‘നീ ഫെമിനിച്ചിയാ..?,’ അയാൾ ചോദിച്ചു; കിടക്കയില്ലാ കട്ടിലിൽ നിന്നെണീറ്റ് അവൾ പുറത്തേക്ക് നടന്നു

ആദ്യമേ പറയട്ടെ, യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കഥയാണ് ഫെമിനിച്ചി ഫാത്തിമ എന്ന് കരുതിയെങ്കിൽ തെറ്റി. നമ്മുടെ ഓരോരുത്തരുടേയും വീടകത്തളങ്ങളിലേക്ക് തിരിച്ച ക്യാമറക്കണ്ണാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ. ആൺമേധാവിത്വത്തിന്റെ കെട്ടുപൊട്ടിച്ചിറങ്ങിയ ഫാത്തിമ എന്ന സാധാരണപെൺകുട്ടിയ്ക്ക് ഭർത്താവ് ചാർത്തിക്കൊടുക്കുന്ന പേര്. ഒരു കിടക്കയെ കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിടക്ക കൊണ്ട് കിടക്കപ്പൊറുതിയില്ലാതാകുന്ന ഒരുപാട് മുഖങ്ങളേയും സിനിമ കണ്ടിറങ്ങുമ്പോൾ ഒരു പക്ഷെ കാണാൻ സാധിക്കും. ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പൊന്നാനിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാധാരണക്കാരിയായ ഫാത്തിമ രണ്ട് കുട്ടികൾക്കും ഭർത്താവിനുമൊപ്പമാണ് കഴിയുന്നത്. മദ്രസ അധ്യാപകനായ അഷ്റഫാണ് ഫാത്തിമയുടെ ഭർത്താവ്. മൂത്ത ആൺകുട്ടി രാത്രി ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. കിടക്ക വൃത്തിയാക്കാൻ വേണ്ടി ഫാത്തിമ അതെടുത്ത് വെളിയിൽ ഇടുന്നു. എന്നാൽ നായ കയറി വൃത്തികേടാക്കിയ കിടക്ക ഉപയോഗിക്കാൻ ഭർത്താവ് സമ്മതിക്കുന്നില്ല. എന്നാൽ, നടുവേദനയുടെ പ്രശ്നമുള്ള ഫാത്തിമയ്ക്ക് കിടക്കയില്ലാതെ കിടക്കുക എന്നത് ഏറെ ബുദ്ധിമുട്ടാകുന്നു. തുടർന്ന് ഒരു കിടക്കയ്ക്ക് വേണ്ടിയുള്ള ഫാത്തിമയുടെ സ്വരുക്കൂട്ടലാണ് ചിത്രം പറഞ്ഞുവെക്കുന്നത്. വെറുമൊരു കിടക്ക ഉപയോഗിച്ച് സംവിധായകൻ ഫാസിൽ മുഹമ്മദ് അത്രയും കൃത്യതയോടെയാണ് വിവേചനത്തിന്റെ, ആൺ മേൽക്കോയ്മയുടെ, മതക്കെട്ടുകളുടെ കഥ പറഞ്ഞുവെക്കുന്നത്.
തുടക്കത്തിൽ ഒരു മതവിഭാഗത്തെ മാത്രമെടുത്ത് ആക്ഷേപഹാസ്യമൊരുക്കിയിരിക്കുകയാണ് സംവിധായകൻ എന്ന് തോന്നിക്കുമെങ്കിലും അതിന്റെ മറ്റൊരു വശം കൂടി ചിത്രത്തിൽ കാണിക്കുമ്പോഴാണ് ചിത്രം എത്രത്തോളം യൂണിവേഴ്സലായി മാറുന്നു എന്ന കാര്യം മനസ്സിലാകുക. സിനിമ പോകെപ്പോകെ അത് ഒരു മതത്തെയോ അല്ലെങ്കിൽ ഒരു വിഭാഗത്തെയോ മാത്രം പ്രതിപാദിക്കുന്ന ചിത്രമല്ലെന്നും അതൊരു യൂണിവേഴ്സലായിട്ടുള്ള വിഷയമാണെന്നും നമുക്ക് മനസ്സിലാകും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ, തുടക്കത്തിൽ മുഖം ചുളിച്ചിരുന്നവർ പോലും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന കാഴ്ചയാണ് കണ്ടത്.
രൂപത്തിലും ഭാവത്തിലും ഒരു ഗംഭീര സിനിമ എന്ന മാത്രമല്ല, തുടർന്നങ്ങോട്ട് ചർച്ചയാകേണ്ട വിഷയം കൂടിയാണ് ഇത്. ആക്ഷേപഹാസ്യമെന്ന് തോന്നിക്കുന്ന രീതിയിലുള്ള തുടക്കം. എന്നാൽ വെറുമൊരു ആക്ഷേപ ഹാസ്യ ചിത്രം മാത്രമല്ല സിനിമ എന്ന് കണ്ട് കഴിയുമ്പോൾ നമുക്ക് മനസ്സിലാകും.
കുടുംബ ജീവിതം, സ്ത്രീത്വം, ജെന്‍ഡര്‍ ഇക്വാലിറ്റി, ആത്മീയത തുടങ്ങിയ കാര്യങ്ങൾക്ക് യാതൊരു പോറലുമേൽപ്പിക്കാതെ വളരെ തൻമയത്വത്തോടെയാണ് വിഷയത്തെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തെ പ്രതിചേർത്തല്ല സിനിമ ഒരുക്കിയിരിക്കുന്നത്. നമ്മുടെ ഓരോരുത്തരേയുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ചിത്രത്തിൽ ഫാത്തിമയായി എത്തിയിരിക്കുന്നത് പട്ടാമ്പി സ്വദേശിയായ ഷംല ഹംസയാണ്. ഭർത്താവ് അഷറഫ് ആയി എത്തിയിരിക്കുന്നത് കുമാർ സുനിലും. പറയാതിരിക്ക വയ്യ, എന്ത് അടക്കത്തോടെയാണ് ആ കഥാപാത്രങ്ങൾ ഇരുവരും അഭിനയിച്ച് തകർത്തിരിക്കുന്നത്. വന്നവരും പോയവരും ഒക്കെ കിടിലൻ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു പക്ഷെ ഒരു സാധാരണ നാട്ടിൻപുറത്തുകാരായി എല്ലാവരും ജീവിക്കുകയായിരുന്നു സിനിമയിൽ.
Content Highlights: A compelling Malayalam film exploring gender inequality and societal expectations