ഗ്രാമീണർക്കൊപ്പം താമസിച്ചു പഠിച്ചാണ് അങ്കമ്മാളിനെ അവതരിപ്പിച്ചത് - ഗീത കൈലാസം

ഗീത കൈലാസം, തെന്‍ട്രല്‍ രഘുനാഥ്
ഗീത കൈലാസം, തെന്‍ട്രല്‍ രഘുനാഥ്

29-മത് ഐഎഫ്എഫ്കെയിൽ ആദ്യ പ്രദർശനത്തിൽ തന്നെ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നാണ് തമിഴ് ചിത്രം അങ്കമ്മാൾ. മലയാളിയായ വിപിൻ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. അങ്കമ്മാൾ ആയി ചിത്രത്തിൽ കരുത്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഗീതാ കൈലാസം എന്ന അഭിനേത്രിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി അവർ സിനിമാ രംഗത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. 

ചിത്രത്തിൽ അങ്കമ്മാളിനൊപ്പം തന്നെ ചേർത്തു വെയ്ക്കേണ്ട മറ്റൊരു കഥാപാത്രമാണ് തെൻട്രൽ രഘുനാഥിന്റേത്. അങ്കമ്മാളിന്റെ മരുമകളായുള്ള തെൻട്രലിന്റെ അഭിനയം ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. നേരത്തെ സിനിമകളിലും വെബ് സീരീസുകളിലും തെൻട്രൽ വേഷമിട്ടിട്ടുണ്ട്. ഇരുവരും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

'അഞ്ച് വർഷത്തോളമായി സിനിമയിൽ. ഐഎഫ്എഫ്കെയിൽ ഇതാദ്യമായാണ്. ഇത്രയും വലിയ ഓഡിയൻസിന്റെ മുമ്പിൽ കൈയടികളേറ്റുവാങ്ങി സിനിമ കാണുന്നതും ആദ്യത്തെ അനുഭവമാണ്. അങ്കമ്മാൾ കാണാൻ പറ്റിയതിലും പ്രേക്ഷകർ പടം ഏറ്റെടുത്തതിലും ഏറെ സന്തോഷമുണ്ട്. 

അങ്കമ്മാൾ എന്ന ഗ്രാമീണ സ്ത്രീയെ പഠിക്കാൻ ആ ഗ്രാമത്തിൽ ചെന്ന് പഠിക്കുകയായിരുന്നു. ഗ്രാമത്തിലെ ഒരു സ്ത്രീയെ കാണിച്ച് അവരെ പോലുള്ള ക്യാരക്ടറാണ് വേണ്ടത് എന്ന് സംവിധായകൻ പറഞ്ഞു. അതനുസരിച്ചാണ് അങ്കമ്മാൾ എന്ന കഥാപാത്രം ഉണ്ടാകുന്നത്. ആ ഗ്രാമവാസികളോടൊപ്പം ഏറെ നാൾ കഴിഞ്ഞു. അതിലുള്ള അധ്വാനം കൂടിയാണ് സിനിമയിൽ കണ്ടത്'- ഗീതാ കൈലാസം പറഞ്ഞു. 

'ഐഎഫ്എഫ്കെയിൽ അങ്കമ്മാൾ പ്രദർശിപ്പിച്ചു. വളരെ ഏറെ എക്സൈറ്റ്മെന്റിലാണ്. നേരത്തെ ചില സിനിമകളും വെബ് സീരീസുകളും ചെയ്തിരുന്നു. എന്നാൽ ഇത് ആദ്യമായാണ് എന്റെ ഒരു സിനിമ രാജ്യാന്തര ചലച്ചിത്ര മേളയിൽ എത്തുന്നത്. മേളയിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ഏറെ ആസ്വദിച്ചാണ് പ്രേക്ഷകർ സിനിമ കണ്ടത്. സിനിമ കണ്ടതിന് ശേഷമുള്ള ചോദ്യോത്തര വേള മികച്ച അനുഭവമായിരുന്നു, ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തുഷ്ടയാണ്. 

വളരെ പ്രതിസന്ധികൾക്കിടയിലാണ് ചിത്രം പൂർത്തീകരിച്ചത്. കാലാവസ്ഥയും സാമ്പത്തികവും വില്ലനായിരുന്നു. ചിത്രീകരണ സമയത്ത്, മഴക്കാലവും വേനലും ഏറെ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. 

വളരെ ചെറിയ ബജറ്റിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അങ്കമ്മാൾ ഏറ്റെടുത്തുവെന്നറിഞ്ഞതിൽ ഏറെ ന്തോഷം. കഠിനാധ്വാനം ഒരിക്കലും ഫലം കാണാതിരിക്കില്ല' -  തെൻട്രൽ പറഞ്ഞു.

Content Highlights: Angammal, a Tamil film showcased at IFFK, wins hearts