രണ്ടാമത്തെ ചിത്രത്തിന് നവാഗത പുരസ്‌കാരം; രാജ്യാന്തര ചലച്ചിത്രമേള പുരസ്‌കാരനിർണയം വിവാദത്തിൽ

ഇന്ദു ലക്ഷ്മി | ഫോട്ടോ: എം പ്രവീണ്‍ ദാസ്
ഇന്ദു ലക്ഷ്മി | ഫോട്ടോ: എം പ്രവീണ്‍ ദാസ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ രാജ്യത്തെ മികച്ച നവാഗത സംവിധാന മികവിനുള്ള പുരസ്‌കാരം നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ആക്ഷേപം. രണ്ടാമത്തെ സിനിമയ്ക്ക് നവാഗത പുരസ്‌കാരം നൽകിയതാണ് വിവാദമായത്. മലയാളിയായ ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്ന ചിത്രത്തിനാണ് ഇത്തവണ നവാഗത സംവിധായകർക്കുള്ള ഫിപ്രസി-കെ.ആർ.മോഹനൻ പുരസ്‌കാരം ലഭിച്ചത്.

കെ.എസ്.എഫ്.ഡി.സി.യുടെ നിർമാണത്തിൽ പുറത്തിറക്കിയ ‘നിള’യാണ് ഇന്ദുലക്ഷ്മി സംവിധാനംചെയ്ത ആദ്യചിത്രം. വനിതാ സംവിധായകർക്കുള്ള പദ്ധതിയിലൂടെ നിർമിച്ച ഈ സിനിമ കഴിഞ്ഞവർഷം തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.

2024-ൽ ഇന്ദുലക്ഷ്മി സംവിധാനംചെയ്ത രണ്ടാമത്തെ ചിത്രം ‘അപ്പുറം’ മേളയിൽ മത്സരവിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലെ ഏക മലയാളി സംവിധായകയും ഇന്ദുലക്ഷ്മിയായിരുന്നു. എന്നാൽ, പുരസ്‌കാരം നിർണയിച്ചപ്പോൾ നവാഗതയായാണ് ഇവരെ പരിഗണിച്ചത്. വി.കെ.ജോസഫ്, നമ്രതാ റാവു, അസ്ഹൻ കബീർ ലിറ്റൺ എന്നിവരടങ്ങിയ ജൂറിയാണ് ഇത്തവണ ഈ വിഭാഗത്തിൽ പുരസ്‌കാരം നിർണയിച്ചത്. ഇതേ വിഭാഗത്തിൽ മലയാളചിത്രമായ ‘ഫെമിനിച്ചി ഫാത്തിമ’യുടെ സംവിധായകൻ ഫാസിൽ മുഹമ്മദിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

Content Highlights: second movie got debut director award iffk indulekshmi award controversy