

അപ്പോഴാണ് പുതിയൊരു വേദി ഞാന്‍ സ്വപ്നംകണ്ടത്- സാക്കിര്‍ ഹുസൈനും ശോഭനയുമൊത്തൊരു അരങ്ങ്. ഇക്കാര്യം അറിയിച്ചെങ്കിലും തുടര്‍ന്നുള്ള ഉറപ്പൊന്നും കിട്ടാതായപ്പോള്‍ വിഷമംതോന്നി. എന്നാല്‍, പിന്നീടാണ് ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു എന്നറിയുന്നത്, അതിനാലാണ് മറുപടി കിട്ടാതെ പോയതെന്നും സൂര്യാ കൃഷ്ണമൂര്‍ത്തി അനുസ്മരിച്ചു.

Content Highlights: iffk honours ustad zakir hussain