നുണകളും കലഹവും സംഗീതവും; ‘വടുസി സോമ്പി’, ഒരു ജെൻ സി പടം | Review

ചില നുണകൾ ശരവേഗത്തിലാകും പടരുക. സത്യം തെളിയിക്കാൻ എത്രയൊക്കെ ശ്രമിച്ചാലും നുണകൾ വിശ്വസിക്കാനാകും ചിലർക്കൊക്കെ ഇഷ്ടം. അതോടെ മാറിമാറിയുക ഒരുപാട് ജീവിതങ്ങളായിരിക്കും. അത്തരത്തിൽ നുണകൾ ജീവിതം മാറ്റിമറിച്ച യുവാവിന്റെ കഥ രസകരമായി അവതരിപ്പിച്ച ചിത്രമാണ് ‘വടുസി സോമ്പി’.
ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമാമോഹത്തിന്റെ ഫലമാണ് ചിത്രം. സിറിൽ എബ്രഹാം ഡെന്നിസ് ആണ് രചനയും സംവിധാനവും.
ചുറുചുറുപ്പുള്ള ഒരു ചെറുപ്പക്കാരനും അപ്രതീക്ഷിതമായി അവന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും കോർത്തിണക്കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കോവിഡ് മഹാമാരിക്ക് തൊട്ടുമുൻപുള്ള കൊച്ചിയിലാണ് കഥ നടക്കുന്നത്. സംഗീതം ജീവശ്വാസമായ യുവാവാണ് ഗബ്രിയേൽ. അവിചാരിതമായി ഗബ്രിയേൽ പറഞ്ഞ വാചകങ്ങൾ കൂട്ടുകാർ തെറ്റായി എടുക്കുന്നു. പിന്നീട് നടക്കുന്നതൊക്കെ കണ്ടുനിൽക്കാൻ മാത്രമേ ഗബ്രിയേലിന് സാധിക്കുന്നുള്ളു.
ജീവിതത്തിൽ ഉയരത്തിൽ എത്താൻ ആഗ്രഹിച്ച യുവാവിന്റെ സ്വപ്നയാത്രയുടെ കഥകൂടി ചിത്രം പറയുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റ മേമ്പൊടിയോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
സംഗീതത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ഒരു ജെൻ സി പടം എന്ന വിശേഷണം ‘വടുസി സോമ്പി’ക്ക് ചേരും. കഥയിലും അണിയറയിലുമൊക്കെ 25 വയസ്സിൽ താഴെയുള്ളവർ തന്നെ. അവതരണത്തിൽ പുതുമ നിലനിർത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
Content Highlights: Watusi Zombie, A Gen Z comedy-drama with a unique style.