അന്ധവിശ്വാസങ്ങളോടുള്ള പെണ്‍പോരാട്ടം, നഷ്ടപ്പെടലിന്റെയും സ്‌നേഹത്തിന്റെയും 'അപ്പുറം' | Review

നഷ്ടപ്പെടലിന്റെയും വേവലാതികളുടെയും നീറ്റലില്‍ ജീവിതം നയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വികാരവിക്ഷോഭങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം'. സ്‌നേഹക്കൂടുതല്‍ സമ്മാനിച്ച ആശങ്കയും സമൂഹം വെച്ചുനീട്ടുന്ന ആവലാതികളും അവളുടെ ജീവിതത്തെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നുണ്ട്. ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ജാനകി എന്ന കഥാപാത്രത്തിന്റെ കാഴ്ചകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അനഘ രവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പല പ്രായത്തിലുള്ള സംഘര്‍ഷങ്ങള്‍ ചിത്രത്തില്‍ കാണാം. ഏത് നിമിഷവും സ്വന്തം അമ്മയെ നഷ്ടപ്പെടാമെന്ന വേവലാതിയാണ് ഈ പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ ഒരേട്. പ്രത്യേക മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന അമ്മ, തന്നെയും അമ്മയെയും ജീവനുതുല്യം സ്‌നേഹിക്കുന്ന അച്ഛന്‍. ഇരുവര്‍ക്കും ഇടയില്‍ ഭയത്തിന്റെയും ആശങ്കയുടെയും ജീവിതമാണ് ജാനകി നയിക്കുന്നത്.
ജാനകിയുടെ അമ്മ ചിത്രയായി മിനി ഐ.ജി വേഷമിട്ടിരിക്കുന്നു. അച്ഛന്‍ വേണുവായി എത്തുന്നത് ജഗദീഷ് ആണ്. ജാനകി ഭയത്തോടെ കാത്തിരുന്നത് സംഭവിക്കുന്നതോടെ അവളുടെ ജീവിതം അപ്പാടെ മാറിമറിയുകയാണ്. ചിന്തകളില്‍ പോലും വരാന്‍ സാധ്യതയില്ലാത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് പിന്നീടവള്‍ സഞ്ചരിക്കുന്നത്. സമൂഹത്തിലെ ചില അലിഖിത താല്പര്യങ്ങള്‍ ജാനകിയെ ഭയത്തിന്റെയും വേദനയുടെയും ഉള്ളറകളിലേയ്ക്ക് ചവിട്ടിതാഴ്ത്തുകയാണ് പിന്നീട്. ആ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള ഒരു കൗമാരക്കാരിയുടെ അതിജീവനമാണ് ചിത്രത്തിന്റെ കാതല്‍.
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേര്‍ത്തപാത ചിത്രത്തില്‍ കാണാം. ആര്‍ത്തവം അശുദ്ധിയായി കാണുന്നവരും മനുഷ്യന്റെയുള്ളിലെ ഭയം വിറ്റ് ജീവിക്കുന്നവരുമൊക്കെ ജാനകിക്ക് ചുറ്റുമുണ്ട്. അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളില്‍ നിന്നുള്ള ജാനകിയുടെ മോചനശ്രമങ്ങള്‍ കൂടിയാണ് 'അപ്പുറം'.
ജാനകിയായി വേഷമിട്ട അനഘ തന്റെ കഥാപാത്രത്തെ പൂര്‍ണ്ണതയില്‍ എത്തിച്ചു. ജാനകിയെപ്പോലെ തന്നെ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഭയത്തിന്റെയും ഒക്കെ തടവിലാണ് ജഗദീഷ് അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രം. പല ലെയറുകളുള്ള, ഒട്ടേറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിക്കാന്‍ ജഗദീഷിന് സാധിച്ചു. മിനി ഐ. ജിയും തന്റെ കഥാപാത്രം ഭദ്രമാക്കി.
പ്രമേയത്തിലെ പുതുമയും ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നുണ്ട്. പ്രധാന കഥാപാത്രങ്ങള്‍ക്ക് മാത്രം കഥയുടെ പൂര്‍ണരൂപത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുള്ളു എന്നതും പ്രത്യേകതയാണ്. എഡിറ്റര്‍ അപ്പു ഭട്ടതിരി, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. മനസ്സില്‍ തറയ്ക്കുന്ന
സംഗീതത്തിനൊപ്പം നിശബ്ദത കൊണ്ടും കഥാപാത്രങ്ങളെ പൂര്‍ണതയില്‍ എത്തിക്കാന്‍ ബിജിപാലിനായിട്ടുണ്ട്. രാകേഷ് തരണ്‍ ആണ് ഛായാഗ്രഹണം.
വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മേലെയാണ് സ്‌നേഹം എന്ന വികാരമെന്ന് വരച്ചുകാട്ടാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. വെറും ഒന്‍പത് ദിവസങ്ങള്‍ കൊണ്ടാണ് സംവിധായിക ഈ ചിത്രം ഒരുക്കിയത്. സംവിധായികയുടെ അതിജീവനത്തിന്റെ കൈമുദ്ര കൂടി പതിപ്പിച്ച ചിത്രം കൂടിയാണിത്.
Content Highlights: appuram movie by indu lakshmi review