'ബെംഗളൂരുവിലെ സുഹൃദ്‌സംഘത്തിന്റെ സിനിമ; തുടര്‍ച്ചയായ രണ്ടാംവര്‍ഷവും IFFKയിലെത്തിയ സന്തോഷം'

വെളിച്ചം തേടി ടീം
വെളിച്ചം തേടി ടീം

ഒരുകൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു സിനിമ എടുക്കുന്നു. അതിന് ഐഎഫ്എഫ്‌കെയില്‍ നിറഞ്ഞ കയ്യടികളോടെ പ്രദശര്‍നം. സിനിമ സ്വപ്നം കാണുന്ന ഒരു സംഘത്തിന് ഇതിനപ്പുറം എന്തുവേണം?

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വെളിച്ചം തേടി' എന്ന ചിത്രത്തിന് പിന്നില്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള റിനോഷുന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമയ്ക്ക് ഓര്‍ത്തു വെക്കാന്‍ ഒരു പേര് കൂടിയാണ് ചിത്രം സമ്മാനിക്കുന്നത്. 

കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ ഈ ടീമിന്റെ 'ഫൈവ് ഫസ്റ്റ് ഡേയ്‌സ്' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ചത്. ഇത്തവണയും റിനോഷുന്റെയും സംഘത്തിന്റെയും വരവ് വെറുതെയായില്ല. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ അഭിനേതാക്കള്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

പൂജ ശ്രീനന്‍: തുടര്‍ച്ചയായി രണ്ടാംവര്‍ഷം ഐഇഫ്എഫ്‌കെയില്‍ എത്തുന്നതിന് സന്തോഷമുണ്ട്. 'വെളിച്ചം തേടി'യുടെ തിരക്കഥയാണ് യഥാര്‍ത്ഥ ഹീറോ. തിരക്കഥ അത്രയ്ക്ക് ശക്തമായതു കൊണ്ട് തന്നെ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. കഥാപാത്രത്തിലേക്കെത്താന്‍ വളരെ എളുപ്പമായിരുന്നു.

നോയില ഫ്രാന്‍സിസ്: ഞങ്ങള്‍ തമ്മിലുള്ള സൌഹൃദം സിനിമ ചിത്രീകരണ സമയത്ത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ചിത്രീകരണ സമയത്ത് അഭിനേതാക്കളില്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. അതുകാരണം ചിത്രീകരണം നീണ്ടുപോയി. ചിലര്‍ക്ക് ഡെങ്കി വന്നു. ന്യൂമോണിയ ബാധിച്ചു. എന്നാല്‍ അതിനെയൊക്കെ മറികടന്ന് ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നു. ഇവിടെവെച്ചാണ് ഞങ്ങള്‍ ആദ്യമായി സിനിമ കാണുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു.

സ്മിത പിഷാരടി: ഇതെന്റെ ആദ്യ സിനിമയായിരുന്നു. നേരത്തെ തന്നെ അഭിനയിക്കണമെന്ന് ഉണ്ടായിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. സംവിധായകന്‍ റിനോഷുന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് 'അഭിനയിക്കാം, പക്ഷെ ആദ്യമായതുകൊണ്ട് തന്നെ എന്നെ സഹായിക്കണം' എന്നായിരുന്നു. എന്റെ കഴിവിന്റെ പരമാവധി തന്നെ ചിത്രത്തിന് വേണ്ടി നല്‍കാന്‍ സാധിച്ചിട്ടുണ്ട്. സിനിമ കണ്ടപ്പോള്‍ വളരൂ ഇമോഷണലായി. കഠിനാധ്വാനത്തിന്റെ ഫലമാണിത്.

Content Highlights: iffk 2024 velicham thedi movie team