സ്‌നേഹിക്കുന്നവരെ വെറുക്കുന്നവര്‍ | Loveable Movie Review | IFFK 2024

ലവബിൾ എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യം
ലവബിൾ എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യം

'അവന്‍  വന്നപ്പോള്‍ നിനക്കെന്താണ് തോന്നിയത്?'
'എനിക്ക് സന്തോഷം തോന്നി. അവന്‍ എന്നെ നോക്കി ചിരിച്ചു. അടുത്തുവന്ന് കെട്ടിപ്പിടിച്ചു.'
'അപ്പോള്‍ നിന്റെ പ്രതികരണമെന്തായിരുന്നു?'
'ഞാനവനെ തിരികെ പുണര്‍ന്നു.'
'എന്നിട്ട്?'
'പെട്ടെന്ന് ഞാനവനില്‍നിന്ന് അകന്നുമാറി.'
'അതെന്താ?'
'എനിക്കറിയില്ല. കുറേ ദിവസം എന്നെയും കുട്ടികളെയും വിട്ടുനിന്നത് തെറ്റാണെന്ന് അവന് തോന്നണമെന്ന് ഞാന്‍ കരുതിയിരിക്കാം.'
'നീയും കൂടി സമ്മതിച്ചിട്ടല്ലേ അവന്‍ ജോലിയ്ക്കായി പോയത്?'
'അതേ.'
'അപ്പോള്‍ അവന് കുറ്റബോധമുണ്ടാക്കുന്നത് ശരിയാണോ?'
'അല്ല.'
'പിന്നെന്തുകൊണ്ടാണ് നീയങ്ങനെ ചെയ്തത്?'
'എനിക്കറിയില്ല.'

വിവാഹമോചനത്തിന്റെ വക്കില്‍ നില്‍ക്കേ മരിയ തെറാപ്പിസ്റ്റുമായി നടത്തുന്ന ഈ സംഭാഷണം 'ലവബിള്‍' എന്ന നോര്‍വീജിയന്‍ ചിത്രത്തിന്റെ അന്തസ്സത്ത ഏറെക്കുറേ വെളിപ്പെടുത്തുന്നുണ്ട്. സ്‌നേഹത്തെ നിരാകരിക്കുന്ന മനുഷ്യമനസ്സിന്റെ വൈചിത്ര്യത്തെ, അതെങ്ങനെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തെ തകര്‍ക്കുന്നുവെന്ന്, മരിയ എന്ന കഥാപാത്രത്തിലൂടെ അസാമാന്യ ഉള്‍ക്കാഴ്ചയോടെ അനാവരണം ചെയ്യുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായിക ലിലിയ ഇന്‍ഗോള്‍ഫ്‌സോദിര്‍. കേരള രാജ്യാന്തര  ചലച്ചിത്രമേളയില്‍ 'ഫീമെയില്‍ ഗേസ്' വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. 

മരിയയുടെ  ആത്മഭാഷണത്തോടെ ചടുലമായാണ് ചിത്രം ആരംഭിക്കുന്നത്. വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയുമായ മരിയ സിഗ്മണ്ട് എന്ന യുവാവില്‍ ആകൃഷ്ടയാവുന്നു. ഇരുവരും പ്രണയത്തിലാവുകയും ആ ബന്ധം വിവാഹത്തിലേക്കെത്തുകയും ചെയ്തു. ഇവരുടെ ദാമ്പത്യത്തിലെ  ഏഴാം വര്‍ഷത്തിലേക്കാണ് പിന്നീട് ചിത്രം പ്രേക്ഷകരെ നയിക്കുന്നത്. സിഗ്മണ്ടുമായുള്ള ബന്ധത്തിലെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു  കുട്ടികളുടെ  ഉത്തരവാദിത്തത്തില്‍ ഉഴലുകയാണ് അവളിപ്പോള്‍. കൗമാരത്തിലെത്തിയ മൂത്ത മകളുമായുള്ള അവളുടെ ബന്ധം ഒട്ടും നന്നല്ല. ജോലിയ്ക്കായുള്ള സിഗ്മണ്ടിന്റെ യാത്രകള്‍ മൂലം കുടുംബത്തിന്റെ ഉത്തരവാദിത്തം പലപ്പോഴും ഒറ്റയ്ക്ക് നിറവേറ്റേണ്ടിയും വരുന്നു. തന്റെ കരിയര്‍  മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്തതിന്റെ ഈര്‍ഷ്യ വേറെയുമുണ്ട്.

