പൊള്ളുന്ന പ്രമേയമാണെന്ന ചിന്തയില്ലായിരുന്നു, ഈ സിനിമ എന്റെ അതിജീവനം- ഇന്ദു ലക്ഷ്മി

മാനസിക സംഘര്‍ഷങ്ങളും വെല്ലുവിളികളും വിവാദങ്ങളും നിറഞ്ഞൊരു സിനിമ ജീവിതം. തളര്‍ന്നുപോയെന്ന് തോന്നിയപ്പോഴൊക്കെ തിരിച്ചുവരാന്‍ ഇന്ദു ലക്ഷ്മി എന്ന സംവിധായികയെ പ്രേരിപ്പിച്ചതും സിനിമയോടുള്ള അതിയായ അഭിനിവേശം തന്നെ. ഇപ്പോഴിതാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ തന്റെ 'അപ്പുറം' എന്ന ചിത്രം എത്തിച്ചുകൊണ്ട് തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് ഈ സംവിധായിക. ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ജഗദീഷ്, മിനി ഐ.ജി, അനഘ രവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തന്റെ അതിജീവന പോരാട്ടത്തിന്റെ ഭാഗമാണ് ഈ സിനിമ എന്നും സംവിധായിക പറഞ്ഞുവെക്കുന്നുണ്ട്. തന്റെ സിനിമ വിശേഷങ്ങള്‍ ഇന്ദു ലക്ഷ്മി മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു.
അടിച്ചമര്‍ത്തലുകളും വേദനകളും സഹിച്ച കാലം
വളരെ പേഴ്‌സണലായിട്ടുള്ള ഒരു കഥയാണ് അപ്പുറത്തിന്റേത്. 'നിള' എന്ന ചിത്രം കഴിഞ്ഞതിനുശേഷം വല്ലാത്തൊരു അടിച്ചമര്‍ത്തലുണ്ടായിരുന്നു. ഒരുപാട് വേദനകള്‍ നേരിട്ട കാലത്തിലൂടെയാണ് കടന്നുപോയത്. വെളിച്ചമില്ലാത്ത തുരങ്കത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ പ്രതീക്ഷയുടെ ഒരു കിരണം വേണം. അതുതന്നെയാണ് 'അപ്പുറം' എന്ന ചിത്രത്തിന്റെ ചിന്ത. നമ്മളെ അടിച്ചമര്‍ത്തുന്ന അവസരത്തില്‍ നമ്മുടെ ഉണങ്ങാത്ത ഏതെങ്കിലും മുറിവിലേയ്ക്കാകും തിരിച്ചുപോവുക. 'അപ്പുറം' എന്നെ സംബന്ധിച്ച് ഉണങ്ങാത്ത ഒരു മുറിവായി അവശേഷിക്കുന്നുണ്ട്.
അപ്പുറത്തിലെ ജാനകിക്ക് 20 വര്‍ഷത്തിന് ശേഷം ഇപ്പോഴത്തെപ്പോലൊരു അനുഭവം വരികയാണെങ്കില്‍ എങ്ങനെയുണ്ടാകും. അതുപോലെയാണ് ഞാന്‍ ഇപ്പോള്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഒരു സമാനത എനിക്ക് തോന്നിയിട്ടുണ്ട്. അത്തരം ഒരു ചിന്തയില്‍ നിന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥയുണ്ടാകുന്നത്. എന്റെയൊരു ഹീലിങ് പ്രോസസ് ആണ് ഈ സിനിമയെന്ന് പറയാം.
എന്റെ ഉള്ളില്‍ തന്നെ ഉണ്ടായിരുന്ന കഥയാണ് അപ്പുറത്തിന്റേത്. എന്നെങ്കിലും പറയണം എന്ന് ആഗ്രഹിച്ചിരുന്ന സിനിമയാണ്. സര്‍ക്കാരിന്റെ ഭാഗമായി നിള എന്ന ചിത്രം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കെ.എസ്.എഫ്.ഡി.സിയില്‍ നിന്നും ഇത്രയും ദുരനുഭവം നേരിട്ടിട്ടും ആ അഭിമാനത്തിന് കോട്ടം തട്ടിയിട്ടില്ല. ജഗദീഷ് സാറിന്റേത് ശക്തമായ കഥാപാത്രം, മിനി ചേച്ചിയോട് ബഹുമാനം
മിനി ഐ.ജിയോടാണ് അഭിനേതാക്കളില്‍ ആദ്യം കഥ പറയുന്നത്. മിനി ചേച്ചിയും എന്നെപ്പോലെ കെ.എസ്.എഫ്.ഡി.സിയുമായി ചേര്‍ന്ന് സിനിമ ചെയ്ത വ്യക്തിയാണ്. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എനിക്ക് ഒരുപാട് ബഹുമാനമുള്ള ആളാണ്. പരസ്പരം നമ്മുടെ വേദനയും അതിജീവനവും ഒക്കെ കണ്ടിട്ടുണ്ട്. പിന്നീട് അനഘ സിനിമയിലേയ്ക്ക് എത്തി. ഈ കഥാപാത്രം ചെയ്യാന്‍ നന്നായി പെര്‍ഫോം ചെയ്യുന്ന ഒരാള്‍ വേണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. അനഘ നല്ലൊരു നടിയാണ്. ആ കഥാപാത്രത്തിന്റെ ഇമോഷന്‍സ് കൃത്യമായി മനസിലാക്കാന്‍ അനഘയ്ക്ക് സാധിച്ചു.
