ആൺപ്രണയങ്ങളുടെ ആഴക്കാഴ്ചകൾ | Baby Movie Review

'ബേബി'യായി ജ്വാവോ പെഡ്രോ മരിയാനോ. Photo: IFFK Wbsite
'ബേബി'യായി ജ്വാവോ പെഡ്രോ മരിയാനോ. Photo: IFFK Wbsite

ക്വീർ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും പുരുഷൻമാർക്കിടയിലെ പ്രണയവും ​ലൈംഗികതയും പ്രമേയമാക്കുന്ന ചിത്രങ്ങൾ ചലച്ചിത്രമേളകളിൽ പോലും വിരളമാണ്. ആ വിടവിലേക്ക് സ​ധൈര്യം നടന്നുകയറുകയാണ്  ബ്രസീലിയൻ സംവിധായകൻ മാർസെലോ കെയ്റ്റാനോയുടെ 'ബേബി' എന്ന ചിത്രം. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം സാവോപോളോയിലെ അ‌ധോലോക പശ്ചാത്തലത്തിൽ വെല്ലിങ്ടൺ എന്ന കൗമാരക്കാരന്റെ ജീവിതവ്യതിയാനങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.

ദുർഗുണപരിഹാര പാഠശാലയിൽനിന്ന് മോചിതനാകുന്ന വെല്ലിങ്ടണിൽനിന്നാണ് 'ബേബി' ആരംഭിക്കുന്നത്. അ‌ധികൃതർ അ‌വനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ടെങ്കിലും അ‌വന്റെ അ‌ച്ഛനമ്മമാർ ഒരു തെളിവുപോലും അ‌വശേഷിപ്പിക്കാതെ അ‌വിടം വിട്ടിരുന്നു. വെല്ലിങ്ടന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അ‌വർ അ‌വനിൽനിന്ന് ഒളിച്ചോടുകയായിരുന്നു. ധരിച്ചിരുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ലോകത്ത് സ്വന്തമായില്ലാതെ വെല്ലിങ്ടൺ സാവോപോളോയുടെ തെരുവുകളിൽ തനിച്ചാവുകയാണ്. സ്വവർഗാനുരാഗിയായ വെല്ലിങ്ടൺ തന്റെ പഴയ ക്വീർ സുഹൃത്തുക്കളുടെ അ‌ടുത്തെത്തുന്നു. അ‌വർക്കൊപ്പം അ‌ന്ന് രാത്രി സ്വവർഗാനുരാഗികളുടെ ഒരു കേന്ദ്രത്തിലെത്തുന്ന വെല്ലിങ്ടൺ പുരുഷ​ലൈംഗികത്തൊഴിലാളിയായ റൊണാൾഡോയെ പരിചയപ്പെടുന്നു. അ‌തവനെ പുതിയ വഴികളിലേക്ക് നയിക്കുകയാണ്.

ഒരേസമയം ​ലൈംഗികത്തൊഴിലാളിയും റൊണാൾഡോയുടെ കാമുകനുമായാണ് പിന്നീടങ്ങോട്ട് വെല്ലിങ്ടന്റെ യാത്ര. ജീവിതത്തിലും തൊഴിലിലും അ‌വന്റെ മാർഗദർശിയായി മാറുന്നു റൊണാൾഡോ. പതിനെട്ട് വയസ്സുമാത്രം പ്രായമുള്ള വെല്ലിങ്ടന് ഉപഭോക്താക്കളെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. 'ബേബി'യെന്ന അ‌പരനാമത്തിലാണ് അ‌വർക്കിടയിൽ അ‌വൻ സ്ഥാനമുറപ്പിക്കുന്നത്. പലരും അ‌വനെ തേടിയെത്തി. അ‌വരിൽ ചിലരുമായി ​ലൈംഗികതയ്ക്കപ്പുറമുള്ള ​വൈകാരിക ബന്ധം അ‌വനുണ്ടായി. ഇത് ഒരു  പരിധിവ​രെ റൊണാൾഡോയെ അ‌സ്വസ്ഥനാക്കുന്നുമുണ്ട്.

ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി റൊണാൾഡോയും ബേബിയും ​ലൈംഗികത്തൊഴിൽ മുതൽ കൊക്കെയ്ൻ കച്ചവടം വരെ നടത്തുന്നുണ്ട്. അ‌തിനിടെ ഉണ്ടാകുന്ന പ്രതിബന്ധങ്ങൾ അ‌വർക്കിടയിൽ അ‌കൽച്ചയുണ്ടാക്കുന്നു. വെല്ലിങ്ടൺ റൊണാൾഡോയെ വിട്ടുപോവുകയും തിരികെ വരികയും ചെയ്യുന്നു. ഒടുവിൽ അ‌വൻ അ‌യാളോടുള്ള ബന്ധമവസാനിപ്പിച്ച് മടങ്ങുകയാണെങ്കിലും അ‌വർക്കിടയിലെ വികാരവായ്പ് കാലത്തെയും അ‌തിജീവിച്ച് നിലനിൽക്കുന്നതെങ്ങനെയെന്ന് വരച്ചുകാട്ടിയാണ് ചിത്രം അ‌വസാനിക്കുന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ വെല്ലിങ്ടണും റൊണാൾഡോയുമായി അ‌ഭിനേതാക്കളായ ജ്വാവോ പെഡ്രോ മരിയാനോയും റിക്കാർഡോ തിയോഡോറോയും ഉജ്ജ്വലപ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മനുഷ്യബന്ധങ്ങളുടെ അ‌ഗാധതലങ്ങളെ മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്ക്രീനിലെത്തിക്കാൻ ഇരുവർക്കുമായി. 

സ്വവർഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമെന്നതിനപ്പുറം തെരുവിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു കൗമാരക്കാരന്റെ ജീവിതയാത്രയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 'ബേബി'. വെല്ലിങ്ടന്റെ ജീവിതസാഹചര്യങ്ങളെയും എത്തിപ്പെടുന്ന സന്ദർഭങ്ങളോട് അ‌യാളെങ്ങനെ പ്രതികരിക്കുന്നുവെന്നുമൊക്കെ സൂക്ഷ്മമായി നോക്കിക്കാണുകയാണ് സംവിധായകൻ കെയ്റ്റാനോ. അ‌തിനിടെ സ്വാഭാവികമായി കടന്നുവരുന്ന ഒന്നുമാത്രമാണ് സ്വവർഗാനുരാഗം എന്നതാണ് 'ബേബി'യെ മികവുറ്റതാക്കുന്നത്.

Content Highlights: Baby, a Brazilian film follows a gay teen's journey of survival and self-discovery