യുക്തിരഹിതമായ ആചാരങ്ങള്‍ക്ക് പിറകെ പോകരുത്, വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പ്- ജഗദീഷ്

ജഗദീഷ് | Photo: Mathrubhumi
ജഗദീഷ് | Photo: Mathrubhumi

തുടരെത്തുടരെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുകയാണ് നടന്‍ ജഗദീഷ്. രാജ്യാന്തര ചലച്ചിത്രമേളയിലും അത്തരത്തിലൊരു വ്യത്യസ്തമായ കഥാപാത്രവുമായി താരം എത്തി, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത 'അപ്പുറം' എന്ന ചിത്രത്തിലൂടെ. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ വേണു എന്ന നിര്‍ണായക കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു. 

ഒരുപാട് ലെയറുകളുള്ള കഥാപാത്രം, എങ്ങനെ ചെയ്ത് ഫലിപ്പിക്കും എന്നതായിരുന്നു ത്രില്‍

ഈ സിനിമയുടെ പ്രമേയം ഇന്ദു ലക്ഷ്മി എന്നോട് പറഞ്ഞപ്പോള്‍ത്തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. വേണു എന്ന കഥാപാത്രവും ഇഷ്ടമായി. ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, ഭാര്യയോടുള്ള സ്‌നേഹം, അവരെ വിട്ടുപിരിയേണ്ടി വരുമോയെന്നുള്ള ടെന്‍ഷന്‍ അങ്ങനെ ഒത്തിരി ലെയറുകളുണ്ട്.

കഥയുടെ ഓരോ സ്റ്റേജിലും കഥാപാത്രത്തിന് വേവ്വേറെ ഇമോഷനുകളുണ്ട്. ആ ഇമോഷന്‍സ് എങ്ങനെ ചെയ്ത് ഫലിപ്പിക്കും എന്നതിലായിരുന്നു എന്റെ ത്രില്‍. സംവിധായികയുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ഈ കഥാപാത്രം ആളുകള്‍ക്ക് ഇഷ്ടമായിട്ടുണ്ടെങ്കില്‍ സംവിധായികയ്ക്ക് ഞാന്‍ അതിന്റെ ക്രെഡിറ്റ് നല്‍കുന്നു. സംവിധായിക മനസ്സില്‍ കണ്ട കഥാപാത്രത്തെ അതുപോലെ ആവിഷ്‌കരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. 

യുക്തിരഹിതമായ ആചാരങ്ങള്‍ക്ക് പിറകെ പോകരുത്

യുക്തിരഹിതമായ ആചാരങ്ങള്‍ക്ക് പിന്നാലെ പോകരുത് എന്നതാണ് എനിക്ക് പറയാനുള്ളത്. ആചാരങ്ങള്‍ക്കെതിരെയുള്ള ചിത്രമാണോ ഇതെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. ആ വിഷയം ചര്‍ച്ച ചെയ്യപ്പെടും എന്ന് ഉറപ്പാണ്. യുക്തിരഹിതമായ ആചാരങ്ങള്‍ക്ക് വിടപറയാം എന്നാണ് ഞാന്‍ കരുതുന്നത്. 

ഞാനൊരു വിശ്വാസിയാണ്. നമുക്ക് വിശ്വാസത്തെ മുറുകെപ്പിടിക്കാം. അതിനപ്പുറത്തേയ്ക്ക് ഏത് മതത്തിലാണെങ്കിലും അവരുടെ സൗകര്യത്തിനനുസരിച്ച് എഴുതിച്ചേര്‍ത്ത ചിലതുണ്ട്. അതാണ് വിവാദങ്ങളുണ്ടാക്കുന്നത്. കാലം മാറുന്നതിനനുസരിച്ച് യുക്തിരഹിതമായ ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തിക്കൂടേയെന്ന് എനിക്ക് തോന്നാറുണ്ട്. ഈ ചിത്രത്തിലും അത് പ്രതിപാദിക്കുന്നുണ്ട്. 

സിനിമയെ എങ്ങനെ വായിച്ചെടുക്കണമെന്ന് പ്രേക്ഷകര്‍ക്ക് അറിയാം

വിനോദത്തെ എങ്ങനെ വായിച്ചെടുക്കാം എന്നത് കണ്‍ഫ്യൂഷനുള്ള കാര്യമാണ്. കൈയടിക്കലും ചിരിക്കലും മാത്രമല്ല സിനിമ കാണല്‍. നിശബ്ദതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരുപാട് ചിത്രങ്ങളുണ്ട്. ഒരു മാസ് മസാല ചിത്രത്തില്‍ നിശബ്ദതയ്ക്ക് ചിലപ്പോള്‍ പ്രാധാന്യം ഉണ്ടാവണമെന്നില്ല. 

ചില സിനിമയെ എങ്ങനെ വായിച്ചെടുക്കണമെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. തട്ടുപൊളിപ്പന്‍ കഥ അവര്‍ അതിന്റേതായ രീതിയില്‍ കാണും. 'അപ്പുറം' കാണാന്‍ വരുന്നവര്‍ ആ രീതിയില്‍ മാനസികമായി തയാറെടുക്കും. അപ്പോള്‍ അയാള്‍ സന്തോഷവാനാകും.

Content Highlights: actor jagdheesh interview appuram movie iffk 2024