ചിത്രത്തിലെ ശക്തമായൊരു പുരുഷ കഥാപാത്രമാണ് വേണുവിന്റേത്. ഈ ചിത്രത്തിലെ പുരുഷ കാഴ്ചപ്പാട് കൃത്യമായി കാണിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്ത്രീകള്‍ മാത്രമല്ല ചിത്രത്തില്‍ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്നത്. വേണുവിന്റെ കഥാപാത്രവും മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. വേണുവിന്റെ വൈകാരികത ആണ്‍ എന്ന രീതിയില്‍ പൊട്ടിത്തെറിക്കാനും സാധിക്കില്ല, അടക്കിവെക്കാനും ആകില്ല. അതിന്റെ ഒരു കൃത്യതില്‍ ഈ കഥാപാത്രം ചെയ്യാന്‍ ജ?ഗദീഷ് സാറിനെപ്പോലെ ഒരു സീനിയര്‍ നടന്‍ വേണമെന്നുണ്ടായിരുന്നു. എഴുത്തുകാരന്‍ കൂടിയായ ജ?ഗദീഷ് സാറിന് ആ കഥാപാത്രം കൃത്യമായി മനസ്സിലായി.
പലര്‍ക്കും കാര്യങ്ങള്‍ അറിയില്ലായിരുന്നു, രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനായി
ഞങ്ങള്‍ക്ക് ബഡ്ജറ്റ് കുറവായിരുന്നു. ഛായാഗ്രാഹകന്‍ രാകേഷും ഞാനും ചേര്‍ന്നാണ് പലകാര്യങ്ങളും ആലോചിച്ച് തീരുമാനിച്ചത്. സ്വന്തം നിര്‍മാണം ആയതിനാല്‍ ഷൂട്ടിങ് ദിവസങ്ങള്‍ നിര്‍ണായകമായിരുന്നു. ഷൂട്ട് കോംപ്രമൈസ് ചെയ്യാനോ നീണ്ടുപോകാനോ അനുവദിച്ചില്ല. വേണ്ട ഷോട്ടുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. എന്റെയുള്ളില്‍ ഒരു എഡിറ്റ് നടക്കുന്നുണ്ടായിരുന്നു. മറ്റൊരാളോട് ചര്‍ച്ച ചെയ്യേണ്ടിയില്ലാത്തത് ഗുണം ചെയ്തു.
രാകേഷിനൊഴികെ കൂടെയുള്ള പലര്‍ക്കും നടക്കുന്ന കാര്യത്തില്‍ കൃത്യമായ ധാരണയില്ലായിരുന്നു. ക്ലൈമാക്‌സിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമായിരുന്നു. എത്രപേര്‍ക്ക് ക്ലൈമാക്‌സിനോട് യോജിക്കാനാകും എന്ന് ഉറപ്പില്ലായിരുന്നു. ആരോടും ഒന്നും പറയാന്‍ സമയമില്ലായിരുന്നു.
പൊള്ളുന്ന പ്രമേയമാണെന്ന ചിന്തയില്ലായിരുന്നു, വിവാദം ലക്ഷ്യമല്ല
പൊള്ളുന്ന പ്രമേയം ആണെന്ന ചിന്തയോടെ ചെയ്ത സിനിമയല്ല. ആരെയും മോശമായി കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. വിശ്വാസത്തെക്കുറിച്ചല്ല, അന്ധവിശ്വാസത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. അന്ധവിശ്വാസങ്ങളില്‍ അര്‍ഥമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് ഇത് വേണമെങ്കില്‍ വിവാദമാക്കാമായിരുന്നു. അതിനല്ല ഞാന്‍ ശ്രമിച്ചത്. ഈ പ്രമേയം പറയണമെന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ.