ക്വീർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പ്രതികരണങ്ങളിൽ സന്തോഷം, വിമർശനങ്ങൾക്ക് അതീതമല്ല 'കാതൽ' -ജിയോ ബേബി

ജിയോ ബേബി | ഫോട്ടോ: പ്രവീൺ ദാസ്. എം \ മാതൃഭൂമി
ജിയോ ബേബി | ഫോട്ടോ: പ്രവീൺ ദാസ്. എം \ മാതൃഭൂമി

വിമർശനങ്ങൾക്ക് അതീതമായ ചിത്രമല്ല 'കാതൽ' എന്ന് സംവിധായകൻ ജിയോ ബേബി. ക്വീർ കമ്മ്യൂണിറ്റിയിൽ നിന്നും മികച്ച  പ്രതികരണം ലഭിക്കുന്നത് സന്തോഷം പകരുന്നതാണെന്നും സംവിധായകൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. 28-മത് രാജ്യാന്തര ചലച്ചിത്രമേളയിൽ 'കാതലി'ന്റെ പ്രദർശനത്തിന് എത്തിയതാണ് സംവിധായകൻ. 

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രദർശനത്തിനും തിയേറ്റർ റിലീസിനും ശേഷം രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ കാതലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മണിക്കൂറുകൾ നീണ്ട ക്യൂവാണ് ചിത്രം കാണുന്നതിനായി ഉണ്ടായിരുന്നത്. 

പ്രേക്ഷകരുടെ സ്നേഹം അനുഭവിക്കുന്നു, ഒരുപാട് സന്തോഷം 

'തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച കാതൽ ഐ.എഫ്.എഫ്.കെ യിലും ഫുൾ ആണ്. റിസർവേഷൻ തുടങ്ങിയ ഒരു മിനിറ്റിനുള്ളിൽ ഷോ ഹൗസ് ഫുള്ളായി. ഈ സിനിമയോട് പ്രേക്ഷകർക്കുള്ള സ്നേഹം അനുഭവിക്കുകയാണ്. ഇപ്പോൾ തിയേറ്ററിൽ  ഓടിക്കൊണ്ടിരിക്കുന്ന, ഇനിയും കാണാൻ ഒരുപാട് അവസരമുള്ള ചിത്രം ഐ. എഫ്.എഫ്.കെ വേദിയിൽ കാണാനെത്തുന്നതിൽ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്.

വിമർശനങ്ങൾക്ക് അതീതമല്ല 'കാതൽ' 

ക്വീർ കമ്മ്യൂണിറ്റിയിൽ നിന്നും മികച്ച  പ്രതികരണമാണ് കാതലിന് ലഭിച്ചത്. വളരെ വാലിഡായ വിമർശനങ്ങൾ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിനെയെല്ലാം നമ്മൾ ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. വിമർശനങ്ങൾക്ക് അതീതമായ സിനിമയൊന്നുമല്ല 'കാതൽ'. ക്വീർ കമ്മ്യൂണിറ്റി സിനിമയെ ഗംഭീരമായി ഏറ്റെടുത്തു. അതാണ് ഏറ്റവും വലിയ സന്തോഷം. ഞങ്ങളുടെ സന്തോഷത്തിൽ കേക്ക് ഒക്കെ മുറിച്ച് അവരും പങ്കുചേരുന്നുണ്ട്. നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ പറ്റിയതിൽ സന്തോഷം. ഇതൊരു തുടക്കമാണ്. ഈ ഏരിയയിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ടെങ്കിലും ആളുകൾ കൂടുതലും കണ്ടിട്ടുള്ളത് ഈ സിനിമയാണെന്ന് തോന്നുന്നു. ഇനിയും ഈ ഏരിയയിൽ വരുന്ന ചിത്രങ്ങളെ 'കാതൽ' സ്വാധീനിച്ചേക്കാം. ചിലപ്പോൾ കുറച്ച് കൂടി നന്നാക്കാനോ, ഉള്ള പ്രശ്നങ്ങളെ മറികടക്കാനോ സാധിച്ചേക്കും.

സിനിമ കാഴ്ചപ്പാട് രൂപപ്പെടുത്തിയ ചലച്ചിത്ര മേള 

 2003 തൊട്ട് രാജ്യാന്തര ചലച്ചിത്രമേളയിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ചില കാരണങ്ങൾ കൊണ്ട് ഇടയ്ക്ക് കുറച്ച് തവണ പങ്കെടുക്കാൻ സാധിച്ചില്ലെന്ന് മാത്രം. നമ്മുടെയൊക്കെ സിനിമ കാഴ്ചപ്പാട് രൂപപ്പെടുത്തിയതിലെ വലിയൊരു ഘടകമാണ് ഐ. എഫ്.എഫ്.കെ. നമ്മുടെ സിനിമ ജീവിതത്തെ ബാധിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇപ്പോഴും സിനിമ കാണാൻ ഇവിടെ എത്തുന്നത്. ലോകത്ത് സംഭവിക്കുന്ന മികച്ച സിനിമകൾ കാണാനാണ് വന്നത്. ആ ചിത്രങ്ങൾ ആസ്വദിക്കാനായി കാത്തിരിക്കുന്നു.

Content Highlights: iffk 2023, jeo baby interview, jeo baby about kathal movie response in iffk