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ ഇരയാക്കപ്പെടുന്ന സ്ത്രീയുടെ പ്രതിനിധി എന്ന നിലയിലാണ് ഈ ഘട്ടത്തില്‍ മരിയ എന്ന കഥാപാത്രം പ്രേക്ഷകരുമായി കൂടുതല്‍ സംവദിക്കുന്നത്. സിഗ്മണ്ട്  നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് വരുമ്പോഴുള്ള അയാളുടെ പെരുമാറ്റവും അവളുടെ  പ്രതികരണവും വര്‍ഷങ്ങള്‍ക്ക് ശേഷവും അവര്‍ക്കിടയിലെ ബന്ധത്തിന്റെ ഊഷ്മളതയ്ക്ക് ഇടിവ് സംഭവിച്ചിട്ടില്ലെന്ന ആശ്വാസം പ്രേക്ഷകന് നല്‍കും. അവനെ ആലിംഗനം ചെയ്യാനുള്ള അവളുടെ വിമുഖത ഒരു പരിധിവരെ  ഏതൊരു  ഭാര്യയും കാണിക്കാവുന്ന  പരിഭവമെന്ന നിലയിലേ അനുഭവപ്പെടുകയുള്ളൂ. എന്നാല്‍, പിന്നീടത് തുടര്‍ച്ചയായി സംഭവിക്കുകയും അടുപ്പം കാണിക്കാനും സഹായിക്കാനുമുള്ള സിഗ്മണ്ടിന്റെ ശ്രമങ്ങളെ പോലും നിരാകരിക്കുയും ചെയ്യുന്നതോടെ അവരുടെ  ബന്ധം പെട്ടെന്ന് വഷളാവുകയാണ്.

സിഗ്മണ്ടിനും മരിയക്കുമിടയിലെ വഴക്കുകളും തര്‍ക്കങ്ങളും ദാമ്പത്യത്തില്‍ സ്വാഭാവികവും ഒരു പരിധിവരെ സാധാരണവുമാവാം. എന്നാല്‍, അതിന്റെ കാരണങ്ങളിലേക്ക്, സ്വന്തം ഉള്ളിലേക്കുതന്നെ, ആഴത്തിലിറങ്ങിച്ചെല്ലാന്‍ മരിയ നിര്‍ബന്ധിതയാകുമ്പോള്‍ ആ 'സാധാരണത്വങ്ങള്‍' എത്രമാത്രം വിഷമയമായിരുന്നെന്ന തിരിച്ചറിവിലേക്ക് അവള്‍ നയിക്കപ്പെടുന്നു. 

മരിയയിലും അവള്‍ക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളിലും നമുക്ക് നമ്മെത്തന്നെയോ നമുക്ക് പരിചയമുള്ള ആളുകളെയോ കാണാനാവും. അത്രമാത്രം സാധാരണമാണ് അവര്‍ കടന്നുപോകുന്ന സന്ദര്‍ഭങ്ങള്‍. എന്നാല്‍, അതിന്റെ കാരണം തേടിയുള്ള ചിത്രത്തിന്റെ മന:ശ്ശാസ്ത്രപരമായ അന്വേഷണവും അതിന്റെ കൃത്യതയുമാണ് ചിത്രത്തെ അസാധാരണ തലത്തിലേക്ക് ഉയര്‍ത്തുന്നത്. ദാമ്പത്യത്തില്‍ മാത്രമല്ല, എല്ലാ ബന്ധങ്ങളിലും സ്വന്തം അരക്ഷിതത്വബോധം കൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ധാരാളമുണ്ട്. തന്നെത്തന്നെയും തനിയ്ക്ക് ചുറ്റുമുള്ളവരെയും അറിഞ്ഞുമറിയാതെയും മുറിവേല്‍പിക്കുന്നവര്‍. ബാല്യകാല ട്രോമകള്‍ ഉള്‍പ്പെടെ അതിലേക്ക് നയിക്കുന്ന കാരണങ്ങളെ കുറിച്ച് ഉറക്കെച്ചിന്തിക്കുകയാണ്, ചിന്തിപ്പിക്കുകയാണ് 'ലവബിള്‍'.

സാധാരണവും അതേസമയം സങ്കീര്‍ണവുമായ സന്ദര്‍ഭങ്ങളെ സ്വാഭാവികമായി സ്‌ക്രീനിലെത്തിച്ച ലിലിയയുടെ  സംവിധാന മികവ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മരിയയും സിഗ്മണ്ടും കടന്നുപോയ സന്ദര്‍ഭങ്ങളെ സീനുകളില്‍ മാറ്റങ്ങളൊന്നുമില്ലാതെ തെറാപിസ്റ്റുമായുള്ള സംഭാഷണം പശ്ചാത്തലമാക്കി  പുനരവതരിപ്പിച്ച രീതി മാത്രം മതി ലിലിയ എന്ന സംവിധായികയെ അടയാളപ്പെടുത്താന്‍. മരിയായെത്തിയ ഹെല്‍ഗ ഗ്യുറന്റെ പ്രകടനം അതിനു മുതല്‍ക്കൂട്ടായി. മിക്കവാറും എല്ലാ സീനുകളിലും എത്തുന്ന, പലപ്പോഴും കഥയിലെ പോലെതന്നെ സ്‌ക്രീനിലും തനിച്ചാക്കപ്പെടുന്ന മരിയയായി അവര്‍ തീര്‍ത്തും വിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 

Content Highlights: lovable movie review international film festival of kerala