ചലച്ചിത്രമേള അവാർഡ് വിവാദം: രണ്ടാം ചിത്രത്തിനും നവാഗത പുരസ്‌കാരം നൽകാമെന്ന് ജൂറി

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ നവാഗത പുരസ്‌കാരനിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്ന് അധികൃതർ. നവാഗത സംവിധായക അവാർഡ് ആദ്യത്തെ സിനിമയ്ക്കു മാത്രമല്ല, രണ്ടാമത്തെ സിനിമയും ഈ വിഭാഗത്തിൽ പരിഗണിക്കുന്ന നിയമാവലിയാണ് അക്കാദമിയുടേതെന്ന് അവർ അറിയിച്ചു. അതേസമയം കെ.എസ്.എഫ്.ഡി.സി.യുമായി ബന്ധപ്പെട്ട ചിലരാണ് അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നും വ്യക്തിവിരോധമാണ് ഇതിനുപിന്നിലെന്നും ജൂറി ചെയർമാനായിരുന്ന വി.കെ.ജോസഫ് ആരോപിച്ചു.
മലയാളി സംവിധായക ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്ന ചിത്രത്തിനാണ് ഇത്തവണ കെ.ആർ.മോഹനന്റെ പേരിൽ ഏർപ്പെടുത്തിയ നവാഗത സംവിധായക പുരസ്‌കാരം ലഭിച്ചത്. ഇത് ഇന്ദുലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. അവാർഡ് വിവരം പുറത്തുവന്നതോടെ പുരസ്‌കാരനിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തി. വി.കെ.ജോസഫ്, നമ്രതാ റാവു, അസ്ഹൻ കബീർ ലിറ്റൺ എന്നിവരടങ്ങിയ ജൂറിയാണ് ഈ വിഭാഗത്തിൽ അവാർഡ് നിർണയിച്ചത്. ഒരാളുടെ ആദ്യ ചിത്രത്തിനാണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന തെറ്റായ ധാരണ കാരണമാണ് ‘അപ്പുറത്തെ’ ചൊല്ലി വിവാദമുണ്ടാകുന്നതെന്ന് അവാർഡ് ഏർപ്പെടുത്തിയ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ അറിയിച്ചു.
ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലും സർക്കാരും അംഗീകരിച്ച നിയമാവലിപ്രകാരമാണ് അവാർഡ് നിർണയിച്ചതെന്നും ഫെഡറേഷൻ അറിയിച്ചു.
Content Highlights: IFFK controversy: Newcomer award can be given to second movie, says jury